Ads 468x60px

Tuesday, September 4, 2012

ഐസ്ക്രീമെന്ന പേരില്‍ വിറ്റഴിക്കുന്നത് ഫ്രോസന്‍ ഡെസേര്‍ട്ട്

ഐസ്ക്രീം എന്ന പേരില്‍ സംസ്ഥാനത്ത് പല കമ്പനികളും വില്‍ക്കുന്നത് ഫ്രോസന്‍ ഡെസേര്‍ട്ടുകള്‍. ഉത്പ്പന്നത്തിന്‍റെ ബ്രാന്‍ഡ് നെയിം മാത്രം നല്‍കിയാണ് ഐസ്ക്രീം കമ്പനികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡയറി ഡിപ്പാര്‍ട്ട്മെന്‍റ് ആരോഗ്യവിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും നടപടികള്‍ ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ഓഫിസും ജില്ലാ ഫുഡ് ഇന്‍സ്പെക്റ്റര്‍മാരും അട്ടിമറിക്കുകയാണെന്ന് ആക്ഷേപം. പാലില്‍ നിന്ന് ക്രീം സെപ്പറേഷന്‍ മെതേഡിലൂടെ വേര്‍തിരിച്ചെടുക്കുന്ന ക്രീം അഥവാ മില്‍ക് ഫാറ്റ് ഉപയോഗിച്ചാണ് ഐസ്ക്രീം നിര്‍മിക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ ഐസ്ക്രീം നിര്‍മിക്കുന്നതു സംബന്ധിച്ച് കൃത്യമായ സ്റ്റാന്‍ഡേഡ് നിര്‍ണയിച്ചിട്ടുണ്ട്. ഇതു പ്രകാരം 10% മില്‍ക്ക് ഫാറ്റും 6% നോണ്‍ ഫാറ്റ് മില്‍ക്ക് സോളിഡും ഐസ്ക്രീമിലുണ്ടാകണം. ഈ അളവില്‍ കുറഞ്ഞാല്‍ അതു ഫ്രോസന്‍ ഡെസേര്‍ട്ടായാണു പരിഗണിക്കുക.

എന്നാല്‍, ഐസ്ക്രീമില്‍ ചേര്‍ക്കാനുള്ള മില്‍ക്ക് ഫാറ്റ് വ്യാപകമായി വേര്‍തിരിക്കുന്നത് മില്‍മ മാത്രമാണ്. ദിനംപ്രതി ലക്ഷക്കണക്കിനു ലിറ്റര്‍ പാല്‍ സംസ്കരിക്കുന്ന മില്‍മയ്ക്കു പോലും ആവശ്യത്തിന് ഐസ്ക്രീം ഉത്പാദിപ്പിക്കാന്‍ മില്‍ക്ക് ഫാറ്റ് തികയാതിരിക്കെയാണ് ഐസ്ക്രീമെന്നു തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ കമ്പനികള്‍ ഫ്രോസന്‍ ഡെസേര്‍ട്ടുകള്‍ വിറ്റഴിക്കുന്നത്. ഐസ്ക്രീം നിര്‍മാണം ചെലവേറിയതും സങ്കീര്‍ണവുമാണ്. എന്നാല്‍, ഫ്രോസന്‍ ഡെസേര്‍ട്ടുകള്‍ കുറഞ്ഞ ചെലവില്‍ ലളിതമായി നിര്‍മിക്കാം. ഇങ്ങനെ കുറഞ്ഞ ചെലവില്‍ വിറ്റഴിക്കുന്നവയാണ് കൂടിയ വിലയ്ക്ക് ഐസ്ക്രീമെന്ന പേരില്‍ വില്‍ക്കുന്നത്. പല കമ്പനികളും മില്‍ക് ക്രീമിനു പകരം മൃഗക്കൊഴുപ്പുകളോ വെജിറ്റബിള്‍ ഫാറ്റോ ആണ് ഉപയോഗിക്കപ്പെടുന്നതെന്നാണ് ക്ഷീരവികസന വകുപ്പ് അധികൃതര്‍ പറയുന്നത്. സംസ്ഥാനത്തെ കമ്പനികള്‍ ഐസ്ക്രീമെന്ന പേരിലല്ല വില്‍പ്പന നടത്തുന്നതെന്നും, ജനങ്ങളുടെ അവബോധമില്ലായ്മയാണ് തെറ്റിദ്ധാരണയ്ക്കു കാരണമെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍. ഐസ്ക്രീം എന്ന പേര് പായ്ക്കറ്റില്‍ പ്രിന്‍റ് ചെയ്യാത്തിടത്തോളം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.

No comments:

Post a Comment