Ads 468x60px

Sunday, August 30, 2015

പരിശോധനകള്‍ തുടര്‍ന്നാല്‍ വിഷമില്ലാത്ത പച്ചക്കറി കഴിക്കാനാകും; കേരളം ജൈവകൃഷിയിലേക്കു മാറുന്നു; ഭീഷണി കേട്ടു വിഷക്കറിയോട് ഒത്തുതീര്‍പ്പിനില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ

Anupamaഓണമായാലും അല്ലെങ്കിലും മലയാളിക്കു പച്ചക്കറി കൂടാതെ വിശപ്പകറ്റാനാകില്ല. കേരളത്തിലെ പച്ചക്കറി ഉല്‍പാദനമാണെങ്കില്‍ കണക്കിലെടുക്കാന്‍ പോലുമില്ലാത്ത തരത്തില്‍ കുറവും. അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കടന്നു ലോറികള്‍ പച്ചക്കറിയുമായി എത്തിയില്ലെങ്കില്‍ മലയാളി പട്ടിണി കിടക്കുമെന്നു ചുരുക്കം. വിഷമാണ് കഴിക്കുന്നതെന്നു കാലങ്ങളായി പറയാറുണ്ടായിരുന്നു. തികഞ്ഞബോധത്തോടെയാണെങ്കിലും അറിഞ്ഞുകൊണ്ടുതന്നെ മലയാളി ഇതൊക്കെ കഴിച്ചു പോന്നു. വിശപ്പായിരുന്നുപ്രശ്‌നം. ആരും ഇതു പരിഹരിക്കാനും വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കാനും ശ്രമിച്ചില്ലെന്നു പറയുന്നതാകും ശരി. ഒടുവില്‍ അതു സംഭവിച്ചു, കേരളത്തിലെ യുവ ഐഎഎസ് ഓഫീസര്‍ ടി വി അനുപമയായിരുന്നു മലയാളിയുടെ ഭക്ഷണ ശീലങ്ങളില്‍നിന്ന് കീടനാശിനിയുടെ വിഷരുചികള്‍ ഒഴിവാക്കാന്‍ മുന്‍കൈയെടുത്തത്.
ശ്രമങ്ങള്‍ ആരംഭിച്ചതോടെ അനുപമയെ ഭീഷണിപ്പെടുത്തി നാട്ടില്‍നിന്നും പുറത്തുനിന്നും ആളുകളെത്തി. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പച്ചക്കറിയില്‍ അനുവദനീയമായതിലും അഞ്ചു മുതല്‍ പത്തിരട്ടി വരെ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ അനുപമ പരസ്യമായി പറഞ്ഞതാണ് കാരണം. എന്നാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ വാദം ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിസാമ്പിളുകള്‍ പരിശോധിക്കുവാന്‍ നിയുക്തമായ സമിതിക്ക് നേതൃത്വം നല്‍കിയ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. തോമസ് ബിജു മാത്യു അഭിപ്രായപ്പെട്ടതോടെ ചര്‍ച്ചയ്ക്കു ചൂടുപിടിച്ചു. ഈ വാദം ഏറ്റുപിടിച്ചുകൊണ്ട് കേരള ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രസ്താവന തെറ്റും അശാസ്ത്രീയവുമാണെന്ന വാദവുമായി കീടനാശിനി ഉത്പാദകരുടെ സംഘടനായായ ക്രോപ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അനുപമയ്ക്കു നോട്ടീസ് അയക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ  ടി വി അനുപമയുമായി കൈരളി ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം.
തമിഴ്‌നാട്ടിലെ പച്ചക്കറിപ്പാടങ്ങളില്‍ അളവില്‍ കൂടുതല്‍ കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്നു നാം കേട്ടിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി നടപടിയെടുക്കാന്‍ തയാറായത് അനുപമയാണ്. എന്തായിരുന്നു പ്രചോദനം?
ഭക്ഷ്യസുരക്ഷ കമ്മീഷന്റെ മാത്രം പ്രവര്‍ത്തനം എന്നതിനെ വിളിക്കുവാന്‍ കഴിയുകയില്ല. കഴിഞ്ഞ നവംബറിലും ഏപ്രില്‍ അവസാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു യോഗം നടത്തി. ആ യോഗത്തിലാണ് ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനമെടുത്തത്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് പച്ചക്കറി. കൃഷിക്കാരന്‍ അതിന്റെ കീഴില്‍ വരില്ലെങ്കിലും പച്ചക്കറി ഈ വകുപ്പിന്റെ കീഴില്‍ വരുന്നു. തുടര്‍ന്നാണ് നടപടികള്‍ സ്വീരിച്ചുതുടങ്ങിയത്.
എങ്ങനെയായിരുന്നു നടപടികള്‍?
മുമ്പ് പച്ചക്കറികള്‍ സ്ഥിരമായി സാമ്പിള്‍ എടുത്ത് പരിശോധിക്കാറില്ല. ഇതായിരുന്നു ആദ്യം ചെയ്തത്. മറ്റു സ്‌ക്വാഡ് വര്‍ക്കുകളുടെ കൂടെ പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിക്കുന്നുണ്ട്. വിപണിയില്‍നിന്നും ചെക്ക്‌പോസ്റ്റില്‍നിന്നും സാമ്പിള്‍ എടുക്കാന്‍ തുടങ്ങി. ഈ നടപടികള്‍, കീടനാശിനി പ്രയോഗം പരിധി വിടുന്നതു തടയുവാന്‍ സഹായിക്കുന്നുണ്ട്. കൃത്യമായി സാമ്പിള്‍ എടുത്ത് നടപടികള്‍ സ്വീകരിക്കുന്നതിലൂടെ വ്യാപാരികളും കൂടുതല്‍ ജാഗ്രതയിലായി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കീഴില്‍ മൂന്നു ലാബുകളാണുള്ളത്. പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇവിടെ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുകയാണ് ഇപ്പോള്‍. ഭക്ഷ്യസുരക്ഷാ വകുപ്പ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തയക്കുകയും ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പച്ചക്കറി കയറ്റുമതിയെക്കുറിച്ച് പഠനം നടത്താന്‍ കേരളത്തില്‍നിന്ന് ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണര്‍, റിസേര്‍ച്ച് ഓഫീസര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരടങ്ങിയ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ പരിശോധന നടത്തുന്നുണ്ടെന്നാണ് കണ്ടെത്താന്‍ സാധിച്ചത്. തമിഴ്‌നാട്ടില്‍ നിന്നു മാത്രമല്ല പച്ചക്കറികള്‍ കേരളത്തിലെത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറികള്‍ എത്തുന്നുണ്ട്. അവര്‍ തന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്തു.
അനുപമയുടെ ശ്രമങ്ങള്‍ ചിലരുടെ ഉറക്കം കെടുത്തിയെന്നു വ്യക്തമാക്കുന്നതായിരുന്നു പിന്നീടുണ്ടായ പല കാര്യങ്ങളും. വിഷമുക്ത പച്ചക്കറിക്കായുള്ള ശ്രമങ്ങളില്‍നിന്നു പിന്‍മാറാന്‍ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയിരുന്നോ?
മൂന്നു മാസമായി നിരവധി വക്കീല്‍ നോട്ടീസുകള്‍, കൃഷിക്കാരുടെയും കര്‍ഷക ഏജന്‍സികളുടെയും കത്തുകള്‍, ഭീഷണിക്കകത്തുകള്‍ എന്നിവ വന്നിരുന്നു. വക്കീല്‍ നോട്ടീസുകള്‍ക്ക് കൃത്യമായ രീതിയില്‍ മറുപടി നല്‍കിയിരുന്നു. ബാക്കി കത്തുകള്‍ ശ്രദ്ധിക്കാതെ വിടുകയാണ് ചെയ്തത്. പത്ത് പതിനഞ്ചോളം കത്തുകളാണ് തമിഴ്‌നാട്, മുംബൈ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥലങ്ങളില്‍നിന്നു വന്നത്. വാഗ്ദാനങ്ങളൊന്നും വന്നിരുന്നില്ല. കാരണം അവര്‍ നേരിട്ട് സംസാരിച്ചിട്ടില്ലായിരുന്നു. വക്കീല്‍ നോട്ടീസും പരാതികളും കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്ങിനും ചീഫ് സെക്രട്ടറിക്കും മേല്‍ ഉദ്യോഗസ്ഥര്‍ക്കും അയച്ചുകൊടുത്തു.
ആരായിരുന്നു വിവാദത്തിന് തുടക്കം കുറിച്ചത്?
ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയായിരുന്നു. രാജ്യത്തെ കീടനാശിനി ഉല്‍പാദകരുടെ സംഘടനയാണ് ഇത്.
അനുപമയുടെ നേതൃത്വത്തില്‍ എങ്ങനെയായിരുന്നു ഈ എതിര്‍പ്പുകളോടുള്ള പ്രതികരണം?
ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വേണ്ടി എടുക്കുന്ന തീരുമാനമാണ്. അതുകൊണ്ട് തന്നെ കീടനാശിനി കമ്പനിയ്ക്ക് അതിനെ ചോദ്യം ചെയ്യാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു മറുപടി നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കീഴില്‍ സുരക്ഷിതമായി ചെയ്യുന്ന ജോലിയാണ്. അതുകൊണ്ടു തന്നെ അങ്ങനെ ഒരു കേസിന്റെ പേരില്‍ ചോദ്യം ചെയ്യാനാകില്ല എന്ന മറുപടിയാണ് നല്‍കിയത്. പക്ഷേ അത് സ്വീകാര്യമല്ല എന്ന് ചൂണ്ടിക്കാട്ടി അവര്‍ വീണ്ടും വക്കീല്‍ നോട്ടീസ് അയച്ചു.
കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. തോമസ് ബിജു എന്തുകൊണ്ടാണ് താങ്കള്‍ക്കെതിരായ നിലപാട് സ്വീകരിച്ചത്?
തോമസ് ബിജു എനിക്ക് എതിരായ ഒരു നിലപാട് സ്വീകരിച്ചെന്ന് തോന്നുന്നില്ല, കാരണം കാര്‍ഷിക സര്‍വകലാശാലയിലാണ് പല പരിശോധനയും നടത്തുന്നത്. കൊടുക്കുന്ന പച്ചക്കറിയുടെ ഫലം തരിക എന്നത് മാത്രമാണ് കാര്‍ഷിക സര്‍വകലാശാലയുടെ ചുമതല. ഗവേഷണം നടത്തുക എന്നത് മാത്രമാണ് അവരുടെ ചുമതല. അല്ലാതെ അഭിപ്രായപ്രകടനം നടത്തലല്ല. ഞങ്ങള്‍ കൊടുത്ത സാമ്പിളുകളില്‍ പഠനം നടത്തി ഫലം കൃത്യമായി ലഭിച്ചിരുന്നു.
ഇപ്പോഴും പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണല്ലോ. ഇപ്പോഴത്തെ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു?
പ്രധാനമായും രണ്ടുതരത്തിലാണ് സാമ്പിളുകള്‍ എടുക്കുന്നത്. ചെക്ക്‌പോസ്റ്റില്‍നിന്നും കേരളത്തിന് അകത്തുനിന്നും. കേരളത്തില്‍ നിന്നുള്ളതില്‍ കീടനാശിനി പ്രയോഗം വളരെ അധികം കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ കര്‍ഷകരെല്ലാം ജൈവകൃഷിയിലേക്ക് മാറുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നതില്‍ കഴിഞ്ഞ ഒരു മാസമായി വലിയ മാറ്റമാണ് കാണുന്നത്. ഭക്ഷ്യസുരക്ഷാ ആക്ടിന്റെ കീഴില്‍ പരിധി നിശ്്ചയിക്കാത്ത ചില കീടനാശിനികള്‍ പരിശോധനയില്‍ കാണാം. ഈ പ്രവണത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇത്തരം കീടനാശിനികളുടെ അളവില്‍ പരിധി നിശ്ചയിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് കാലതാമസം എടുക്കും. കാരണം തമിഴ്‌നാട്ടില്‍ മുന്‍പ് പച്ചക്കറിയോ പഴങ്ങളോ വ്യാപാരം നടത്തുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ ആക്ടിന്റെ ലൈസന്‍സോ റജിസ്‌ട്രേഷനോ വേണ്ടതില്ലായിരുന്നു. പക്ഷേ, നമ്മള്‍ കേരളത്തില്‍ ഇവിടെ തുടങ്ങിയപ്പോള്‍ അവിടെയും അത്തരം മാറ്റം വരുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ കീടനാശിനി പ്രയോഗം പരിശോധിച്ച് കേസെടുക്കുമ്പോള്‍ അതിന് വളരെ അധികം സഹായിക്കും.
ഭാവി നടപടികള്‍ എന്തൊക്കെയാണ്?
ഇപ്പോള്‍ ചെയ്തിരിക്കുന്നത് ബോധവത്ക്കരണം നടത്തുക എന്നാണ്. മൂന്നു ലാബുകളിലും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുണ്ട്. അവര്‍ സാക്ഷ്യപ്പെടുത്തിയ ഫലം പുറത്തു വരണം. അതിനു ശേഷം മാത്രമേ പ്രശ്‌നം കോടതിയിലേക്കെത്തിക്കാനാവൂ. കൂടുതല്‍ സാമ്പിളുകള്‍ വേഗത്തില്‍ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബുകളില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. എറണാകുളത്തുനിന്നും എടുക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്ത് എത്തിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളം തിരുവനന്തപുരം ലാബുകളിലേക്ക് കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങി. ഇവ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം കഴിഞ്ഞു. ഇപ്പോള്‍ ഈ ലാബുകളുടെ പരീക്ഷണടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഉടന്‍ തന്നെ ലാബില്‍ ടെസ്റ്റ് ചെയ്യാന്‍ തുടങ്ങും. കോഴിക്കോട് ഈ വര്‍ഷം ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള ടെണ്ടറും മറ്റു നടപടിക്രമങ്ങളും ആരംഭിച്ചുതുടങ്ങി. കുറച്ചുകൂടെ സാമ്പിളുകള്‍ എടുക്കാനും പരിശോധന നടത്താനുമാകും. പരിശോധന നടത്തിയ ശേഷം നടപടികള്‍ എടുക്കുമ്പോള്‍ വളരെ വലിയ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.