കൊല്ലം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തില്‍ ആല്‍ക്കഹോളിന്റെ അളവ്
നിയന്ത്രണവിധേയമാക്കാനും നിജപ്പെടുത്താനും നീക്കം. മദ്യങ്ങളുടെ
പട്ടികയില്‍പ്പെടുന്ന വൈന്‍, ബിയര്‍ എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമാവും.
ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു നടപടിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ
(എഫ്.എസ്.എസ്.എ.ഐ.) വിദേശമദ്യ നിലവാരം സംബന്ധിച്ച കരട് നിര്‍ദ്ദേശത്തിന്
അന്തിമരൂപം നല്‍കിക്കഴിഞ്ഞു. വിസ്‌കി, റം, ജിന്‍, വോഡ്ക, വൈന്‍, ബിയര്‍
തുടങ്ങി എല്ലാ വിഭാഗത്തിലുംപ്പെടുന്ന മദ്യങ്ങളില്‍ പരമാവധി ഉപയോഗിക്കാവുന്ന
ആള്‍ക്കഹോളിന്റെ അളവാണ് ഇതുവഴി നിജപ്പെടുത്തുന്നത്. ഓരോയിനം
മദ്യത്തിന്റെയും സുരക്ഷാനിലവാരം അനുസരിച്ചായിരിക്കും ആല്‍ക്കഹോളിന്റെയും
മറ്റ് ചേരുവകളുടെയും അളവും ഗുണനിലവാരവും നിര്‍ണയിക്കുക. മദ്യത്തില്‍ ആല്‍ക്കഹോളിന്റെ അളവ് സുരക്ഷിതവും അനുവദനീയവുമായ തോത്
എത്രയെന്ന് ഇതേവരെ നിയമംമൂലം ഇന്ത്യയില്‍ നിശ്ചയിക്കപ്പെട്ടിരുന്നില്ല.
നിയമം പ്രാബല്യത്തിലാവുമ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച്, ഇവിടെ വില്പന
നടത്തുന്ന എല്ലാ ബ്രാന്‍ഡഡ് മദ്യങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.
ഓരോയിനം മദ്യത്തിനും ചേര്‍ക്കുന്ന ആല്‍ക്കഹോള്‍, ധാന്യം, വെള്ളം തുടങ്ങിയ
ചേരുവകളുടെ അളവും നിലവാരവും ഇനിമുതല്‍ എഫ്.എസ്.എസ്.എ.ഐ. രൂപം നല്‍കിയ
ഭക്ഷ്യനിലവാര കരട് നിര്‍ദ്ദേശപ്രകാരമായിരിക്കും. അതോറിറ്റിയുടെ സയന്റിഫിക്
കമ്മിറ്റി ഈ കരട് നിര്‍ദ്ദേശങ്ങള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ജൂലായ്
ഒന്നിന് ചേരുന്ന അതോറിറ്റിയുടെ പൂര്‍ണയോഗം കരടിന് അവസാന അനുമതി
നല്‍കുമെന്നാണ് കരുതുന്നത്. അതോറിറ്റിയുടെ അനുമതി നേടിക്കഴിഞ്ഞാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളുടെ
അഭിപ്രായങ്ങള്‍ അറിയാന്‍ സമര്‍പ്പിക്കും. ഇന്ത്യയില്‍ നിര്‍മിക്കുന്ന
വിദേശമദ്യങ്ങള്‍ ഭക്ഷ്യസുരക്ഷാക്രമം പാലിച്ച് ഉത്പാദിപ്പിക്കാന്‍
തുടങ്ങിയാല്‍ ഈ വ്യവസായം കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുമെന്നാണ് അതോറിറ്റി
വിലയിരുത്തുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മുഖ്യവരുമാന
മാര്‍ഗ്ഗങ്ങളിലൊന്ന് മദ്യത്തില്‍നിന്നാണ്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 10
ബില്യണ്‍ കോടി രൂപയുടെ മദ്യവില്പന നടക്കുന്നുണ്ട്. കേരളത്തില്‍ മാത്രം
കഴിഞ്ഞ സാമ്പത്തികവര്‍ഷം 7000 കോടി രൂപയ്ക്ക് മേലാകുന്നൂ മദ്യവില്പന.
വിസ്‌കി, റം, ജിന്‍, വോഡ്ക തുടങ്ങിയ മദ്യങ്ങളില്‍ ഇന്ത്യയില്‍ ഇപ്പോള്‍
അനുവദനീയമായ ആല്‍ക്കഹോളിന്റെ പരമാവധി അളവ് 45.5 ശതമാനമാണ്. വൈനില്‍ ഇത് 12
ശതമാനവും ബിയറില്‍ 8 ശതമാനവും. എന്നാല്‍, 15ഉം 20ഉം ശതമാനംവരെ ആല്‍ക്കഹോള്‍
കലര്‍ത്തി ബിയറുകള്‍ ഇന്ത്യന്‍ വിപണിയില്‍ സുലഭമാണ്. അതുപോലെ മറ്റു
മദ്യങ്ങളിലും നിര്‍മാതാക്കളുടെ ഇഷ്ടപ്രകാരം ആല്‍ക്കഹോള്‍ കലര്‍ത്തിയാണ്
ഉത്പാദനം നടക്കുന്നത്. മദ്യവിപണിയിലെ മത്സരമാണ് ഇതിന് കാരണമാകുന്നത്.
ഇതേസമയം, മദ്യനിര്‍മാതാക്കള്‍ പുതിയ നിയമത്തെ അനുകൂലിക്കാന്‍
സാധ്യതയില്ലെന്നാണ് സൂചന. എഫ്.എസ്.എസ്.എ.ഐ.യ്ക്ക് മദ്യനിര്‍മാണവുമായി
ബന്ധപ്പെട്ട് നിയമം കൊണ്ടുവരാന്‍ അധികാരമില്ലെന്നാണ് ബ്രാന്‍ഡഡ് മദ്യ
നിര്‍മാതാക്കളുടെ വാദം. മദ്യനിര്‍മിതിയും വില്പനയുമായി ബന്ധപ്പെട്ട
നിയമങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് ആവഷ്‌കരിച്ചു നടപ്പാക്കേണ്ടതെന്ന്
മദ്യനിര്‍മാതാക്കള്‍ പറയുന്നു.
എഫ്.എസ്.എസ്.എ.ഐ.യുടെ നീക്കത്തിനെതിരെ മദ്യനിര്‍മാതാക്കളുടെ കൂട്ടായ്മയായ
'കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ്' മുംബൈ
ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു.
Source:http://www.mathrubhumi.com