ഭക്ഷണത്തിലും ഭക്ഷ്യവസ്തുക്കളിലും മായം ചേര്‍ക്കുന്നതും അത് വില്‍ക്കുന്നതും പുതിയസംഭവമല്ല. പ്രാചീനകാലം മുതല്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ സമൂഹത്തില്‍ നിലനിന്നിരുന്നുവെന്ന് റോമന്‍ ഇതിഹാസങ്ങളില്‍ പറയുന്നുണ്ട്. മദ്യത്തിലും അനുബന്ധ പാനീയങ്ങളിലും മായം ചേര്‍ക്കുന്നവരെപ്പറ്റിയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. മദ്യം നിര്‍മിക്കുന്നവരും ഇറച്ചിവെട്ടുകാരും മായം ചേര്‍ക്കുന്നത് തടഞ്ഞുകൊണ്ട് 13-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിയമമുണ്ടായിരുന്നു. പക്ഷേ, ഇത് പ്രാവര്‍ത്തികമായില്ല. 1860-ലാണ് ബ്രിട്ടനില്‍ ഇതിനെതിരെ പൊതുനിയമം വന്നത്. നമ്മുടെ കേരളത്തില്‍ മായം ചേര്‍ക്കല്‍ നിരോധന നിയമം പ്രാബല്യത്തിലെത്തിയത് 1954-ലാണ്.
ശീതളപാനീയങ്ങളില്‍ കീടനാശിനി, നെയ്യില്‍ മൃഗക്കൊഴുപ്പ്, വെളിച്ചെണ്ണയില്‍ പാരഫിന്‍ ഓയില്‍, പഴച്ചാറിലും ഭക്ഷ്യഎണ്ണയിലും ഭക്ഷ്യയോഗ്യമല്ലാത്ത ചായങ്ങള്‍, ഉഴുന്നുപരിപ്പില്‍ ടാല്‍ക്, മുളകുപൊടിയില്‍ സുഡാന്‍ എന്ന രാസവസ്തു, മിഠായികളിലും കേക്കിലും വസ്ത്രത്തിലടിക്കുന്ന ചായം, മാങ്ങയില്‍ കാല്‍സ്യംകാര്‍ബൈഡ്... മായം ചേര്‍ക്കലിന്റെ പട്ടിക നീളുന്നു.
എന്താണ് മായം ചേര്‍ക്കല്‍?
വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഗുണനിലവാരം കുറഞ്ഞ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതും അവയില്‍നിന്ന് ഗുണമേന്മയുള്ള ഘടകപദാര്‍ഥങ്ങള്‍ നീക്കംചെയ്യുന്നതും മായംചേര്‍ക്കലിന്റെ പരിധിയില്‍ വരുന്നു. രണ്ടുവിധത്തിലായാലും അത് ഭക്ഷ്യവസ്തുവിന്റെ ഗുണത്തെ ബാധിക്കും. ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍ ചേര്‍ക്കുന്നതും പാലില്‍നിന്ന് ഘടകവസ്തുക്കള്‍ നീക്കുന്നതും ഇക്കാരണത്താല്‍ മായംചേര്‍ക്കലാണ്.
ഏതൊക്കെ ഭക്ഷ്യവസ്തുക്കളില്‍?
ധാന്യങ്ങള്‍, പാല്‍, എണ്ണകള്‍, തയ്യാറാക്കിയ ഭക്ഷണം, കുപ്പിവെള്ളം, ശീതളപാനീയങ്ങള്‍, പഴങ്ങള്‍, പഴച്ചാറുകള്‍, മത്സ്യം, ഇറച്ചി തുടങ്ങി ഏതാണ്ടെല്ലാ ഭക്ഷണവസ്തുക്കളിലും മായം കലരുന്നുണ്ട്. ചില പദാര്‍ഥങ്ങള്‍ അനുവദനീയമായ പരിധിയില്‍ ചേര്‍ക്കുന്നതിന് വിലക്കില്ല. എന്നാല്‍ ഇതിന്റെ മറവില്‍ ലാഭേച്ഛ മുന്‍നിര്‍ത്തി അമിതമായ തോതില്‍ നിറങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ചേര്‍ത്ത് സാധനങ്ങള്‍ വില്‍ക്കുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം വസ്തുക്കള്‍ അമിതമായി ശരീരത്തിനകത്ത് പ്രവേശിക്കുന്നത് പലവിധ അസുഖങ്ങള്‍ക്കും ബുദ്ധിമാന്ദ്യം, മുരടിപ്പ്, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു.
മായം ചേര്‍ക്കുന്നതെന്തിന്?
ലാഭമോഹമാണ് മായം ചേര്‍ക്കലിന് പ്രേരണ നല്‍കുന്ന പ്രധാന ഘടകം. പഴകിയ വസ്തുക്കള്‍ നിറം ചേര്‍ത്ത് പുതിയവയെന്ന് തോന്നിപ്പിച്ച് വില്‍ക്കുക, എളുപ്പം കേടുവരുന്ന ഭക്ഷ്യവസ്തുവില്‍ രാസപദാര്‍ഥം ചേര്‍ത്ത് അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടുക, ഭക്ഷണത്തിന് കൃത്രിമമായ രുചി നല്‍കാനായി രാസവസ്തുക്കള്‍ ചേര്‍ക്കുക തുടങ്ങിയവയൊക്കെ ലാഭമോഹത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്ന പ്രവൃത്തികളാണ്.
Source: mathrubhumi.com