Ads 468x60px

Thursday, September 18, 2014

വിരമിച്ച ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരെ വീണ്ടും നിയമിക്കുന്നു

തൊടുപുഴ: സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണറേറ്റിന് കീഴിലെ സര്‍ക്കിളുകളില്‍ വിരമിച്ച ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരെ വീണ്ടും നിയമിക്കുന്നു. വേണ്ടത്ര ഓഫിസര്‍മാര്‍ ഇല്ലാത്തതിനാല്‍ സര്‍ക്കിളുകള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാനെന്ന പേരിലാണ് വിരമിച്ചവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനൊരുങ്ങുന്നത്. ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരെ ഉടന്‍ പി.എസ്.സി വഴി നിയമിക്കുമെന്ന കമീഷണറേറ്റിന്‍െറ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം.
സംസ്ഥാനത്ത് നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള 140 സര്‍ക്കിളുകളില്‍ പകുതിയെണ്ണത്തിലും ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരില്ല. നിലവിലുള്ളവര്‍ക്ക് അധികച്ചുമതല നല്‍കിയാണ് സര്‍ക്കിളുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ആവശ്യത്തിന് ഓഫിസര്‍മാരില്ലാത്തതിനാല്‍ ഉള്ളവര്‍ കൂടുതല്‍ ജോലി ചെയ്യേണ്ട അവസ്ഥയാണ്. വകുപ്പ് നടത്തുന്ന പരിശോധനകളെയും മറ്റും ഇത് ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം സര്‍ക്കിളുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ടും പി.എസ്.സി വഴി നിയമനത്തിന് നടപടി എങ്ങുമത്തെിയില്ല.
ഇതിനിടെ, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരെ പിന്‍വാതിലിലൂടെ നിയമിക്കാന്‍ ഉന്നതതലത്തില്‍ നീക്കമുണ്ടായി. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് എം.എസ്സി കെമിസ്ട്രി യോഗ്യതയുള്ളവരെ ലക്ഷങ്ങള്‍ ചെലവഴിച്ച് ആറുമാസത്തെ പരിശീലനം നല്‍കി നിയമിക്കാനുള്ള നീക്കം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദമായതോടെ നീക്കം ഉപേക്ഷിച്ചു.
ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനനടപടി ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷ കമീഷണര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും പി.എസ്.സി വഴി നിയമനത്തിന് നടപടി ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായി വിരമിച്ചവരെ വീണ്ടും നിയമിക്കാന്‍ കഴിഞ്ഞമാസം 27ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആറ് മാസത്തേക്ക് അല്ളെങ്കില്‍ പി.എസ്.സി വഴി നിയമനം ലഭിക്കുന്നവര്‍ ജോലിയില്‍ ചേരുന്നതുവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനാണ് ഭക്ഷ്യസുരക്ഷ കമീഷണറോട് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷ മേഖലയില്‍ ജോലി ലക്ഷ്യമിട്ട് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നൂറുകണക്കിന് യുവാക്കള്‍ വര്‍ഷങ്ങളായി പി.എസ്.സി നിയമനം കാത്തിരിക്കുമ്പോഴാണിത്. ഫുഡ് സേഫ്റ്റി ഓഫിസറുടെ യോഗ്യതകളും നിയമനരീതിയും സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും അവ പരിഹരിച്ചാലെ പി.എസ്.സി വഴി നിയമനം നടത്താനാകൂ എന്നുമാണ് കമീഷണറേറ്റിന്‍െറ നിലപാട്. എന്നാല്‍, ചിലരുടെ താല്‍പര്യപ്രകാരം നിയമനനടപടി നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
Source:http://www.madhyamam.com

Saturday, September 13, 2014

ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നിര്‍ത്തി; വ്യാജവെളിച്ചെണ്ണ ഒഴുകുന്നു

പാലക്കാട്: മായം കലര്‍ത്തിയ വെളിച്ചെണ്ണ പിടികൂടാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അതിര്‍ത്തിയില്‍ നടത്തിയിരുന്ന പരിശോധന നിര്‍ത്തി. ഇതോടെ, തമിഴ്‌നാട്ടില്‍നിന്ന് വ്യാജ വെളിച്ചെണ്ണക്കടത്ത് വ്യപകമായി. തമിഴ്‌നാട്ടില്‍നിന്ന് മീനാക്ഷിപുരം ചെക്‌പോസ്റ്റ്വഴിയാണ് കേരളത്തിലേക്ക് വെളിച്ചെണ്ണ എത്തുന്നത്. ഇവിടെ നടത്തിയിരുന്ന പരിശോധനയാണ് കഴിഞ്ഞ ശനിയാഴ്ച നിര്‍ത്തിയത്. മായംകലര്‍ന്ന വെളിച്ചെണ്ണ പിടികൂടാന്‍ ഓണക്കാലത്തുപോലും കഴിഞ്ഞില്ലെന്ന കാരണത്താലാണ് പരിശോധന നിര്‍ത്തിയതെന്ന് പറയുന്നു.
അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പരിശോധയില്ലെന്നറിഞ്ഞ് അവസരം മുതലെടുക്കുകയാണ് അന്യസംസ്ഥാന എണ്ണക്കള്ളക്കടത്തുകാര്‍. ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന വ്യാജവെളിച്ചെണ്ണ ടാങ്കര്‍ലോറികളിലാണ് പാലക്കാടുവഴി കേരളത്തിലെത്തിക്കുന്നത്. കേരളത്തില്‍ വെളിച്ചെണ്ണയുടെ വന്‍ ഉപഭോഗവും വിലക്കയറ്റവുമാണ് കള്ളക്കടത്തുകാര്‍ മുതലെടുക്കുന്നത്.
കേരഫെഡിന്റെ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 202 രൂപയുണ്ട് വിപണിയില്‍. സപ്ലൈകോയുടെ വില്പനകേന്ദ്രങ്ങളില്‍ സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണയുടെ വില 186 രൂപയും. പൊതു വിപണിയില്‍ ശരാശരി വില 200 രൂപയാണ് ലിറ്ററിന്. മലേഷ്യയില്‍നിന്ന് ഇറക്കുമതിചെയ്ത് കിട്ടുന്ന പാം കര്‍ണല്‍ ഓയിലാണ് വെളിച്ചെണ്ണയാക്കിമാറ്റി വിപണിയിലെത്തിക്കുന്നത്. ഇത് വ്യാജ വെളിച്ചെണ്ണയാക്കുന്നതിന് തൂത്തുക്കുടി, ചെന്നൈ എന്നിവിടങ്ങളില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്ന് വ്യാജ ലാബ്‌റിപ്പോര്‍ട്ടുമായി ടാങ്കറുകളിലാണ് കേരളത്തിലേക്ക് കടത്തുന്നത്.
ഹൃദയാഘാതത്തിന് കാരണമാകുന്ന പൂരിതകൊഴുപ്പ് ഏറെയുള്ള പാം കര്‍ണല്‍ ഓയിലില്‍ വെളിച്ചെണ്ണയുടെ ഫ്‌ലേവര്‍ ചേര്‍ത്താണ് വ്യാജനെ സൃഷ്ടിക്കുന്നത്. ലാബ് പരിശോധനയില്‍പ്പോലും കണ്ടെത്താനാകാത്തവിധമാണ് നിര്‍മാണം.
ആരോഗ്യത്തിന് ഹാനികരമായ പാം കര്‍ണല്‍ ഓയിലിന്റെ ഇറക്കുമതി വികസിത രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിദഗ്ധലബോറട്ടറികളില്‍ നടത്തുന്ന പരിശോധനയില്‍ 'വോളന്‍ സ്‌കൈ വാല്യൂവി'ന്റെ (വെളിച്ചെണ്ണയുടെ ഗുണനിലവാര അളവ്) അടിസ്ഥാനത്തിലാണ് വ്യാജവെളിച്ചെണ്ണ തിരിച്ചറിയുക. എന്നാല്‍, വോളന്‍ സ്‌കൈ വാല്യൂ വെളിച്ചെണ്ണയുടേതിനോട് തുലനപ്പെടുത്തിയാണ് വ്യാജന്റെ നിര്‍മാണമെന്നതിനാല്‍ തിരിച്ചറിയുക അസാധ്യം.
കേരളത്തില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ സപ്ലൈകോയും വില കുത്തനെ ഉയര്‍ത്തി. ഓണത്തിന് നാലുനാള്‍മുമ്പ് സബ്‌സിഡിനിരക്കില്‍ ലിറ്ററിന് 62 രൂപയായിരുന്നത് 125 ആക്കുകയായിരുന്നു.
Source:http://www.mathrubhumi.com

ഭക്ഷ്യ സുരക്ഷാ വിഭാഗം അയല്‍ സംസ്‌ഥാനങ്ങളില്‍ നടത്തിയ അന്വേഷണം പ്രഹസനം

നിലമ്പൂര്‍: കേരളത്തിന്‌ പുറത്തു നിന്നും സംസ്‌ഥാനത്തേക്കെത്തുന്ന വിവിധയിനം പഴങ്ങളില്‍ മരാക രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതു കൃഷി സ്‌ഥലങ്ങളില്‍ വെച്ചല്ലെന്നും കൊണ്ടു വരുന്ന വഴിയില്‍ വെച്ചുമാണെന്നുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതിന്‌ുപിന്നില്‍ വന്‍ അഴിമതിയെന്ന്‌ ആരോപണം. സംസ്‌ഥാനത്ത്‌ പഴങ്ങളില്‍ വ്യാപകമായി മായം കലര്‍ന്നിട്ടുണ്ടെന്ന പരാതിയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. ഒട്ടേറെ സ്‌ഥലങ്ങളില്‍ നിന്നു മാരക രാസവസ്‌തുക്കള്‍ ഉപയോഗിച്ച പഴങ്ങള്‍ പിടിച്ചെടുക്കയും ചെയ്‌തു.
കൃഷിയിടങ്ങളില്‍ വ്യാപകമായ കീടനാശിനിയും, കൃത്രിമമായി പഴുപ്പിക്കാനുള്ള രാസ വസ്‌തുക്കളും ഉപയോഗിക്കുന്നതായി വിവിധ സംഘടനകളും, വ്യക്‌തികളും പരാതിപ്പെട്ടിരുന്നു. ഇതോടെ അന്യ സംസ്‌ഥാനങ്ങളിലെ കൃഷിയിടങ്ങളിലെത്തി നേരിട്ടു പരിശോധന നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട്‌ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടാണ്‌ കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കു സമര്‍പ്പിച്ചത്‌. റിപ്പോര്‍ട്ട്‌ പ്രകാരം പഴങ്ങളില്‍ മായം കലര്‍ത്തുന്നതു കൃഷി സ്‌ഥലങ്ങളില്‍ വെച്ചല്ലെന്നും, കേരളത്തിലേക്കു കൊണ്ടു വരുന്ന വഴിക്കാണെന്നും കണ്ടെത്തിയതായി പറയുന്നു. കൂടുതല്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാലും, ദീര്‍ഘകാലം സൂക്ഷിച്ചു വെക്കേണ്ട ആവശ്യമില്ലാത്തതിനാലും രാസവസ്‌തുക്കള്‍ ചേര്‍ക്കുന്നില്ലെന്നാണ്‌ കണ്ടെത്തല്‍.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നീളുന്ന പഴ വിപണിയുടെ ആദ്യ സീസണില്‍ അപൂര്‍വ്വമായി ചില കര്‍ഷകര്‍ കാല്‍സ്യം കാര്‍ബൈഡ്‌ പ്രയോഗിക്കാറുണ്ടെങ്കിലും അതു വ്യാപകമല്ലെന്നുമാണു റിപ്പോര്‍ട്ട്‌. എന്നാല്‍ തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലെത്തുന്ന മാമ്പഴം, മുന്തിരി, ആപ്പിള്‍ തുടങ്ങി എല്ലാ വിധ പഴങ്ങളിലും കൃഷിയിടത്തില്‍ വെച്ചു തന്നെ മാരകമായ കീടനാശിനി പ്രയോഗിക്കുന്നുണ്ട്‌. മാത്രമല്ല പഴങ്ങള്‍ക്ക്‌ മാര്‍ക്ക്‌റ്റില്‍ ആവശ്യം വര്‍ധിക്കുമ്പോള്‍ കാല്‍സ്യം കാര്‍ബൈഡ്‌ അടക്കമുള്ള രാസവസ്‌തുക്കള്‍ മൂപ്പെത്താത്ത പഴങ്ങളില്‍ പ്രയോഗിക്കുന്നു. ഇത്തരത്തില്‍ പഴം കൃതൃമമായി പഴുപ്പിച്ചെടുക്കുന്നു. കൂടാതെ പഴുത്ത പഴങ്ങള്‍ കേടുവരാതിരിക്കാനും മാരകമായ രാസ വസ്‌തുക്കളാണ്‌ ഉപയോഗിക്കുന്നത്‌. വിളവെടുപ്പ്‌ സമയം വരെ കൃഷിയിടം ജലസേജനത്തിനായി ഉപയോഗിക്കുന്ന വലിയ ടാങ്കിലെ വെള്ളത്തില്‍ മാരകമായ രാസ വസ്‌തുക്കള്‍ കലര്‍ത്തുന്നു. ഈ വെള്ളമാണ്‌ ആപ്പിള്‍, മുന്തിരി, പേരക്ക, ഉറുമാമ്പഴം തുടങ്ങിവയില്‍ ജലസേചനം നടത്തുന്നത്‌. ഇക്കാര്യം കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ക്കും, അവരുടെ തൊഴിലാളികള്‍ക്കും അറിയാം. കൃഷിയടങ്ങളില്‍ നിന്ന്‌ നേരിട്ട്‌ പഴങ്ങള്‍ ശേഖരിക്കുന്ന വ്യാപരികള്‍ക്കും ഇതറിയാം. ഒരിക്കലെങ്കിലും പഴങ്ങളുടെ കൃഷിസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഇത്‌ കണ്ടെത്താന്‍ സാധിക്കും. ഇത്‌ ഏറ്റവും കൂടുതല്‍ തമിഴ്‌നാട്ടിലും, മഹാരാഷ്‌ട്രയിലുമാണെന്നാണ്‌ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്‌ഥര്‍ തന്നെ പറയുന്നത്‌.
കര്‍ണ്ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിലെ പഴം കൃഷിചെയ്യുന്നവരില്‍ ഒട്ടേറെ മലയാളികളുമുണ്ട്‌. നൂറ്‌ കണക്കിന്‌ ഏക്കര്‍ തോട്ടങ്ങളുടെ ഉടമകളാണിവര്‍. ഇവരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച്‌ ഉദ്യോഗസ്‌ഥര്‍ അവര്‍ക്കെതിരെ റിപ്പോര്‍ട്ട്‌ തയ്യാറാക്കുമെന്ന്‌ പ്രതീക്ഷിച്ച സര്‍ക്കാറിന്‌ തെറ്റി. പഴങ്ങളുടെ കടത്തുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്ത്‌ ഒരു വലിയ ശൃഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവര്‍ക്ക്‌ ആവശ്യമായ രാസവസ്‌തുക്കള്‍ എത്തിക്കുന്നതും ഇവരാണ്‌. കൃഷി സ്‌ഥലങ്ങളില്‍ രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ അത്‌ ഈ മഫിയയെ ബാധിക്കും. ഇതൊഴിവാക്കാനാണ്‌ വഴിയില്‍ വെച്ച്‌ രാസവസ്‌തുക്കള്‍ കലര്‍ത്തുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറായത്‌. ഇതിന്‌ ലക്ഷങ്ങള്‍ മറിഞ്ഞതായാണ്‌ സൂചന.
വഴിയില്‍ വെച്ചാകുമ്പോള്‍ ആര്‍ക്കെതിരെയും തെളിവുണ്ടാകില്ല. അത്‌ ബോധവല്‍ക്കരണം കൊണ്ട്‌ ശരിയാക്കാമെന്നാണ്‌ പരിഹാരമായി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്‌. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്‌ഥര്‍ നടത്തിയ പ്രഹസനമായിരുന്നു ഈ റിപ്പോര്‍ട്ട്‌. ലോറിയുമായി കേരളത്തില്‍ നിന്ന്‌ രാജ്യത്തെ പഴം-പച്ചക്കറി കൃഷി സ്‌ഥലങ്ങളിലെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്കും, തൊഴിലാളികള്‍ക്കും വരെ അവിടയെന്ത്‌ നടക്കുന്നുവെന്ന്‌ അറിയാവുന്നകാര്യമാണിത്‌. എന്നിട്ടും അങ്ങിനെയൊന്ന്‌ അവിടെ നടക്കുന്നില്ലെന്ന്‌ റിപ്പൊര്‍ട്ട്‌ തയ്യാറാക്കാന്‍ ഉദ്യോഗസ്‌ഥര്‍ കാണിച്ച ചങ്കൂറ്റം ആരെയും നാണിപ്പിക്കും. അതേ സമയം കൃഷി സ്‌ഥലങ്ങളില്‍ നിന്ന്‌ സംസ്‌ഥാനത്തേക്ക്‌ എത്തിക്കുന്ന പഴങ്ങളില്‍ ടണ്‍ കണക്കിന്‌ പഴങ്ങള്‍ ഗോഡൗണുകളില്‍ വീണ്ടും സൂക്ഷിക്കേണ്ടി വരുന്നു. ഇവിടെ വെച്ച്‌ കേട്‌ വരാതിരിക്കാനും മൂപ്പെത്താത്തവ കളര്‍ മാറുന്നതിനും രാസവസ്‌തുക്കള്‍ വീണ്ടും ചേര്‍ക്കുന്നു. പഴങ്ങള്‍ കഴുകിയാല്‍ പോലും ഈ രാസവസ്‌തുക്കള്‍ പഴത്തില്‍ നിന്ന്‌ പോകില്ല. ഇത്തരത്തില്‍ സംസ്‌ഥാനത്ത്‌ വലിയ തരത്തിലുള്ള റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം തിരയുന്ന സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗമാണ്‌ ഈ കുറ്റകൃത്യത്തിലെ ഒന്നാം പ്രതി.
Source:http://www.mangalam.com/malappuram/226764

Discussion on new generation food, Kerala summit epi78 Part [2]