Ads 468x60px

Saturday, October 19, 2013

ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍; ഭക്ഷ്യ സുരക്ഷാ നിയമം കടലാസില്‍ മാത്രം

വടകര: ഭക്ഷ്യസുരക്ഷാനിയമം വന്നിട്ടും പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയവയില്‍ മായം ചേര്‍ക്കുന്നതും രാസവസ്തുക്കള്‍ കലര്‍ത്തുന്നതുമായ പരാതികള്‍ വര്‍ധിക്കുന്നു. ആവശ്യത്തിന് ജീവനക്കാരും നിലവാരമുള്ള ലാബുകളും ഇല്ലാത്തതാണ് നിയമം നടപ്പാക്കാന്‍ തടസ്സമാകുന്നത്.
ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും വിതരണത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്താനുദ്ദേശിച്ചാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമുണ്ടാക്കിയത്.
മുമ്പ് നിലവിലുണ്ടായിരുന്ന എല്ലാ നിയമങ്ങളും ഉത്തരവുകളും ഏകോപിപ്പിച്ചാണ് പുതിയ നിയമം നിലവില്‍ വന്നത്. ശാസ്ത്രീയമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തുക ഇതിന്റെ പ്രധാന ലക്ഷ്യമായിരുന്നു. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാതൃകയില്‍ സംസ്ഥാന തലത്തിലും അതോറിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
ജില്ലാ അടിസ്ഥാനത്തില്‍ ആധുനിക സൗകര്യങ്ങളുള്ള പരിശോധാ ലാബുകള്‍ സ്ഥാപിക്കാതെ നിയമം പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ എന്ന് പുനര്‍ നാമകരണം ചെയ്ത ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ഭക്ഷ്യവിഷബാധയോ മറ്റോ ഉണ്ടാകുമ്പോള്‍ മാത്രമാണ് രംഗത്ത് വരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ആസ്​പത്രികളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വിപണിയില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കളും മറ്റും പിടിച്ചെടുത്ത് നശിപ്പിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായ പരിശോധനകള്‍ നടത്താത്തതിനാല്‍ കുറ്റക്കാരെ ശിക്ഷിക്കാന്‍ കഴിയുന്നില്ല. നിസ്സാരപിഴ വസൂലാക്കി കുറ്റക്കാരെ വിട്ടയയ്ക്കുകയാണ്.
കോഴിക്കോട്ടെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പൊതുജനങ്ങള്‍ക്ക് സാംപിള്‍ കൊടുക്കണമെങ്കില്‍ ഒരുമാസം മുമ്പേ അപേക്ഷിക്കണം. ജീവനക്കാരുടെയും പരിശോധനാ ഉപകരണങ്ങളുടെയും കുറവ് ലബോറട്ടറികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ വെബ് സൈറ്റില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളേയുള്ളൂ. സാംപിള്‍ ശേഖരിക്കല്‍, പരിശോധനാഫലങ്ങള്‍ തുടങ്ങിയവയെപ്പറ്റി വെബ്‌സൈറ്റില്‍ പേജുകള്‍ ഉണ്ടെങ്കിലും പ്രസക്തമായ വിവരങ്ങളൊന്നുമില്ല. ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വിവരങ്ങളാണ് ഏറെയും.
Source:http://www.mathrubhumi.com

No comments:

Post a Comment