Ads 468x60px

Wednesday, December 23, 2015

പച്ചക്കറികളിലെ വിഷം കളയുന്ന 'വെജ് വാഷി'നെതിരെ കീടനാശിനി കമ്പനികള്‍ രംഗത്ത്


തിരുവനന്തപുരം: പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന കീടനാശിനി വിഷാംശത്തിന്റെ തോത് മനസ്സിലാക്കി അത് പരമാവധി ഇല്ലാതാക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയ 'വെജ് വാഷി'നെതിരെ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ രംഗത്തെത്തി. കീടനാശിനി കമ്പനികളുടെ കൂട്ടായ്മയാണ് ക്രോപ്പ് കെയര്‍ ഫെഡറേഷന്‍. വെജ് വാഷ് ഭക്ഷ്യോല്‍പന്നമാണെന്നും അത് ഉണ്ടാക്കി വില്‍ക്കുന്നതിന് ഭക്ഷ്യ വകുപ്പിന്റെ ലൈസന്‍സ് വേണമെന്നും കാണിച്ച് ഫെഡറേഷന്‍ വൈസ് ചാന്‍സലര്‍ക്ക് നോട്ടീസ് അയച്ചു. വെജ് വാഷിനെതിരെ നടപടി കൈക്കൊള്ളണമെന്ന് കാണിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
വളരെ നാളത്തെ ഗവേഷണത്തിലൂടെ സര്‍വ്വകലാശാല വികസിപ്പെച്ചെടുത്ത പദ്ധതിയാണ് വെജ് വാഷ്. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ തോത് മനസിലാക്കി അവയെ വിഘടിപ്പിച്ചു കളയാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വെജ് വാഷ് ഉണ്ടാക്കിയിരിക്കുന്നത്. വെജ് വാഷ് ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറികള്‍ കുറച്ചു സമയം മുക്കി വച്ചശേഷം നന്നായി കഴുകിയാല്‍ വിഷാംശം പൂര്‍ണമായി ഇല്ലാതാകുമെന്നതാണ് സര്‍വ്വകലാശാലയുടെ അവകാശവാദം. ഈ സാങ്കേതിക വിദ്യ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കാന്‍ ആവശ്യമായ പരിശീലനവും സര്‍വകലാശാല നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ധാരാളം കമ്പനികള്‍ ഈ വിദ്യയിലൂടെ ലായനി ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. പച്ചക്കറികളിലെ വിഷാംശത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. വെജ് വാഷിന്റെ ഉത്പാദനം നിര്‍ത്തണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. എന്നാല്‍ സര്‍വകലാശാല അതിന് തയ്യാറാകാതിരുന്നതോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ കീടനാശിന് കമ്പനികള്‍ തീരുമാനിച്ചത്. പച്ചക്കറി കഴുകാനുപയോഗിക്കുന്ന ലായനി എങ്ങനെയാണ് ഭക്ഷ്യവസ്തു ആകുന്നതെന്നാണ് സര്‍വകലാശാലയുടെ സംശയം. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എടുത്ത തീരുമാനം കീടനാശിനി കമ്പനികളെ അസ്വസ്തമാക്കുന്നതെങ്ങനെ എന്നും സര്‍വകലാശാല ചോദിക്കുന്നു.