കണ്ണൂര്‍:ദിവസങ്ങളായി കണ്ണൂര്‍ നഗരപരിധിയില്‍ നടക്കുന്ന ഹോട്ടല്‍ റെയ്ഡുകളില്‍ പഴകിയതും ഉപയോഗശൂന്യമായതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുന്നെങ്കിലും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ജില്ലയിലാകമാനം പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ പിടിച്ചതിനെ തുടര്‍ന്ന് ഹോട്ടലുകളെക്കുറിച്ച് വ്യാപക പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് റെയ്ഡ് ശക്തമാക്കിയത്. ഉപയോഗശൂന്യമായ മുട്ട-ഇറച്ചി വിഭവങ്ങള്‍, ചോറ്, കറികള്‍, അച്ചാറുകള്‍, ജ്യൂസുകള്‍ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ആയിരം രൂപ വരെ പിഴ ഈടാക്കി മാപ്പപേക്ഷയും എഴുതിവാങ്ങി ഹോട്ടലുകളെ വെറുതെ വിടുകയാണ് ചെയ്യുന്നത്. നിയമനടപടികള്‍ സ്വീകരിക്കേണ്ട അധികാരി മുനിസിപ്പല്‍ സെക്രട്ടറിയാണ്. പല ഹോട്ടലുകളില്‍ അടുക്കളയും ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിഹീനമാണ്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പൂര്‍ണതോതിലായിട്ടുമില്ല. മുനിസിപ്പാലിറ്റീസ് ആക്ട് 479 പ്രകാരം പിടിച്ചെടുത്ത ഹാനികരമായ ഭക്ഷണങ്ങള്‍ നശിപ്പിച്ചുകളയാനും പിഴയടയ്ക്കാനും മാത്രമേ കഴിയൂ. നിയമത്തിലെ ഈ പഴുതുപയോഗിച്ചാണ് കാലാകാലങ്ങളില്‍ ഹോട്ടലുടമകള്‍ രക്ഷപ്പെടുന്നത്. പുതുതായി നടപ്പാക്കുമെന്ന് പറയുന്ന ഭക്ഷ്യസുരക്ഷാ നിയമം ഇപ്പോഴും ശൈശവ ദശയിലാണ്. പാകം ചെയ്ത ഭക്ഷണവും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നതാണ് പ്രത്യേകത. ഈ നിയമപ്രകാരം പിടിച്ചെടുക്കുന്ന പാകംചെയ്ത ഭക്ഷണത്തില്‍ മനുഷ്യന് ഹാനികരമായ ചെറുജീവികള്‍, ബാക്ടീരിയ എന്നിവ ഉണ്ടോയെന്ന് പരിശോധിച്ച് കേസെടുക്കാം. രണ്ടുലക്ഷം രൂപവരെ പിഴ ഈടാക്കാമെന്നതും ഈ നിയമത്തിന്റെ പ്രത്യേകതയാണ്. ഓരോ മേഖലയിലും ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. ഇത് നടപ്പില്‍ വരുന്നതോടുകൂടി പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍, അച്ചാര്‍ അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളില്‍ എപ്പോഴും കുറച്ചധികം സൂക്ഷിക്കാറുണ്ടെന്നും അത് ഉപയോഗശൂന്യമായ ഭക്ഷണമെന്ന രീതിയില്‍ പിടിച്ചെടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു. പല പഴയ ഹോട്ടലുകളിലും സര്‍ക്കാറിന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ നടപ്പാക്കുക പ്രായോഗികമല്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന നിശ്ചിത സ്ഥലപരിധി പ്രദേശത്ത് പുതിയ നിര്‍മാണമോ ഇരിപ്പിടം വര്‍ധിപ്പിക്കാനോ അടുക്കളകള്‍ വലുതാക്കാനോ സാധിക്കില്ലെന്നും ഉടമകള്‍ പറയുന്നു.
source: mathrubhumi.com
No comments:
Post a Comment