Ads 468x60px

Friday, May 30, 2014

സി.പി.എം നേതാവിന്റെ ഗോഡൗണില്‍ നിന്ന് കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച 1700 കിലോ മാങ്ങ പിടികൂടി

കയ്പമംഗലം: ശ്രീനാരായണപുരം പതിയാശ്ശേരിയില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ ഗോഡൗണില്‍ നിന്ന് കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച 1700 കിലോയോളം വരുന്ന മാങ്ങ ഫുഡ് സേഫ്റ്റി എന്‍ഫൊഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി.ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പതിയാശ്ശേരി കുഴികണ്ടത്തില്‍ ബഷീറിന്റെ വീടിന് സമീപത്തുള്ള കട മുറിയില്‍ സൂക്ഷിരുന്ന എണ്‍പതിലധികം ബോക്‌സുകളില്‍ പഴുപ്പിക്കാനായി കാര്‍ബൈഡിനൊപ്പം സൂക്ഷിരുന്ന മാങ്ങയാണ് അധികൃതര്‍ പിടികൂടിയത്. സി.പി.എമ്മിന്റെ കീഴിലുള്ള പി.വെമ്പല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ കൂടിയാണ് ബഷീര്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മതിലകം എസ്.ഐ എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാവിലെ സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. ലഭിച്ച വിവരം സത്യമാണെന്ന് അല്‍പ്പ സമയത്തിനകം തന്നെ പോലീസിന് വ്യക്തമായി.
ഇതേ തുടര്‍ന്ന് ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ.യൂജിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്ങകള്‍ പരിശോധിച്ച് ഉടന്‍ തന്നെ ഫുഡ് സേഫ്റ്റി എന്‍ഫൊഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചു.
ഉടന്‍ തന്നെ ഫുഡ് സേഫ്റ്റി എന്‍ഫൊഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ വി.എന്‍.അശോകന്‍, സക്കീര്‍ ഹുസൈന്‍, മോഹന്‍ദാസ് എന്നിവര്‍ എത്തുകയും മാങ്ങയുടെയും കാര്‍ബൈഡിന്റെയും സാമ്പിളുകള്‍ പരിശോധനക്കായി എടുക്കുകയും ചെയ്തു.
ബോക്‌സുകളിലെ മാങ്ങകളില്‍ വിതറായി വെച്ചിരുന്ന കാര്‍ബൈഡ് പൊതികളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. തമിഴ്‌നാട്, പാലക്കാട് തുടങ്ങിയവ ഭാഗങ്ങളില്‍ നിന്ന് കൊണ്ട് വരുന്ന മാങ്ങകള്‍ കടമുറിയില്‍ വെച്ച് കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച് വില്‍പ്പന നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബോക്‌സില്‍ പേപ്പര്‍ വിരിച്ചു അതില്‍ മാങ്ങകള്‍ വെച്ച ശേഷം കാര്‍ബൈഡ് വിതറിയ ശേഷം അതിന് മുകളില്‍ പേപ്പര്‍ ഇട്ടു മൂടുകയാണ് മാങ്ങകള്‍ പഴുപ്പിക്കാന്‍ ചെയ്യാറുള്ളതെന്ന് ബഷീര്‍ അധികൃതരോട് വിവരിച്ചു. കൊടുങ്ങല്ലൂര്‍ കാവില്‍കടവിലെ ഒരു വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പുകാരാണ് കാര്‍ബൈഡ് എത്തിച്ചു നല്‍കുന്നതെന്ന് ബഷീര്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാങ്ങയുടെ മൊത്ത വ്യാപാരം ചെയ്തു വരുന്ന ബഷീറിനെതിരെ മുന്‍പ് പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊത്ത കച്ചവടക്കാരനായ ഇയാള്‍ കൊടുങ്ങല്ലൂര്‍, മതിലകം ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ മാങ്ങ വിതരണം ചെയ്യുന്നുണ്ട്. ഇയാള്‍ക്ക് കച്ചവടം ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത മാങ്ങകള്‍ സമീപത്തെ പറമ്പില്‍ രണ്ടു കുഴികള്‍ എടുത്തു അതിലിട്ട് നശിപ്പിച്ചു.
കൊച്ചി കാക്കനാട്ട് ലാബില്‍ നിന്നും പരിശോധനാ ഫലം പുറത്തു വന്ന ശേഷം ബഷീറിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പോലീസ് സംഘത്തില്‍ സി.പി.ഒ മാരായ അഷ്‌റഫ് , ബിജു തുടങ്ങിയവരും പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, സതീഷ് എന്നിവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് എത്തിയിരുന്നു.

No comments:

Post a Comment