Ads 468x60px

Saturday, August 30, 2014

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; 36 കടകള്‍ പൂട്ടിച്ചു

കോഴിക്കോട്: പകര്‍ച്ചവ്യാധിനിയന്ത്രണത്തിനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്ത 36 കടകള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കി. 20 ഹോട്ടലുകള്‍, 10 കൂള്‍ബാറുകള്‍, നാല് ബേക്കറി, രണ്ട് ഐസ് ഫാക്ടറി എന്നിവയാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.
162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 93 ഹോട്ടലുകള്‍, 39 കൂള്‍ബാറുകള്‍, 23 ബേക്കറികള്‍, അഞ്ച് കാറ്ററിങ് സെന്റര്‍, രണ്ട് ഐസ് ഫാക്ടറികള്‍ എന്നിവയ്ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കൂടാതെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നേരേ നടപടിയെടുക്കാന്‍ ഫുഡ് സേഫ്റ്റി ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 19 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അതത് പ്രദേശത്തെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 864 സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളിലായി 2588 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് ആകെ 71 ജീവനക്കാര്‍ക്ക് മാത്രമാണ് ഉള്ളത്. ജീവനക്കാരില്‍ 718 പേര്‍ ഇതരസംസ്ഥാനക്കാരാണ്.
42 സ്ഥാപനങ്ങളില്‍ ഭക്ഷണം വൃത്തിഹീനമായാണ് പാചകം ചെയ്യുന്നതെന്ന് കണ്ടെത്തി. 29 സ്ഥാപനങ്ങള്‍ പകര്‍ച്ചവ്യാധി പടരുന്നതിന് സഹായകമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് ഇല്ലാതെ 46 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യസംസ്‌കരണത്തിനും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതിനും മിക്കയിടത്തും സംവിധാനമില്ല. പരിശോധനയ്ക്കിടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 5,500 രൂപ ഈടാക്കിയിട്ടുണ്ട്.
അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സാബു, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ആശാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 

No comments:

Post a Comment