Ads 468x60px

Wednesday, September 7, 2011

ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍: രാസപരിശോധന വഴിമുട്ടുന്നു

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍ കര്‍ശനമായി തടയുന്നതിനുള്ള ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമുള്ള ഭക്ഷ്യവസ്തുക്കളുടെ രാസപരിശോധന വഴിമുട്ടുന്നു. പരിശോധകര്‍ പിടിച്ചെടുക്കുന്ന ഭക്ഷ്യസാമ്പിളുകളിലെയും ഫലവര്‍ഗങ്ങളിലെയും കീടനാശിനികള്‍, ഘനലോഹങ്ങള്‍ (ഹെവി മെറ്റല്‍സ്), സാക്കറിന്‍ പോലെയുള്ള കൃത്രിമ മധുരവര്‍ധിനികള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ലാബുകളിലൊന്നിലുമില്ലാത്തതാണ് കാരണം. പകരം ഭക്ഷ്യവസ്തുക്കളിലെ ഈര്‍പ്പം, ആസിഡുകളില്‍ ലയിക്കാത്ത പൊടിപടലങ്ങള്‍, ചാരം എന്നിവ സംബന്ധിച്ച പരിശോധനമാത്രം നടത്തിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച പരിശോധന നടക്കാത്തത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെയും ബാധിക്കുന്നു.ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെയും ഘനലോഹങ്ങളുടെയും സാന്നിധ്യം സംബന്ധിച്ച എല്ലാത്തരം പരിശോധനയ്ക്കും വേണ്ട എല്ലാ ഉപകരണങ്ങളും തിരുവനന്തപുരത്തെ ഗവണ്മെന്റ് അനലിസ്റ്റ് ലബോറട്ടറിയില്‍ ഉള്ളപ്പോഴാണ് ഈ സ്ഥിതി. ഇത്തരം പരിശോധനകള്‍ക്ക് വേണ്ട ഹൈപെര്‍ഫോമന്‍സ് ലിക്വിഡ് ക്രോമറ്റോഗ്രാഫ് (എച്ച്.പി.എല്‍.സി.), ഗ്യാസ് ക്രോമറ്റോഗ്രാഫ് (ജി.സി.), അറ്റോമിക് അബ്‌സോര്‍പ്ഷന്‍ സ്‌പെക്‌ട്രേ ഫോട്ടോ മീറ്റര്‍ (എ.എ.എസ്.) എന്നീ ഉപകരണങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്.ഫുഡ്‌സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫുഡ്‌സേഫ്ടി ഓഫീസര്‍മാര്‍ കേരളത്തില്‍ ഇപ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ വ്യാപകമായി ശേഖരിച്ചുവരികയാണ്. ഇത് കച്ചവടക്കാര്‍ക്കെതിരെ കേസെടുക്കാന്‍വേണ്ടിയുള്ളതല്ല.പരിശോധനാ റിപ്പോര്‍ട്ടിന്റെ ഫലം വിലയിരുത്തി കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ ശരിയായ രീതിയിലുള്ള രാസപരിശോധനയില്ലാതെ എന്തു ബോധവത്കരണമാണ് നടത്തുകയെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.സംസ്ഥാനത്ത് തിരുവനന്തപുരം ഗവ. അനലറ്റിക്‌ലബോറട്ടറി, കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, എറണാകുളം റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, പത്തനംതിട്ട ഗവണ്മെന്റ് ലബോറട്ടറി എന്നിവിടങ്ങളിലാണ് ഭക്ഷ്യവസ്തുക്കളുടെ പരിശോധന നടക്കുന്നത്. ഈ ലാബുകള്‍ക്കൊന്നും ദേശീയ അംഗീകാരം (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി.എല്‍.) ഇല്ല. തിരുവനന്തപുരത്തെ ലബോറട്ടറിക്ക് ഇത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിരുന്നുവെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
Source: mathrubhumi.com