Ads 468x60px

Thursday, October 20, 2011

വ്യാജ കറുവപ്പട്ട വ്യാപകം: അന്വേഷിക്കാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍: വ്യാപകമായി വിറ്റുവരുന്നതായി സംശയിക്കുന്ന വ്യാജ കറുവപ്പട്ട (കാസിയ) കണ്ടെത്താനും സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ച് നടപടി എടുക്കാനും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ഫുഡ്ഇന്‍സ്‌പെക്ടര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.കേരളമുള്‍പ്പെടെ ഇന്ത്യയില്‍ പലസ്ഥലത്തും കറുവപ്പട്ടക്ക് പകരം വിദേശത്ത്‌നിന്ന് ഇറക്കുമതി ചെയ്യുന്ന കാസിയ വിറ്റുവരുന്നതായി കണ്ണൂര്‍ പയ്യാമ്പലം സ്വദേശി ലിയനോര്‍ഡ് ജോണ്‍ രണ്ട് വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നു. ഇപ്പോഴാണ് അന്വേഷണത്തിനുത്തരവിട്ടത്. ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.കേരളത്തിലാണ് ഏറ്റവും മുന്തിയ തരത്തിലുള്ള കറുവപ്പട്ടയുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരക്കണക്കിന് ഏക്കറോളം കറുവാപ്പട്ട കൃഷിയുണ്ടായ കേരളത്തില്‍ കൃഷി അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യ, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ കാടുകളിലാണ് കറുവാപ്പട്ടയോട് സാമ്യമുള്ളതും ഗന്ധം കുറഞ്ഞതുമായ കാസിയ ധാരാളം കണ്ടുവരുന്നത്. കാസിയത്തിന്റെ തോല്‍ എടുത്താണ് കറുവാപ്പട്ട എന്ന രീതിയില്‍ വില്‍ക്കുന്നതെന്ന് കണ്ണൂരിലെ കറുവപ്പട്ടാ കര്‍ഷകന്‍ കൂടിയായ ലിയനോര്‍ഡ് ജോണ്‍ പറയുന്നു. സംസ്ഥാനത്ത് ഒരു കിലോ ഉണങ്ങിയ കറുവാപ്പട്ട ഉത്പാദിപ്പിക്കാന്‍ 250 രൂപ ചെലവാണ്. 300 രൂപയെങ്കിലും കിട്ടിയാലെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. അതേ സമയം കാസിയ കിലോവിന് 60 രൂപതോതില്‍ ഏജന്‍സികള്‍ ഇറക്കുമതി ചെയ്യും. 250 രൂപമുതല്‍ 700 രൂപയ്ക്ക്‌വരെ ഇത് വില്‍ക്കുകയും ചെയ്യും.യഥാര്‍ത്ഥ കറുവാപ്പട്ടയില്‍ നിന്ന് 20തിലധികം ആയുര്‍വേദ മരുന്നുണ്ടാക്കുന്നുണ്ട്. യൂജിനോള്‍ 90 ശതമാനം അടങ്ങിയ കര്‍പ്പതൈലം ഉള്ളത് കണ്ണൂര്‍ ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കറുവാപ്പട്ടയിലാണ്. സോപ്പ്, പ്രകൃതിദത്ത അണുനാശിനി എന്നിവക്കും കറുവാപ്പട്ടയാണുപയോഗിക്കുക. അതേ സമയം കണ്ണൂരില്‍ത്തന്നെ പല കടകളിലും കിട്ടുന്നത് വ്യാജ കറുവാപ്പട്ടയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പത്തോട്ടം കണ്ണൂരിലെ അഞ്ചരക്കണ്ടിയിലായിരുന്നു. പക്ഷെ തോട്ടം സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും അവിടെ മെഡിക്കല്‍കോളേജുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുകയും ചെയ്തതോടെ തോട്ടത്തിന്റെ വിസ്തൃതി പേരിന് മാത്രമായി. 
നാടുകാണി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ കറുവാപ്പട്ട തോട്ടമുള്ളത്.
source: mathrubhumi.com