Ads 468x60px

Thursday, March 7, 2013

നല്ല മസാലപ്പൊടി വീട്ടില്‍ തയാറാക്കാം

 പായ്‌ക്കറ്റില്‍ കിട്ടുന്ന കറിമസാലപ്പൊടികളില്‍ നിലവാരമുള്ളവയും അല്ലാത്തവയും യഥേഷ്‌ടമുണ്ട്‌. എന്തിലും മായം കലരുന്ന കച്ചവടത്തിന്റെ കാലത്ത്‌ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ വിലങ്ങുതടിയാവുന്നതും ഈ മായമാണ്‌. മായമില്ലാത്ത ശുദ്ധമായ മസാലപ്പൊടികള്‍ നമുക്കു വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ, അതിനുള്ള മനസ്സുണ്ടെങ്കില്‍...ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ കറിമസാലപ്പൊടികള്‍ നൂറുശതമാനം സുരക്ഷിതമാണെന്ന്‌ പറയാ ന്‍ കഴിയുകയില്ല. മുളകുപൊടി, മഞ്ഞള്‍പ്പൊടി, കൊത്തമല്ലിപ്പൊടി, കുരുമുളകുപൊടി, അച്ചാര്‍പൊടി, ചിക്കന്‍മസാലപ്പൊടി, സാമ്പാര്‍പൊടി, മീന്‍മസാല എന്നിവയെല്ലാം ഈ ഇനത്തില്‍ വരുന്നു.

മുളകുപൊടിയിലെ മായം

മുളകുപൊടിക്ക്‌ ചുവന്ന നിറം ലഭിക്കുവാന്‍ സുഡാന്‍ റെഡ്‌ എന്ന മാരകവിഷമുള്ള ചായം ചേര്‍ക്കുന്നു. കൂടാതെ നിറം ചേര്‍ത്ത അറക്കപ്പൊടി, ഓട്‌, ഇഷ്‌ടിക എന്നിവയുടെ പൊടി, ചുവന്ന മുളകിന്റെ അരി (കുരു) അമിതമായി ചേര്‍ക്കുന്നു. അരി (കുരു) ചേര്‍ന്ന മുളകുപൊടി ഉപയോഗിച്ചാല്‍ വയറ്‌ പുകച്ചില്‍ വരുന്നു. ഭക്ഷ്യസുരക്ഷാനിലവാരനിയമപ്രകാരം മുളകുപൊടിയില്‍ അഞ്ച്‌ ടെസ്‌റ്റുകള്‍, ലബോറട്ടറിയില്‍ ചെയ്‌തുവരുന്നു. കൂടാതെ പൂപ്പല്‍ പിടിച്ചതും കീടങ്ങളുള്ളതും എലിരോമം, എലിക്കാഷ്‌ടം, നിറം ചേര്‍ത്ത മുളകുപൊടി എന്നിവയൊന്നും നിര്‍മ്മിച്ച്‌ വില്‍ക്കാന്‍ പാടില്ല.

മുളകുപൊടി നിര്‍മ്മിക്കാന്‍

ഗുണനിലവാരമുള്ളതും ഞെട്ട്‌ അധികമില്ലാത്തതുമായ ചുവന്നമുളക്‌ വാങ്ങി നന്നായി മൂന്നുപ്രാവശ്യം കഴുകുക. ഞെട്ട്‌ കളഞ്ഞ്‌ വെയിലത്ത്‌ മുന്നുദിവസം ഉണക്കുക. ചൂടോടെ മില്ലിലോ മിക്‌സിയിലോ പൊടിച്ചെടുക്കുക. പൊടിച്ച മുളക്‌ നനവില്ലാത്തതും വൃത്തിയുള്ളതുമായ ബ്രൗണ്‍പേപ്പറില്‍ നിരത്തിയിടുക. പത്തുപതിനഞ്ചു മിനിട്ടുകഴിഞ്ഞ്‌ ചൂടുപോയ ശേഷം മാത്രം ഗുണമേന്മയുള്ള ഫുഡ്‌ ഗ്രേഡ്‌ പ്ലാസ്‌റ്റിക്‌ ഭരണികളിലോ കണ്ണാടിക്കുപ്പിയിലോ നിറയ്‌ക്കുക. രണ്ടുദിവസം മുമ്പ്‌ കുപ്പി നന്നായി കഴുകി വെയിലത്തുവച്ച്‌ ഉണക്കണം. യാതൊരു കാരണവശാലും ന്യൂസ്‌പേപ്പറില്‍ മുളകുപൊടി നിരത്തിയിടാന്‍ ഉപയോഗിക്കരുത്‌. ന്യൂസ്‌ പേപ്പറിലെ അച്ചടിമഷി മുളകുപൊടിയില്‍ കലരും. അച്ചടിമഷിയില്‍ ലെഡ്‌ (ഈയം)ത്തിന്റെ അംശമുണ്ട്‌. ഇത്‌ ഹാനികരമാണ്‌.ഒരു കിലോഗ്രാം ഉള്‍ക്കൊള്ളുന്നതും 250 ഗ്രാം ഉള്‍ക്കൊള്ളുന്നതുമായ രണ്ട്‌ ബോട്ടിലുകള്‍ വേണം, ഇവയില്‍ നനവില്ലാത്തതും വൃത്തിയുള്ളതുമായ സ്‌റ്റെയിന്‍ലസ്‌ സ്‌റ്റീല്‍ സ്‌പൂണ്‍ ഉപയോഗിച്ച്‌ നിറയ്‌ക്കണം. കഴിയുന്നതും ജനുവരി മുതല്‍ മെയ്‌ മാസങ്ങളിലാണ്‌ മുളകുപൊടി നിര്‍മ്മിക്കാന്‍ പറ്റിയ സമയം. മഴക്കാലത്ത്‌ അന്തരീക്ഷത്തില്‍ ഈര്‍പ്പം ഉള്ളതിനാല്‍ മുളകുപൊടി പൂപ്പല്‍ ബാധിച്ച്‌ എളുപ്പം കേടുവരും. ഇങ്ങനെ നിര്‍മ്മിക്കുന്ന മുളകുപൊടിയെ നമുക്ക്‌ നൂറുശതമാനം വിശ്വസിക്കാം.

കൊത്തമല്ലിപ്പൊടിയിലെ മായം

മണ്ണ്‌, ഉപയോഗശൂന്യമായതും കേടുവന്നതുമായ മല്ലി, എസന്‍സ്‌ എടുത്തുമാറ്റിയ മല്ലിച്ചണ്ടി, അരിപ്പൊടി, ചോളപ്പൊടി എന്നിവയാണ്‌ പ്രധാന മായം. ലബോറട്ടറിയില്‍ നാല്‌ ടെസ്‌റ്റുകള്‍ ചെയ്യുന്നു. കൂടാതെ കീടബാധയുള്ളതും, എലിക്കാഷ്‌ടം, പൂപ്പല്‍ ബാധിച്ചതുമായ മല്ലി ഉപയോഗിക്കരുത്‌.

മല്ലിപ്പൊടി നിര്‍മ്മിക്കാന്‍

വിപണിയില്‍നിന്ന്‌ ഗുണമേന്മയുള്ള പിളര്‍ക്കാത്ത ഉരുണ്ട മല്ലി വാങ്ങുക. നല്ല മല്ലിക്ക്‌ ഒരു പ്രത്യേക സുഗന്ധം ഉണ്ട്‌. മല്ലിയിലെ കല്ല്‌, മണ്‍കട്ട, ഞെട്ട്‌ എന്നിവ നീക്കി നന്നായി മൂന്നുപ്രാവശ്യം കഴുകുക. മൂന്നുദിവസം നന്നായി ഉണക്കുക. വറചട്ടിയില്‍ ഇട്ട്‌, കൂടെ 10 ചുവന്ന മുളകുകൂടി ചേര്‍ത്ത്‌ വറക്കുക. അങ്ങനെ വറുത്ത മല്ലി വൈകാതെതന്നെ മില്ലിലോ മിക്‌സിയിലോ പൊടിച്ചെടുക്കുക. ബ്രൗണ്‍ പേപ്പറില്‍ നിരത്തിയിട്ട്‌ ചൂടാറിയശേഷം ഗുണമേന്മയുള്ള ഫുഡ്‌ ഗ്രേഡ്‌ പ്ലാസ്‌റ്റിക്‌ ഭരണികളിലോ കണ്ണാടിക്കുപ്പിയിലോ നിറയ്‌ക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം

ലെഡ്‌ക്രോമേറ്റ്‌ എന്ന മഞ്ഞനിറമുള്ള വിഷമയമായ ചായം മായമായി ചേര്‍ക്കുന്നു. ഇത്‌ നമ്മുടെ തലച്ചോറിനെ ബാധിക്കും. ലബോറട്ടറിയില്‍ അഞ്ച്‌ ടെസ്‌റ്റ് ചെയ്യുന്നു. ചോളപ്പൊടി, അരിപ്പൊടി എന്നിവ മായമായി ചേര്‍ക്കുന്നു. കൂടാതെ മഞ്ഞളിന്റെ നിറമുള്ള കാട്ടുമഞ്ഞള്‍ എന്ന മഞ്ഞളുമായി ബന്ധമില്ലാത്ത ഒരു ചെടിയുടെ കിഴങ്ങുകൂടി ചേര്‍ക്കുന്നു.

മഞ്ഞള്‍പ്പൊടി നിര്‍മ്മിക്കാന്‍

മലഞ്ചരക്ക്‌ വ്യാപാരിയില്‍നിന്നോ, വിശ്വസനീയമായ മറ്റ്‌ കേന്ദ്രങ്ങളില്‍ നിന്നോ മഞ്ഞള്‍ വാങ്ങി അവയിലെ നാരും വേരും നീക്കി മൂന്നുപ്രാവശ്യം വെള്ളത്തില്‍ കഴുകി രണ്ടുദിവസം നന്നായി വെയിലത്തുവച്ച്‌ ഉണക്കുക. ഉണങ്ങിയ മഞ്ഞള്‍ മിക്‌സിയിലോ മില്ലിലോവച്ച്‌ പൊടിക്കുക.
പൊടിച്ചെടുത്ത മഞ്ഞള്‍ വൃത്തിയുള്ളതും ഈര്‍പ്പരഹിതവുമായ ബ്രൗണ്‍ കടലാസില്‍ നിരത്തുക. അരമണിക്കൂറിനുശേഷം മഞ്ഞള്‍പ്പൊടി വൃത്തിയുള്ള കണ്ണാടി ഭരണിയിലോ ഫുഡ്‌ ഗ്രേഡുള്ള പ്ലാസ്‌റ്റിക്‌ ഡബ്ബകളിലോ നിറയ്‌ക്കുക.

കുരുമുളകുപൊടി

വിപണിയില്‍ ലഭിക്കുന്ന കുരുമുളകുപൊടിയില്‍ പപ്പായക്കുരു, അരിപ്പുകായ, കുരുമുളകിന്റെ അവശിഷ്‌ടങ്ങള്‍ എന്നിവ മായമായി ചേര്‍ക്കുന്നു. വിശ്വസീനമായ കേന്ദ്രങ്ങളില്‍നിന്നോ സ്വന്തം കൊടിയില്‍നിന്നോ ലഭിക്കുന്ന കുരുമുളക്‌ പാറ്റിപ്പെറുക്കി മറ്റ്‌ മാലിന്യങ്ങള്‍ മാറ്റിയശേഷം നന്നായി മൂന്നുപ്രാവശ്യം കഴുകുക. രണ്ടുദിവസം വെയിലത്തുവച്ച്‌ നന്നായി ഉണക്കിയെടുക്കുക. മിക്‌സിയില്‍ പൊടിച്ചെടുക്കുക. ആറിയശേഷം കുപ്പികളില്‍ നിറയ്‌ക്കുക. കുരുമുളകുപൊടി, ഈര്‍പ്പരഹിതമായ സ്‌റ്റെയില്‍ലസ്‌ സ്‌പൂ ണ്‍കൊണ്ട്‌ മാത്രം എടുക്കുക.
ഇതേപോലെ സാമ്പാര്‍പൊടി, രസപ്പൊടി, ചിക്കന്‍മസാലപ്പൊടി എന്നിവ നിര്‍മ്മിക്കാം.
പൊതുവിപണിയില്‍ ലഭിക്കുന്ന കറിമസാലപ്പൊടികള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന്‌ വിലപിക്കാതെ, അവ സ്വന്തം ആവശ്യത്തിന്‌ സ്വന്തമായി നിര്‍മ്മിക്കുവാന്‍ ശ്രമിക്കുക. ഒഴിവുസമയം ഫലപ്രദമായി ഉപയോഗപ്പെടുത്തി നമുക്ക്‌ ഇതേപോെല കറിമസാലപ്പൊടികള്‍ നിര്‍മ്മിച്ച്‌ അടുത്ത വീടുകളിലും സ്‌നേഹിതമാര്‍ക്കും കുടുംബക്കാര്‍ക്കും കൊടുക്കാവുന്നതാണ്‌. സംശയം വല്ലതും ഉണ്ടെങ്കില്‍ എന്റെ 9446166341 എന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്‌.

ശരീരകാന്തി കൂട്ടാന്‍ നാടന്‍ മാര്‍ഗങ്ങള്‍

* തൈരും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ്‌ മാറിക്കിട്ടും.
* വെള്ളരിക്ക കഷ്‌ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
* റവയും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തിന്‌ നല്ല തിളക്കം കിട്ടും.
* തുളസിയില നീര്‌ തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നതു മുഖകാന്തിയുണ്ടാക്കും.
* തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്‌ക്കുന്നത്‌ കുളിര്‍മ നല്‍കും.
* അമുക്കുരുവിന്റെ പൊടി എള്ളും തേനും ചേര്‍ത്ത്‌ സേവിച്ചാല്‍ മുഖകാന്തി വര്‍ധിക്കും.
* വെളിച്ചെണ്ണ കാലിലും കൈയി ലുമൊക്കെ തേച്ച്‌ കുളിക്കുന്നത്‌ ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കും.
* ആരോഗ്യമുള്ള ചര്‍മ്മത്തിന്‌ പഴുത്ത പപ്പായ അരച്ചു പുരട്ടുന്നത്‌ നല്ലതാണ്‌.
* ചുണ്ടുകള്‍ക്ക്‌ കൂടുതല്‍ നിറം കിട്ടാന്‍ ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം എടുത്ത്‌ പുരട്ടാം.
* കാല്‍പ്പാദങ്ങള്‍ നന്നായി വിയര്‍ക്കുന്നവര്‍ കുറച്ചുവെള്ളത്തില്‍ ഒരു തുള്ളി ഷാംപൂ ചേര്‍ത്ത്‌ അതില്‍ അഞ്ചുമിനിറ്റ്‌ കാല്‍മുക്കി വച്ച്‌ ദിവസവും ഉരച്ചുകഴുകുക.

വി.കെ. ശശീന്ദ്രന്‍,ജില്ലാ ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍ ,കണ്ണൂര്‍

No comments:

Post a Comment