Ads 468x60px

Thursday, March 14, 2013

വ്യാജബ്രാന്‍ഡില്‍ വെളിച്ചെണ്ണവില്‌പന; സര്‍ക്കാര്‍ ഇടപെടണമെന്ന് കേരഫെഡ്

സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡ് ഉല്പാദിപ്പിക്കുന്ന കേര വെളിച്ചെണ്ണയുടെ പേരില്‍ വ്യാജബ്രാന്‍ഡുകള്‍ വിപണിയില്‍. ആരോഗ്യത്തിന് ഹാനികരമായ ലിക്വിഡ് പാരഫിന്റ്, പാംകേര്‍ണല്‍ ഓയില്‍ എന്നിവ കലര്‍ന്ന വെളിച്ചെണ്ണയാണ് 'കേര' എന്ന പേരില്‍ വില്‍ക്കുന്നത്. കേരഫെഡിന്റെ വെളിച്ചെണ്ണയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതുമൂലം ഗുണമേന്മ നോക്കാതെ ഉപഭോക്താക്കള്‍ വാങ്ങുന്നുമുണ്ട്. വ്യാജബ്രാന്‍ഡ് വെളിച്ചെണ്ണ മൂലം കേരഫെഡിന് വില്പന കുറഞ്ഞു. തുടര്‍ന്ന് വിപണിയില്‍ പരിശോധന നടത്തി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരാഫെഡ് തിരുവനന്തപുരത്തും കോഴിക്കോട്ടും ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരാതി നല്‍കി. വ്യാജ ബ്രാന്‍ഡ് ഉല്പന്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് പത്രമാധ്യമങ്ങളില്‍ പ്രചാരണവും തുടങ്ങി. കേരഫെഡിന്റെ 'കേര' വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 80 രൂപയാണ് വില. എന്നാല്‍, 15 രൂപ വരെ താഴ്ത്തി കേര എന്നതിനൊപ്പം മറ്റെന്തെങ്കിലും പേര് ചേര്‍ത്താണ് സ്വകാര്യ കമ്പനികള്‍ വെളിച്ചെണ്ണ വില്‍ക്കുന്നതെന്ന് പറയുന്നു. അഞ്ച് കമ്പനികള്‍ വരെ ഈ രീതിയില്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നുണ്ടെന്ന് കേരഫെഡ് മാനേജിങ് ഡയറക്ടര്‍ അശോക്കുമാര്‍ തെക്കന്‍ പറഞ്ഞു. കേരഫെഡില്‍നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരും ഈ രീതിയില്‍ വ്യാജബ്രാന്‍ഡില്‍ വെളിച്ചെണ്ണ വില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന വെളിച്ചെണ്ണയില്‍ ലിക്വിഡ് പാരഫിന്‍, പാംകേര്‍ണല്‍ ഓയില്‍ എന്നിവ ചേര്‍ത്ത് ഭംഗിയുള്ള കൂടുകളിലാക്കിയാണ് വില്‍പ്പന. വിലക്കുറവും പേരിലെ സാമ്യവും മൂലം ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നു. ഡീലര്‍മാരില്‍നിന്ന് 20ല്‍ ഏറെ പരാതികള്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.
Source:http://www.mathrubhumi.com

No comments:

Post a Comment