Ads 468x60px

Monday, June 10, 2013

ഹോട്ടലുകളിലെ പരിശോധന പ്രഹസനം

പത്തനംതിട്ട: ജില്ലയില്‍ മഞ്ഞപ്പിത്തം അടക്കം ജലജന്യരോഗങ്ങള്‍ പടരുമ്പോഴും ഹോട്ടലുകളിലും ഭക്ഷ്യസാധനങ്ങളുടെ വില്‍പനശാലകളിലും നടത്തുന്ന പരിശോധന പ്രഹസനമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും അലംഭാവം കാണിക്കുകയാണ്. ഷവര്‍മ കഴിച്ച യുവാവ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്തിയതിന്‍െറ ഭാഗമായി ജില്ലയിലും പരിശോധന നടത്തിയിരുന്നു. ഒരു വിഭാഗം ഹോട്ടലുടമകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജില്ല ഭരണകൂടം ഇടപെട്ട് റെയ്ഡുകള്‍ തടഞ്ഞത്.
മലിനജലം ഒഴുക്കി കളയാന്‍ സാധിക്കാത്തതാണ് ജില്ലയിലെ മിക്ക ഹോട്ടലുകളിലെയും പ്രധാന പ്രശ്നം. ഇതുകൂടാതെ പനി രോഗങ്ങള്‍ പിടിപെട്ടവരടക്കം ജോലിയെടുക്കുന്നുമുണ്ട്. ഹോട്ടലുകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇത് പാലിക്കാറില്ല.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതാണ് ഹോട്ടലുകളിലെ റെയ്ഡുകള്‍ പ്രഹസനമാകാന്‍ ഇടയാകുന്നതെന്നും ആരോപണമുണ്ട്. പാര്‍ലമെന്‍റ് പാസാക്കിയ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഫുഡ് സേഫ്റ്റി കമീഷന്‍െറ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അധികാരമുള്ളത്. 2011 ആഗസ്റ്റില്‍ പാര്‍ലമെന്‍റ് പാസാക്കിയ ഈ നിയമമനുസരിച്ച് മായം കലര്‍ത്തിയ ഭക്ഷണം കൊടുക്കുന്നതിനും ഇതിലൂടെ ആരോഗ്യത്തിന് ഹാനിവരുത്തുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷകള്‍ നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മായം കലര്‍ത്തിയാല്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഒരാളുടെ മരണത്തിന് ഹോട്ടല്‍ ഭക്ഷണം കാരണമായാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വ്യവസ്ഥയുള്ളതാണ് പുതിയ നിയമം. ഈ നിയമമനുസരിച്ച മായം കലര്‍ത്തി വില്‍ക്കുന്ന ഭക്ഷണം കഴിച്ച ഒരാള്‍ മരണപ്പെട്ടാല്‍ കടയുടമക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കും. പഴകിയ ഭക്ഷണങ്ങളും മായം കലര്‍ത്തിയ ഭക്ഷണങ്ങളും വില്‍പന നടത്തുന്ന ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ ഫുഡ് സേഫ്റ്റി കമീഷന്‍െറ ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ അറിയിക്കണമെന്നും ജനങ്ങള്‍ ഹോട്ടലുടമകള്‍ നടത്തുന്ന ഈ ക്രൂരതക്കെതിരെ പരാതി നല്‍കാന്‍ തയാറാകാത്തതാണ് ഭക്ഷ്യ വിഷബാധ നിരന്തരം സംസ്ഥാനത്ത് വ്യാപിക്കാന്‍ ഇടയാക്കുന്നതെന്നുമാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ വിഷബാധ ചെറുക്കുന്നതിന് നടപടിയെടുക്കാന്‍ ഫുഡ് സേഫ്റ്റി കമീഷനെ സഹായിക്കാന്‍ കഴിയും.
അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല ഭക്ഷ്യസുരക്ഷ ഓഫിസര്‍ എന്‍. രമേശ് ബാബു പറഞ്ഞു. പരാതിയുള്ളവര്‍ 04734221236, 89433 46184 നമ്പറില്‍ അറിയിക്കാം.
Source:http://www.madhyamam.com/news/229582/130610

No comments:

Post a Comment