Ads 468x60px

Thursday, August 22, 2013

ട്രെയിനിലെ ഭക്ഷ്യവിഷബാധ: പാന്‍ട്രികാര്‍ സീല്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

കാസര്‍കോട് * ഭക്ഷ്യവിഷബാധയുണ്ടായ അജ്‌മേര്‍ - എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് ട്രെയിനിലെ പാന്‍ട്രികാര്‍ സീല്‍ ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്‍പതിലേറെപ്പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി മണിക്കൂറുകള്‍ക്കു ശേഷവും കേസ് റജിസ്റ്റര്‍ ചെയ്യാനോ ഭക്ഷണ സാംപിളുകള്‍ ശേഖരിക്കാനോ റയില്‍വേ അധികൃതര്‍ തയാറായില്ല. ഇതേത്തുടര്‍ന്നു പഴകിയ ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചതായും റയില്‍വേ ആരോഗ്യവിഭാഗം അധികൃതരും ആര്‍പിഎഫും ഉള്‍പ്പെടുന്ന അന്വേഷണ സംഘം വിലയിരുത്തുന്നു.

17നു ട്രെയിന്‍ ഗോവയില്‍ എത്തിയപ്പോഴാണ് ആദ്യം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. യാത്രക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റയില്‍വേ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് മംഗലാപുരം കങ്കനാടി റയില്‍വേ സ്‌റ്റേഷനില്‍ എത്തിയതോടെ യാത്രക്കാര്‍ റയില്‍വേ അധികൃതര്‍ക്കു രേഖാമൂലം പരാതി നല്‍കിയെങ്കിലും വിശദപരിശോധന നടന്നില്ല. ടിടിഇ ഉള്‍പ്പെടെയുള്ളവര്‍ പാന്‍ട്രികാറില്‍  എത്തിയെങ്കിലും ഭക്ഷണസാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചില്ല. പിന്നീട് ട്രെയിന്‍ കാസര്‍കോട് റയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ജില്ലാ ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പാന്‍ട്രികാറില്‍ നിന്നു ഭക്ഷണസാംപിളുകള്‍ ശേഖരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് റയില്‍വേ ഫുഡ് സേഫ്റ്റി വിഭാഗം അധികൃതരും സാംപിള്‍ ശേഖരിച്ചു.  ട്രെയിന്‍ ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴും സാംപിള്‍ ശേഖരിച്ചു.

എന്നാല്‍ പാന്‍ട്രികാര്‍ ജീവനക്കാര്‍ ഇതിനകം പഴകിയ ഭക്ഷണം നശിപ്പിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഭക്ഷ്യവിഷബാധ കണ്ടെത്തിയ ഉടന്‍ തന്നെ പാന്‍ട്രികാറില്‍ നിന്ന് സാംപിള്‍ ശേഖരിച്ച ശേഷം സീല്‍ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ അന്‍പതിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ട്രെയിന്‍ എറണാകുളം എത്തുന്നതു വരെ പാന്‍ട്രികാര്‍ പൂട്ടിയിരുന്നില്ല. വെജിറ്റബിള്‍ ബിരിയാണിയും ഓംലറ്റും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ രണ്ടും ഒഴിവാക്കി മറ്റു ഭക്ഷണം വിതരണം ചെയ്തതും കുറ്റകരമാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി കേറ്ററേഴ്‌സ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു ട്രെയിനിലെ പാന്‍ട്രികാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കരാര്‍ എടുത്തത് . സംഭവത്തെത്തുടര്‍ന്നു കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാന്‍ റയില്‍വേ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ ആരോഗ്യ വകുപ്പ് വിഭാഗവും ശേഖരിച്ച ഭക്ഷണ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി  കോഴിക്കോട്ടെ അനാലിറ്റിക്കല്‍ ലാബില്‍ പരിശോധിക്കും. റയില്‍വേ ഫുഡ് സേഫ്റ്റി അധികൃതര്‍ ശേഖരിച്ച സാംപിള്‍ മൈസൂരിലെയോ ഹൈദരാബാദിലെയോ ലാബുകളിലാവും പരിശോധിക്കുക.
പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ക്കായി കേസ് നോര്‍ത്ത് - വെസ്‌റ്റേണ്‍ റയില്‍വേയ്ക്ക് കൈമാറാനാണ് ദക്ഷിണ റയില്‍വേ അധികൃതരുടെ തീരുമാനം.

പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പരും ഇ-മെയിലും 
മുംബൈ * പാന്‍ട്രിയിലെ ഭക്ഷണത്തെക്കുറിച്ചുള്ള പരാതി ട്രെയിനില്‍ ടിടിഇയെ അറിയിക്കാം. കണ്ടക്ടര്‍ ഓഫ് ദ് ട്രെയിന്‍ ആയി പരിഗണിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ടിടിഇ, പാന്‍ട്രി കാര്‍ മാനേജര്‍, ഗാര്‍ഡ്, സ്‌റ്റേഷന്‍ മാനേജര്‍ തുടങ്ങിയവരുടെ പക്കലുള്ള പരാതിപ്പുസ്തകം ഏതു സമയത്തും യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. സ്‌റ്റേഷനുകളിലെ റിഫ്രഷ്‌മെന്റ് റൂമുകളിലും പരാതിപ്പുസ്തകമുണ്ട്. പരാതിക്കൊപ്പം പിഎന്‍ആര്‍ നമ്പര്‍, പേര്, സീറ്റ് നമ്പര്‍, ട്രെയിന്‍ നമ്പര്‍, തീയതി, പൂര്‍ണ മേല്‍വിലാസം തുടങ്ങിയവ രേഖപ്പെടുത്തണം. ഇതിനു പുറമെ, 1800 111 139 എന്ന ടോള്‍ ഫ്രീ നമ്പരിലും  x എന്ന ഇ മെയിലിലും പരാതികള്‍ അറിയിക്കാം്. എന്നാല്‍ ലഭ്യമായ സൗകര്യങ്ങള്‍ യാത്രക്കാര്‍ പലപ്പോഴും അറിയുന്നില്ലെന്നതാണു വസ്തുത.

ട്രെയിനുകളിലും സ്‌റ്റേഷനുകളിലും മികച്ച ഭക്ഷണം ഉറപ്പാക്കാന്‍ റയില്‍വേ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇപ്രകാരം:
* കോച്ച് അറ്റന്‍ഡന്റിനോ കണ്ടക്ടര്‍ക്കോ വെയ്റ്റര്‍ക്കോ നേരത്തെ തന്നെ ഓര്‍ഡര്‍ നല്‍കുക.
* പണം നല്‍കുമ്പോള്‍ ക്യാഷ് മെമ്മോ ആവശ്യപ്പെടുക.
* മെനു, താരിഫ് കാര്‍ഡുകള്‍ ശ്രദ്ധിക്കുക.
Source:http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?channelId=-1073751706&programId=1074439323&contentId=14813059&BV_ID=@@@tabId=11

No comments:

Post a Comment