ഭക്ഷ്യസുരക്ഷാ ഭീഷണി വീണ്ടും ശക്തമാകുമ്പോള്‍ സര്‍ക്കാര്‍ പതിവ് നിസംഗതയില്‍. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കാരണം മരണം സംഭവിച്ച് നാളുകളായിട്ടും ഇതുവരെ ആവശ്യത്തിന് നടപടിയെടുക്കാതെ വീണ്ടുമൊരു ദുരന്തത്തിന് കാക്കുകയാണ് സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷ നിലവാര നിയമം പൂര്‍ണമായും നടപ്പാക്കാന്‍പോലും ഇതുവരെയായിട്ടില്ല. ജീവനക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്താകെ 140 ഫുഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയാണുള്ളത്. ഇതില്‍ 60 തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നിലവിലുള്ളവരില്‍ ചില ജീവനക്കാര്‍ അവധിയിലാണ്. എംഎസ്സി കെമിസ്ട്രിയാണ് ഫുഡ് സേഫ്റ്റി ഓഫീസറാകാനുള്ള യോഗ്യത. നിലവില്‍ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കാസര്‍കോട് ജില്ലയില്‍ നിലവില്‍ രണ്ട് ഒഴിവുണ്ട്. ഒരെണ്ണത്തില്‍ ഓഫീസറുണ്ടെങ്കിലും അവധിയിലാണ്. മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥനാണ് ഇയാളുടെ ചുമതല വഹിക്കുന്നത്. കണ്ണൂര്‍ ജില്ലയുടെ ചുമതലകൂടി ഇദ്ദേഹത്തിനുണ്ട്. ജീവനക്കാരുടെ അഭാവം നടപടികളില്‍ കാലതാമസമുണ്ടാക്കുന്നു. ഭക്ഷ്യ സാമ്പികളുടെ പരിശോധനക്ക് നിയമപ്രകാരമുള്ള ലബോറട്ടറികള്‍ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. മോശമായ ഭക്ഷണമാണെങ്കില്‍ ഇതിനുത്തരവാദികളായവര്‍ക്ക് തടവും പിഴയും വിധിക്കാന്‍ അധികാരമുള്ള സ്‌പെഷ്യല്‍ കോടതികളും ആരംഭിച്ചിട്ടില്ല. ഭക്ഷണം മോശമാണെങ്കില്‍ അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള അധികാരം അഡ്ജുഡിക്കേറ്റുമാര്‍ക്കുണ്ട്. നിലവില്‍ എഡിഎമ്മാണ് അഡ്ജുഡിക്കേറ്റര്‍. ഇവര്‍ക്ക് ഇതിനായുള്ള സമയക്രമം നിശ്ചയിച്ച് നല്‍കാനാകാത്തതും പ്രയാസമുണ്ടാക്കുന്നു.
Source:http://www.deshabhimani.com/newscontent.php?id=341037
Source:http://www.deshabhimani.com/newscontent.php?id=341037
No comments:
Post a Comment