Ads 468x60px

Monday, July 22, 2013

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ലാബുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പാലക്കാടും കാസര്‍ഗോഡും പുതിയ ലാബുകള്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ലബോറട്ടറി സൗകര്യങ്ങള്‍ 50 കോടി രൂപ ചെലവില്‍ വിപുലമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലാബും എറണാകുത്തും കോഴിക്കോടുമുള്ള റീജിയണല്‍ അനലിറ്റിക്കല്‍ ലാബുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. അതിര്‍ത്തി ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി പാലക്കാടും കാസര്‍ഗോഡും പുതിയ ലാബുകള്‍ തുടങ്ങും. അടിയന്തിര ഭക്ഷ്യപരിശോധനാ സൗകര്യം വിപുലപ്പെടുത്തുന്നതിന് 3 മൊബൈല്‍ ലബോറട്ടറികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഇവ യാഥാര്‍ഥ്യമാക്കുക. തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലാബിന്റെ മൂന്നുവര്‍ഷം (2013-2016) നീണ്ടുനില്‍ക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒമ്പത് കോടിയുടെ കേന്ദ്രസഹായം ഉള്‍പ്പെടെ 12 കോടി രൂപയാണ് വിനിയോഗിക്കുക. ഈ ലാബിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഡിസംബറില്‍ സമര്‍പ്പിക്കും. കൊച്ചി, കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബുകള്‍ 24 കോടി രൂപ ചെലവിലാണ് നവീകരിക്കുക. ഇതില്‍ 18 കോടി കേന്ദ്ര വിഹിതവും ആറ് കോടി സംസ്ഥാന വിഹിതവുമാണ്. 2014 മുതല്‍ 2017 വരെയാണ് പദ്ധതിയുടെ കാലാവധി. ഈ ലാബുകള്‍ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസല്‍ അടുത്തവര്‍ഷം സമര്‍പ്പിക്കും. 14 കോടി രൂപ ചെലവിലാണ് പാലക്കാടും കാസര്‍ഗോഡും പുതിയ ലാബുകള്‍ ആരംഭിക്കുക. ഇതില്‍ 9.2 കോടി കേന്ദ്രസഹായമായി ലഭിക്കും. 2015 മുതല്‍ 2017 വരെയാണ് പദ്ധതിക്കാലയളവ്. പത്തനംതിട്ടയിലെ ജില്ലാ ഫുഡ് സേഫ്ടി ലാബിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ലാബുകളുടെ വികസനത്തിനും മൊബൈല്‍ ലാബുകള്‍ ആരംഭിക്കുന്നതിനും ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 4.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റീജീയണല്‍ അനലിറ്റിക് ലാബുകളുടെ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 40 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. തിരുവനന്തപുരം അനലിസ്റ്റ് ലാബില്‍ മൈക്രോബയോളജി പ്രത്യേക വിഭാഗം ഉടന്‍ ആരംഭിക്കുമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. പാല്‍ ഉള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, കുടിവെള്ളം മുതലായവയില്‍ രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നത് മൈക്രോബയോളജി വിഭാഗത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍, മത്സ്യം, മാംസം, പഴം, പച്ചക്കറി മുതലായവയില്‍ കീടനാശിനികള്‍, ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍ മുതലായവ ചേര്‍ത്തിട്ടുണ്ടോയെന്നത് കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയുടെ തിരുവനന്തപുരത്തുള്ള പെസ്റ്റിസൈഡ് ലാബ്, മൃഗസംരക്ഷണവകുപ്പിന്റെ തൃശ്ശൂരിലുള്ള ലാബ്, കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ലാബ് എന്നിവയുടെ സേവനവും പരിശോധനകള്‍ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും ഫുഡ് സേഫ്ടി ഓഫീസര്‍മാരെ വിന്യസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണം, റംസാന്‍ ഉത്സവവേളയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണവസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കാന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകറിന് നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഈ മാസം 22 ന് തൃശ്ശൂര്‍ രാമനിലയത്തില്‍ സംസ്ഥാനത്തെ ഫുഡ് സേഫ്ടി ഓഫീസര്‍മാരുടെയും, 24 ന് തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലാബില്‍, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാരുടെയും യോഗങ്ങള്‍ വിളിച്ചുകൂട്ടും.
Source:http://veekshanam.com

No comments:

Post a Comment