Ads 468x60px

Wednesday, July 2, 2014

ഭക്ഷ്യസുരക്ഷ സര്‍ക്കിളുകളില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം

തൊടുപുഴ: സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണറേറ്റിന് കീഴിലെ സര്‍ക്കിളുകളില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം. ജീവനക്കാരില്ലാത്തതിനാല്‍ സര്‍ക്കിളുകള്‍ നേരിടുന്ന പ്രതിസന്ധി മറയാക്കിയാണ് ചട്ടങ്ങള്‍ മറികടന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്. ഈ മേഖലയില്‍ ജോലി ലക്ഷ്യമിട്ട് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നൂറുകണക്കിന് യുവാക്കള്‍ തൊഴിലില്‍ തേടി അലയുമ്പോഴാണ് പി.എസ്.സിയെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമം.
എല്ലാ ജില്ലകളിലും ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്ക് 10 മുതല്‍ 18 വരെ പഞ്ചായത്തുകളുടെ ചുമതലയുള്ളതിനാല്‍ നിയോജകമണ്ഡലത്തിന് ഒരു ഫുഡ് സേഫ്റ്റി ഓഫിസര്‍ എന്ന നിലയില്‍ അധികാരപരിധി പുതുക്കണമെന്നും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് ഉടന്‍ നിയമനം നടത്തണമെന്നും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ചെയര്‍മാനായ നിയമസഭ സമിതി 2013 ഏപ്രില്‍ ഒമ്പതിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്തിട്ടുണ്ട്. ജീവനക്കാരില്ലാതെ ഭൂരിഭാഗം സര്‍ക്കിളുകളും നോക്കുകുത്തിയായതും യോഗ്യരായവരെ നിയമിക്കാന്‍ നപടികളില്ലാത്തതും നേരത്തേ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് സര്‍ക്കിളുകളുടെ പ്രതിസന്ധി പരിഹരിക്കാനെന്നപേരില്‍ ആരോഗ്യ വകുപ്പില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ നേരിട്ട് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായി നിയമിക്കാനുള്ള നീക്കം. ഫുഡ് സേഫ്റ്റി ഓഫിസറുടെ യോഗ്യതകളും നിയമനരീതിയും സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഉത്തരവ് (G.O(Ms)No.465/2013/H&FWD) പുറപ്പെടുവിച്ചിരുന്നു. 2006 ലെ ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയമപ്രകാരം ഫുഡ് സേഫ്റ്റി ഓഫിസറുടെ മുഖ്യ യോഗ്യത ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, ബയോടെക്നോളജി, ഓയില്‍ ടെക്നോളജി, അഗ്രികള്‍ച്ചറല്‍ സയന്‍സ്, വെറ്ററിനറി സയന്‍സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി എന്നിവയിലൊന്നില്‍ ബിരുദമോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദമോ ആണെന്നും നിയമനം പി.എസ്.സി വഴി നേരിട്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് നിലനില്‍ക്കെയാണ് ആരോഗ്യവകുപ്പില്‍ നിലവില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് എം.എസ്സി കെമിസ്ട്രി യോഗ്യതയുള്ളവരെ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായി നിയമിക്കാനൊരുങ്ങുന്നത്. പുതുതായി നിലവില്‍ വന്ന സര്‍ക്കിളുകളില്‍ സര്‍ക്കാര്‍ തസ്തികകള്‍ അനുവദിച്ച് പി.എസ്.സി വഴി നിയമനനടപടി പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാന്‍ താല്‍ക്കാലിക നിയമനമാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇതിന് ഭക്ഷ്യസുരക്ഷ കമീഷണറേറ്റിന്‍െറ വിശദീകരണം. എന്നാല്‍, ലക്ഷങ്ങള്‍ ചെലവഴിച്ച് ആറുമാസത്തെ പരിശീലനം നല്‍കി നിയമിക്കുന്ന ഫുഡ് സേഫ്റ്റി ഓഫിസര്‍മാരെ പിന്നീട് ഒഴിവാക്കുന്നത് അത്രയെളുപ്പമല്ളെന്ന് കമീഷണറേറ്റിലുള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
140 ഭക്ഷ്യസുരക്ഷ സര്‍ക്കിളുകളില്‍ 50 എണ്ണത്തില്‍ മാത്രമെ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുള്ളൂ. കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ 74 ഒഴിവുണ്ട്. ഫുഡ് ടെക്നോളജി, ഫുഡ് സയന്‍സ്, ഭക്ഷണങ്ങളുടെ ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.
Source:http://www.madhyamam.com/news/294517/140627

No comments:

Post a Comment