Ads 468x60px

Monday, July 14, 2014

ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസ്: തീരുമാനം നീളുന്നു

തിരു: സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനം നീളുന്നു. നിയമസഭാ വിഷയനിര്‍ണയ സമിതിയുടെ 2013 ഡിസംബറിലെ ശുപാര്‍ശപ്രകാരം ജൂണ്‍ 30നകം മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഭൂരിപക്ഷം മണ്ഡലങ്ങളിലും ഓഫീസ് കണ്ടെത്താന്‍പോലുമായിട്ടില്ല. മുഴുവന്‍ മണ്ഡലങ്ങളിലെയും ഓഫീസുകള്‍ ഒരുമിച്ച് ഉദ്ഘാടനംചെയ്യുമെന്നാണ് പ്രഖ്യാപനമെങ്കിലും ഇത് എന്ന് നടക്കുമെന്ന് ഉറപ്പില്ല.
ഓഫീസ് ഏറ്റെടുത്ത് അക്കൗണ്ടന്റ് ജനറലിന്റെ അനുമതി നേടിയേ പ്രവര്‍ത്തനം തുടങ്ങാനാവൂ. എന്നാല്‍, സര്‍ക്കാര്‍ ഓഫീസിന് വാടകയ്ക്ക് കെട്ടിടം നല്‍കാന്‍ ആളുകള്‍ മടിക്കുന്നു. സര്‍ക്കാരിനാകട്ടെ സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്താനും കഴിയുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമുണ്ടായിരുന്ന ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായി മാറ്റി നിയമിക്കുകയും സെക്ഷന്‍ ഓഫീസുകളുടെ ചുമതലക്കാരായി തീരുമാനിക്കുകയും ചെയ്തുവെങ്കിലും ഓഫീസുകള്‍ യാഥാര്‍ഥ്യമാകാത്തതിനാല്‍ ഇവര്‍ രണ്ടാംതരക്കാരെപ്പോലെ വിവേചനം നേരിടുകയാണ്. നിലവിലുള്ള ഏതെങ്കിലും സര്‍ക്കിള്‍ ഓഫീസിലാണ് ഇവര്‍ ജോലിചെയ്യുന്നതെങ്കിലും പലയിടത്തും കസേരപോലുമില്ല. സാമ്പിള്‍ ശേഖരണത്തിനടക്കമുള്ള ചെലവും ലഭിക്കുന്നില്ല. ശമ്പളം പോലും നേരിട്ട് കിട്ടുന്നില്ല. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ശമ്പളം വാങ്ങി നല്‍കേണ്ട സ്ഥിതിയാണ്. മറ്റ് ചെലവുകള്‍ക്കും നടപടിയായിട്ടില്ല.
140 മണ്ഡലത്തിലെയും സുരക്ഷാ ഓഫീസര്‍മാരില്‍ എഴപതോളം പേരുടെ കുറവ് നിലവിലുണ്ട്. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. സര്‍ക്കിള്‍ ഓഫീസുകളില്‍ ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികളിലേക്കും നിയമനം നടക്കുന്നില്ല. നിലവില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ജനം പരാതിപ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ പിടിപ്പത് ജോലിയാണ് ഈ വിഭാഗത്തിനുള്ളത്. ജോയിന്റ് കമീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) നിയമനവും അനിശ്ചിതമായി നീളുകയാണ്.
Source:http://www.deshabhimani.com

No comments:

Post a Comment