പള്ളുരുത്തി: കൊച്ചി നഗരത്തില്‍ സുനാമി ഇറച്ചി ശേഖരിച്ച് വില്പന
നടത്തുവാന്‍ ശ്രമിച്ചയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി
പള്ളുരുത്തി പോലീസ് കേസെടുത്തു. പള്ളുരുത്തി ആനക്കുഴിയില്‍, കൊച്ചുകോയ
(48)യ്‌ക്കെതിരെയാണ് കേസെടുത്തത്. പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന
കേസാണ് ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏഴിനാണ് 1000
കിലോഗ്രാം സുനാമി ഇറച്ചി ഇടക്കൊച്ചിയില്‍ പീലിങ് ഷെഡ്ഡില്‍നിന്ന് പെട്ടി
ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടയില്‍ നഗരസഭാധികൃതര്‍ പിടികൂടിയത്. പഴകിയ
ഇറച്ചിയില്‍ അപകടകരമായ വിധത്തില്‍ രാസ പദാര്‍ഥങ്ങളും ചേര്‍ത്തിരുന്നു. എന്നാല്‍
നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് കേസെടുക്കുമെന്ന് ആദ്യം
പറഞ്ഞുവെങ്കിലും അതു നടന്നില്ല. ഇതിനിടയില്‍ ഇറച്ചി നശിപ്പിച്ചു കളഞ്ഞു.
തെളിവില്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാന്‍ ഫുഡ് സേഫ്റ്റി വിഭാഗം
ഉദ്യോഗസ്ഥരും തയ്യാറായില്ല. തുടര്‍ന്ന് ക്രിമിനല്‍ നടപടികള്‍ക്കായി
നഗരസഭാ അധികൃതര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇറച്ചി പിടികൂടിയ നഗരസഭാ
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബീനയില്‍ നിന്ന് സ്റ്റേറ്റ്‌മെന്‍റ് എടുത്ത
ശേഷമാണ്‌പോലീസ് നടപടികള്‍ തുടങ്ങിയത്. ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്ക്
അയച്ചതായി നഗരസഭാധികൃതര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം
യഥാസമയത്ത് പോലീസിന് പരാതി നല്‍കാതിരുന്നതിനാല്‍ ശരിയായ രീതിയിലുള്ള
നടപടിക്രമങ്ങള്‍ യഥാസമയത്ത് പൂര്‍ത്തിയാക്കുവാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
എന്നാല്‍ നിയമോപദേശം തേടിയശേഷമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
ആദ്യഘട്ട അന്വേഷണത്തിനുശേഷം അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Source:http://www.mathrubhumi.com
No comments:
Post a Comment