Ads 468x60px

Monday, September 23, 2013

ഭക്ഷ്യവിഷത്തിന്റെ രുചിക്കൂട്ടുകള്‍


 

Source:http://www.janmabhumidaily.com
ഈയടുത്ത കാലത്തായി ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലും കേടുവന്ന ഭക്ഷണ പദാര്‍ത്ഥ വില്‍പനയും അളവിലും തൂക്കത്തിലും നടക്കുന്ന തട്ടിപ്പും മറ്റും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുകയാണ്‌. കൊച്ചിയില്‍ പിടിച്ചെടുത്ത ആയിരത്തിലധികം കിലോ ചീഞ്ഞളിഞ്ഞ സുനാമി ഇറച്ചി തന്നെയാണ്‌ ഇതിരെ താരം. സമൂസ, പഫ്സ്‌, ബര്‍ഗര്‍, കട്ട്ലേറ്റ്‌, ദംബിരിയാണി, ഷവര്‍മ, ഹോട്ട്ഡോഗ്‌, പിസ, സാന്റ്‌വിച്ച്‌ തുടങ്ങിയ ന്യൂജനറേഷന്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കാനാണ്‌ സുനാമി ഇറച്ചി ഉപയോഗിച്ച്‌ വരുന്നതെന്നാണ്‌ പറയുന്നത്‌. ഇറച്ചി പൊടുന്നനെ ചെറിയ കഷ്ണങ്ങളാക്കി വിഭജിക്കുവാന്‍ സുനാമി ഇറച്ചി നല്ലതാണത്രെ! പട്ടിയും വന്യമൃഗങ്ങളും വരെ തിന്നുവാന്‍ മടിക്കുന്ന ഇറച്ചിയാണ്‌ സുനാമി ഇറച്ചി. രോഗാണുക്കളുടെ വിഹാര രംഗമാണിത്‌. ഒരു വിഭാഗം ഈ ഇറച്ചികൊണ്ട്‌ ഉണ്ടാക്കിയാല്‍ അത്‌ വിറ്റ്‌ തീരുന്നതുവരെ ആഴ്ചകളും മാസങ്ങലും ഫ്രീസറിലും ഓവനിലും മാറിമാറി വെച്ച്‌ ഫ്രഷ്‌ ആക്കുന്ന പതിവും കൊച്ചിയിലുണ്ട്‌. മെട്രോ നഗരമായി വളരുന്ന കൊച്ചിയുടെ നാറുന്ന മുഖത്തിന്‌ ഏറ്റവും പുതിയ ഉദാഹരണം. ആധുനിക ജീവിതത്തിന്റെ ഭാഗമായി ഫ്ലാറ്റ്‌ നിവാസികളും വില്ല നിവാസികളും നടത്തുന്ന പുറത്തെ ഭക്ഷണ ഭ്രമമാണ്‌ വില്‍പനക്കാരുടെ ടാര്‍ജറ്റ്‌. ന്യൂക്ലിയസ്‌ ഫാമിലികളുടെ ആഴ്ചാവസാനമുള്ള ഔട്ടിംഗ്‌ മുതലാക്കുകയെന്ന കച്ചവടക്കണ്ണും ഇതിന്‌ പുറകിലുണ്ട്‌. അജിനോമോട്ടോ ചേര്‍ക്കുന്നതോടെ വിഭവങ്ങളെല്ലാം രുചികരമാകുന്നു. രാസപരമായി ഒരു മയക്കുമരുന്നായതിനാല്‍ അജിനോമോട്ടോ ചേര്‍ത്ത ആഹാരത്തിന്‌ വീണ്ടും വീണ്ടും ആവശ്യക്കാര്‍ വര്‍ധിക്കുന്നു. കാന്‍സറിന്‌ വഴിവെയ്ക്കുന്ന വിഷാംശം കലര്‍ന്ന ഈ രാസപദാര്‍ത്ഥം ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത്‌ നിരോധിച്ചിട്ടുണ്ടെങ്കിലും ആഡംബര ഭക്ഷ്യശാലകള്‍ മുതല്‍ തട്ടുകടകള്‍ വരെയുള്ള വഴിയോര ഭക്ഷ്യവസ്തു വില്‍പന കേന്ദ്രങ്ങളില്‍വരെ അജിനോമോട്ടോ ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ സുലഭമാണ്‌.


ചീഞ്ഞളിഞ്ഞ ഇറച്ചിഭക്ഷണങ്ങള്‍ രുചികരമാക്കുന്നതിനും ആകര്‍ഷകമാക്കുന്നതിനും സ്വാദിഷ്ഠമാക്കുന്നതിനും പൊടികൈകള്‍ വളരെയേറെയാണ്‌. അനുവദനീയമല്ലാത്ത നിറക്കൂട്ടുകള്‍, അനാരോഗ്യകരമായ ഭക്ഷ്യഎണ്ണകള്‍, രുചിഭേദങ്ങള്‍ക്കുള്ള അംഗീകൃതമല്ലാത്ത ചേരുവകള്‍ എന്നിവയെല്ലാം കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ഇത്തരം ആഹാരപദാര്‍ത്ഥങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്‌. ജീവിതശൈലി രോഗങ്ങളുടെ ആവിര്‍ഭാവം ഇത്തരം ആഹാരങ്ങളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. ഇറച്ചി ഇങ്ങനെയാണെങ്കില്‍ മീന്‍ കേടാവാതിരിക്കുവാന്‍ മൃതശരീരങ്ങള്‍ കേടാവാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ ഡി ഹൈഡ്‌ ചേര്‍ത്ത ഐസ്പൊടിയും ഐസ്‌ കട്ടകളുമാണ്‌ ഉപയോഗിക്കുന്നത്‌. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും മത്സ്യം ഫോര്‍മാല്‍ ഡി ഹൈഡ്‌ ചേര്‍ത്ത ശീതീകരണികളിലിരിക്കുമ്പോള്‍ ഈ രാസപദാര്‍ത്ഥം മത്സ്യത്തിന്റെ ശരീരകോശങ്ങളില്‍ ആഗീരണം ചെയ്തിരിക്കും. പിന്നെ മീന്‍ എത്ര കഴുകിയാലും ഫോര്‍മാല്‍ഡി ഹൈഡിന്റെ അംശം പോകില്ല. വറുത്തോ, കറിയായോ മത്സ്യം കഴിക്കുമ്പോള്‍ രക്താര്‍ബുദത്തിനും കാഴ്ചക്കുറവിനും ഇടവരുത്തുന്ന ഫോര്‍മാല്‍ഡി ഹൈഡ്‌ മനുഷ്യശരീരത്തിലെത്തുന്നു. രുചിക്കൂട്ടുകള്‍ ചേര്‍ക്കുമ്പോള്‍ ഇറച്ചിപോലെ മീനും സ്വാദിഷ്ഠമായി മാറുന്നു. ഇറച്ചിയിലും മീനിലും ചേര്‍ക്കുന്ന മിക്കവാറും രാസപദാര്‍ത്ഥങ്ങളെല്ലാം കുടലിലെ അള്‍സറിന്‌ കാരണമാക്കുന്നവയാണെന്നാണ്‌ മെഡിക്കല്‍ സയന്‍സ്‌ വ്യക്തമാക്കുന്നത്‌. 2012 ജൂലായ്‌ 10 നാണ്‌ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍നിന്ന്‌ ഷവര്‍മ കഴിച്ച ഹോട്ടല്‍ മാനേജ്മെന്റ്‌ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്‍ മാത്യു ജൂലൈ 14 ന്‌ മരണമടഞ്ഞത്‌. ഇതേ ഹോട്ടലില്‍നിന്നും ഇതേ ദിവസംഷവര്‍മ്മ കഴിച്ച സിനിമാ നടന്‍ തിലകന്റെ മകനും വീട്ടുകാരും ആശുപത്രിയിലായ സംഭവവും ഉണ്ടായി. ആരോഗ്യവിഭാഗം സാമ്പിള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തെങ്കിലും തുടര്‍നടപടികളെക്കുറിച്ചൊന്നും പിന്നീട്‌ കേട്ടില്ല.
ആഹാരപദാര്‍ത്ഥങ്ങളില്‍ കോള്‍ടാര്‍ നിറങ്ങള്‍ അത്യധികമായി ഉപയോഗിച്ചുവരുന്നുണ്ട്‌. നാവു മുതല്‍ കുടലറ്റംവരെ രോഗകാരികളാക്കുന്ന വിനാശകാരികളായ ഒട്ടനേകം രാസപദാര്‍ത്ഥങ്ങള്‍ നാം അറിയാതെ ശരീരത്തിലെത്തുന്നുണ്ട്‌. ട്യൂമറിലേയ്ക്കും കാന്‍സറിലേയ്ക്കും ഗ്യാസ്ട്രബിളിലേയ്ക്കും അള്‍സറിലേയ്ക്കും അസിഡിറ്റിയിലേയ്ക്കും തള്ളിവിടുന്ന അസംഖ്യം രാസപദാര്‍ത്ഥങ്ങളാണ്‌ വിവിധ ഭക്ഷ്യവസ്തുക്കളിലൂടെ നമ്മുടെ ഉള്ളില്‍ എത്തുന്നത്‌. മധുരപലഹാരങ്ങളില്‍ നിറം പകരാന്‍ ക്രോം മഞ്ഞ, മഞ്ഞള്‍ പൊടി, ചെമ്പ്‌, ആര്‍സനിക്‌ ലവണങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ചുവരുന്നുണ്ട്‌. മാങ്ങ പഴുപ്പിക്കാന്‍ കാര്‍ബൈഡ്‌ ഉപയോഗം സര്‍വസാധാരണമായിരിക്കുന്നു. യൂറിയ, കോസ്റ്റിക്‌ സോഡ, വിലകുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക്‌ പൊടി ഒരല്‍പ്പം, സാധാരണ പാല്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമപാല്‍ ഒരു നിയന്ത്രണവുമില്ലാതെ മാര്‍ക്കറ്റില്‍ ഒഴുകുകയാണ്‌. കാഴ്ചശക്തി നാശം, കേള്‍വി കുറവ്‌, കാന്‍സര്‍ എന്നീ രോഗങ്ങളാണ്‌ കൃത്രിമ പാല്‍ വരുത്തിവയ്ക്കുന്നത്‌. കൃത്രിമ പാലില്‍നിന്നും കട്ടിപ്പാല്‍, പനീര്‍, നെയ്യ്‌, വെണ്ണ, ക്രീം എന്നിവയും ഉണ്ടാക്കുന്നുണ്ട്‌. വെണ്ണയില്‍ മായം ചേര്‍ക്കാന്‍ പോത്തിന്റെ നെയ്യില്‍നിന്നും എടുക്കുന്ന ഒലിയോമാര്‍ഗറേന്‍ ഉപയോഗിക്കുന്നുണ്ടത്രെ! ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുവരാതിരിക്കുവാന്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റിവുകളായ സാലിസിലിക്‌ ആസിഡ്‌, ബെന്‍സോയിക്‌ ആസിഡ്‌, ബോറിക്‌ ആസിഡ്‌, ഫോര്‍മാല്‍ ഡിഹൈഡുകള്‍, അമോണിയം ഫ്ലൂറൈഡ്‌, സള്‍ഫ്യൂറസ്‌ ആസിഡ്‌ എന്നിവയുടെ നിരന്തരമായ ഉപയോഗം രാസാഗ്നികളുടെയും കോശങ്ങളുടെയും നാശത്തിന്‌ വഴി വയ്ക്കുന്നുണ്ട്‌. ജന്തുക്കളുടെ എല്ലിനുള്ളിലെ മജ്ജ ചീഞ്ഞളിഞ്ഞ രീതിയില്‍ പുറത്തെടുത്ത്‌ ഉണ്ടാക്കുന്ന ജലാറ്റിന്‍ കൊണ്ടാണ്‌ കാപ്സ്യൂള്‍ ഗുളികകളുടെ കാപ്സ്യൂള്‍ (പുറംതോട്‌)ഉണ്ടാക്കുന്നതെന്ന സത്യം കാപ്സ്യൂള്‍ ഗുളിക കഴിക്കുന്ന സസ്യഭുക്കുകള്‍ക്ക്‌ ഞെട്ടലുണ്ടാക്കുന്ന വസ്തുതയായിരിക്കും. യൂറോപ്പിലെ പോത്ത്‌ ഇറച്ചിയിലെ മായം ചേര്‍ക്കല്‍ തട്ടിപ്പ്‌ പുറത്തായത്‌ 2013 ജനുവരി 15-നായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും വിതരണം ചെയ്ത പോത്തിറച്ചിയില്‍ ചേര്‍ത്ത മായം കുതിര ഇറച്ചിയും പന്നിയിറച്ചിയും ആയിരുന്നു. ഐറിഷ്‌, ബ്രിട്ടീഷ്‌ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്ത ബീഫ്ബര്‍ഗറുകില്‍ കുതിരയിറച്ചിയും പന്നിയിറച്ചിയും (പോര്‍ക്ക്‌) കലര്‍ത്തിയതായി ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു. ഇംഗ്ലണ്ടിലും (യുകെ), അയര്‍ലന്റിലുമുള്ള മുസ്ലിം, ജൂത മത വിശ്വാസികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചതായിരുന്നു ഡിഎന്‍എ ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍.
ഫിനെയില്‍ ബ്യൂട്ടാസോണ്‍ എന്ന നിരോധിത ജന്തുമരുന്ന്‌ ഈ മായം ചേര്‍ത്ത ആഹാരപദാര്‍ത്ഥങ്ങളില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പന്തയഓട്ടത്തിന്‌ ഉപയോഗിക്കുന്ന കുതിര കളില്‍ സ്പോണ്ടിലൈറ്റിസ്‌ എന്ന അസുഖത്തിന്‌ ഉപയോഗിക്കുന്ന മരുന്നാണ്‌ ഫിനെയില്‍ ബ്യൂട്ടാസോണ്‍ എന്ന ജന്തു മരുന്ന്‌. ആഹാരത്തിന്‌ ഉപയോഗിക്കുന്ന മൃഗങ്ങളില്‍ ഒരിക്കലും ഈ ഔഷധം ഉപയോഗിക്കാന്‍ പാടില്ലാത്തതായിരുന്നു. പോത്തിറച്ചിയില്‍ കുതിരയിറച്ചി ചേര്‍ത്ത്‌ വില്‍പന നടത്തിയ യൂറോപ്പിലെ 13 രാജ്യങ്ങളില്‍ ഇറച്ചികളില്‍ ഫിനെയില്‍ ബ്യൂട്ടോസോണിന്റെ അളവ്‌ ക്രമാതീതമായി കണ്ടെത്തിയതാണ്‌ കുതിരയിറച്ചി മായത്തെക്കുറിച്ചും ഈ തട്ടിപ്പിനെക്കുറിച്ചും പുറംലോകം അറിയാനിടയായത്‌. പോത്ത്‌ ഇറച്ചി മായം പുറത്തായതോടെ ശേഖരിച്ച 4000 ത്തോളം സാമ്പിളുകളിലും നിരോധിച്ചിരുന്ന ഫിനെയില്‍ ബ്യൂട്ടോസോണ്‍ കണ്ടെത്തിയിരുന്നു. അയര്‍ലന്റിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി ശേഖരിച്ച 27 പോത്തിറച്ചി സാമ്പിളുകളില്‍ നടത്തിയ ഡിഎന്‍എ ടെസ്റ്റില്‍ 37 ശതമാനം കുതിരയിറച്ചിയ്ക്ക്‌ പോസിറ്റീവ്‌ ആയും 85 ശതമാനം പോര്‍ക്കിറച്ചിയ്ക്ക്‌ പോസിറ്റീവായും കണ്ടെത്തി. ഇതോടെ പോത്തിറച്ചികൊണ്ടുള്ള ബര്‍ഗറുകളും ഇറച്ചി പന്ത്‌ ഉല്‍പ്പന്നങ്ങളും 5000ത്തിലേറെ ഭക്ഷണശാലകളില്‍നിന്നും പൊടുന്നനെ അപ്രത്യക്ഷമായി. പിന്നീട്‌ റൊമാനീയയില്‍ നിന്നുള്ള ഇറച്ചി വെട്ടു കേന്ദ്രങ്ങളില്‍നിന്നാണ്‌ പോത്ത്‌ ഇറച്ചി മായം ചേര്‍ത്ത്‌ വില്‍പന നടത്തിയതെന്ന്‌ കണ്ടെത്തുകയും അവര്‍ക്ക്‌ നെതര്‍ലാന്റില്‍നിന്നുമാണ്‌ കുതിരയിറച്ചി ലഭിച്ചതെന്നും കണ്ടെത്തി. സമാനമായ കുതിരയിറച്ചി തട്ടിപ്പ്‌ ഫ്രാന്‍സിലും ഉണ്ടായി.
ആഗോളീകരണത്തിന്റെ തിക്താനുഭവമായിട്ടാണ്‌ ഈ അന്താരാഷ്ട്ര തട്ടിപ്പിനെ നിരീക്ഷകര്‍ കാണുന്നത്‌. ബിരിയാണിയില്‍ മായം ചേര്‍ത്ത്‌ വില്‍പന നടത്തിയതിന്റെ പേരില്‍ ഹൈദരാബാദ്‌, ബോംബെ, ന്യൂദല്‍ഹി, ബംഗ്ലൂരു തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഭക്ഷ്യവിഷ ബാധയേറ്റ്‌ ആശുപത്രിയിലായത്‌ നൂറുകണക്കിനാളുകളാണ്‌. നിരോധിച്ച നിറങ്ങളും രാസപദാര്‍ത്ഥങ്ങളും മസാലക്കൂട്ടുകളും ഭക്ഷ്യഎണ്ണയും രുചിക്കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന ബിരിയാണിയ്ക്ക്‌ പക്ഷേ ആവശ്യക്കാര്‍ നിരവധിയാണ്‌. ഉദ്ദേശം ഒരുവര്‍ഷം മുമ്പാണ്‌ പഞ്ചാബിലെ പട്യാലയില്‍നിന്നും ആയിരക്കണക്കിന്‌ ലിറ്റര്‍ കൃത്രിമ പാല്‍ പഞ്ചാബ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി വെല്‍ഫെയര്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചത്‌. ചണ്ഡിഗഢില്‍ മാത്രം 3000 ടിന്‍ അതായത്‌ 30 ടണ്‍ വരുന്ന കൃത്രിമ പാല്‍ ഉപയോഗിച്ചുണ്ടാക്കിയ മധുരപലഹാരങ്ങളാണ്‌ പിടികൂടിയത്‌. ഇത്തരം മധുര പലഹാരങ്ങള്‍ ഉത്സവവേളകളില്‍ പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌, ഹരിയാന, ബീഹാര്‍, മധ്യപ്രദേശ്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സുലഭമായി വിറ്റഴിയ്ക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇവയില്‍ ഉപയോഗിക്കുന്ന നെയ്യ്‌ കൃത്രിമ പാല്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്നതാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ നിറത്തിന്‌ വേണ്ടി ചേര്‍ക്കുന്നത്‌ കഴിക്കുന്ന ആളുകളില്‍ അസിഡിറ്റി, ശക്തമായ തലവേദന, ഛര്‍ദ്ദി എന്നീ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്‌. കേടുവന്നതും പകുതി വെന്തതും മാരകവിഷമയമായ ഭക്ഷ്യവസ്തുക്കള്‍ പലതും ആരോഗ്യകരമായ ചുറ്റുപാടുകളിലും മലിനജലം ഉപയോഗിച്ചും കൃത്രിമമായി ഉപയോഗിക്കുന്നവയാണ്‌. അതുകൊണ്ടുതന്നെ മാരക രോഗങ്ങള്‍ക്ക്‌ കാരണക്കാരായ രാസപദാര്‍ത്ഥങ്ങളും രോഗകാരികളായ അമീബ, ബാക്ടീരിയ, വിരകള്‍, പൂപ്പലുകള്‍, വൈറസുകള്‍ വരെ ശരീരത്തിനകത്ത്‌ എത്തിപ്പെടുന്നു. വിരകള്‍ ശരീരത്തിനകത്ത്‌ വളരുന്നത്‌ കണ്ണുകള്‍, തലച്ചോറ്‌, കുടലുകള്‍ എന്നിവിടങ്ങളിലാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.
മായം ചേര്‍ക്കലും കൃത്രിമ ഉല്‍പ്പാദനവും ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ വര്‍ധിക്കുന്നതിന്‌ പ്രധാന കാരണങ്ങള്‍ ആവശ്യക്കാരുടെ ക്രമാതീതമായ വര്‍ധനവും ആരോഗ്യപരിപാലകരുടെ സമയാസമയങ്ങളിലുള്ള പരിശോധനക്കുറവും സമൂഹത്തിലെ മൂല്യച്യുതിയുമാണ്‌. പണമുണ്ടാക്കുവാന്‍ സഹജീവികളെ ദുരിതത്തിലേയ്ക്ക്‌ തള്ളിവിടുന്നതില്‍ മനഃസാക്ഷിയില്ലാത്ത അവസ്ഥ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കല്‍ നടക്കുന്നത്‌ ഉത്തര്‍പ്രദേശിലാണത്രെ! 2011 ല്‍ മാത്രം 3789 കേസുകള്‍ പിടിക്കപ്പെട്ടു. രാജ്യത്തെ മായം ചേര്‍ക്കലില്‍ രണ്ടാംസ്ഥാനം രാജസ്ഥാനിനാണ്‌. അഴിമതി മൂലം കേരളത്തില്‍ മായം ചേര്‍ക്കല്‍ കേസുകള്‍ വിരളമായി മാത്രമേ പിടിക്കുന്നുള്ളൂ. ഭക്ഷ്യസുരക്ഷാ സ്റ്റാന്റേര്‍ഡ്‌ ആക്ട്‌ 2006 പൂര്‍ണമായും ഇന്ത്യയില്‍ നടപ്പിലാക്കിയത്‌ ആഗസ്റ്റ്‌ 5, 2011 ലാണ്‌. പുതിയ സുരക്ഷിത ഭക്ഷണം ആക്ട്‌ 2013 കേന്ദ്രമന്ത്രിസഭയുടെ അനുമതി നേടിക്കഴിഞ്ഞിട്ടുണ്ട്‌. കേരളത്തില്‍ ജില്ലകള്‍തോറും ജില്ലാ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരും എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ മേഖലകളില്‍ മൊബെയില്‍ വിജിലന്‍സ്‌ സ്ക്വാഡുകളും ഗ്രാമീണ മേഖലകളില്‍ 60 ഫുഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഉണ്ടെങ്കിലും നടപടികള്‍ തുലോം കുറവാണ്‌.
ഇടയ്ക്കിടെ പത്രവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ നടത്തുന്ന മിന്നല്‍ പരിശോധനകള്‍ക്കപ്പുറം കേരളത്തിലെ മായം ചേര്‍ക്കലിനെ സംബന്ധിച്ച നടപടികള്‍ വളരെ കുറവാണ്‌. എന്നാല്‍ ഭക്ഷ്യവിഷബാധയെ സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തില്‍ വളരെയേറെയുണ്ട്‌. ബംഗ്ലാദേശില്‍ ഭക്ഷണ പദാര്‍ത്ഥത്തില്‍ മായം ചേര്‍ത്തതിന്‌ 14 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച സംഭവം ഉണ്ടായിട്ടുണ്ട്‌. മനുഷ്യര്‍ക്ക്‌ മാറാ രോഗങ്ങള്‍ വരുത്തിവെയ്ക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെ കൊലക്കുറ്റമാണ്‌ ചാര്‍ജ്ജ്‌ ചെയ്യേണ്ടത്‌. ഈ രംഗത്ത്‌ പഴവിഭവ ഉത്തരവ്‌ 1955, ഇറച്ചിവിഭവ ഉത്തരവ്‌ 1973, ഭക്ഷ്യഎണ്ണ കണ്‍ട്രോള്‍ ഉത്തരവ്‌ 1967, പാലും പാല്‍ ഉല്‍പ്പന്ന വിഭവ ഉത്തരവ്‌ 1992, ഫുഡ്‌ സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌ ആക്ട്‌ 2006 എന്നീ ചട്ടങ്ങളും നിയമങ്ങളും നിലവിലുണ്ടെങ്കിലും ശരിയായ നടപടികളുടെ അഭാവം മൂലം ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ നിയന്ത്രണ വിധേയമായിട്ടില്ല. തദ്ദേശ സ്വയംഭരണ വിഭാഗം, ജില്ലാ ഭരണകൂട സിവില്‍ സപ്ലൈ വകുപ്പ്‌, പോലീസ്‌, ആരോഗ്യ വകുപ്പ്‌, ലീഗല്‍ മെട്രോളജി എന്നീ വിഭാഗങ്ങള്‍ ഒത്തൊരുമിച്ച്‌ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ മായം ചേര്‍ക്കല്‍ നിയന്ത്രിക്കാനാകൂ. നിലവിലെ നിയമങ്ങളിലെ പഴുതുകളടച്ച്‌ ശക്തമായ നിയമനിര്‍മാണം നടത്തുകയും വേണം. സമയാസമയങ്ങളില്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ തുറങ്കലിലടയ്ക്കാനുള്ള ചട്ടങ്ങളും പുതിയ സുരക്ഷിത ഭക്ഷണ ആക്ട്‌, 2013 ല്‍ ഉണ്ടാകണം.

No comments:

Post a Comment