Ads 468x60px

Friday, September 27, 2013

ഹോട്ടല്‍ പൂട്ടിച്ചു, ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; ഏഴ് പേര്‍ ചികിത്സ തേടി

 Source:http://www.mathrubhumi.com
തിരുവനന്തപുരം: പഴവങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ഏഴ് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇരുപതോളം പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചേയ്തു. നെയ്യാറ്റിന്‍കര സ്വദേശികളായ സുധ, അജിന്‍, ഹരിപ്രസാദ്, രാഹുല്‍, കരമന സ്വദേശിനി സഫീറ, വര്‍ക്കല സ്വദേശിനി ബിജി, ആറ്റിങ്ങല്‍ സ്വദേശിനി അനൂജ എന്നിവരാണ് ചികിത്സ തേടിയത്. മൂന്ന് പേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേര്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാള്‍ അറ്റിങ്ങലിലെയും മറ്റൊരാള്‍ വര്‍ക്കലയിലെയും സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സ തേടിയത്. ഇവര്‍ എച്ച്.ഡി.എഫ്.സി ലൈഫിലെ ജിവനക്കാരാണ്. ഇവര്‍ ഭക്ഷണം വാങ്ങിയ പഴവങ്ങാടി ആസാദ് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം താല്‍ക്കാലികമായി പൂട്ടിച്ചു.


ലൈഫ്ഇന്‍ഷുറന്‍സ് കമ്പനിയുടെ അവലോകന യോഗത്തിനായാണ് ഇവര്‍ ചെന്തിട്ടയിലെ കമ്പനി ഓഫീസിലെത്തിയത്. യോഗത്തിനെത്തിയവര്‍ക്കായി പഴവങ്ങാടി ആസാദ് ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്ക് 33 ചിക്കന്‍ ബിരിയാണി വാങ്ങിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇറച്ചിക്ക് രുചിവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് പലരും പകുതി കഴിച്ച് മതിയാക്കിയതായി യോഗത്തിനെത്തിയവര്‍ പറയുന്നു. പലര്‍ക്കും അപ്പോള്‍ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഭക്ഷ്യവിഷബാധയാണെന്ന് തിരിച്ചറിഞ്ഞില്ല. ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് യോഗത്തില്‍ നിന്ന് ചിലര്‍ നേരത്തെ മടങ്ങുകയും ചെയ്തു. ഹരിപ്രസാദിനെയാണ് ആദ്യം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈകിട്ട് പലരും കുഴഞ്ഞ് വീണതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ഭൂരിഭാഗം പേര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കി. ഫുഡ് സേഫ്റ്റി ഉദ്യാഗസ്ഥരായ ദിലീപ്, ശ്രീദയാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടല്‍ താല്‍ക്കാലികമായി പൂട്ടാന്‍ നോട്ടീസ് നല്‍കി.

അടുത്ത ദിവസം കൂടുതല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല.

No comments:

Post a Comment