Ads 468x60px

Friday, February 1, 2013

ഓഫീസര്‍മാരായി, ഇനി ഹോട്ടല്‍ റെയ്ഡുകള്‍ ശക്തമാക്കാം

 Source:http://news.keralakaumudi.com
തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാര്‍ അനങ്ങി; ഉദ്യോഗസ്ഥക്ഷാമം അലട്ടിയിരുന്ന ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു! തലസ്ഥാനത്ത് മാസങ്ങള്‍ക്കു മുന്പ് ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കിയപ്പോഴാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരാധീനതകള്‍ വെളിവായത്. കാര്യക്ഷമമായ പരിശോധനയ്ക്ക് ആവശ്യത്തിന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഇല്ലെന്ന കാര്യം 'ഫ്‌ളാഷ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ ഒഫീസര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുന്പ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം നീണ്ടുപോകുന്നതും ഫ്‌ളാഷ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളിലാണ് കഴിഞ്ഞദിവസം പരിഹാരമായത്. വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 57 തസ്തികകള്‍ സൃഷ്ടിക്കാനാണ് കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. മുന്‍സിപ്പല്‍ സര്‍വ്വീസിലുള്ള 32 ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തികകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലേക്ക് മാറ്റാനും തീരുമാനിച്ചു. ജോയിന്റ് കമ്മിഷണറുടെ ഒരു തസ്തിക കൂടി സൃഷ്ടിക്കും. നിലവിലുള്ള ജോയിന്റ് കമ്മിഷണര്‍ തസ്തിക സ്ഥിരപ്പെടുത്തും. ഇതോടെ തല്‍ക്കാലം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

ജീവനക്കാരെ കൂടി ആവശ്യപ്പെടും

എന്നാല്‍, ഈ ഓഫീസര്‍മാര്‍ക്ക് സഹായികളായി കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരും. മന്ത്രിസഭ തീരുമാനിച്ചപ്രകാരം സൃഷ്ടിക്കപ്പെടുന്ന പുതിയ തസ്തികകളില്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനുശേഷം വകുപ്പ് ഈ ആവശ്യമുന്നയിച്ചേക്കും. ഒരു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് കീഴില്‍ രണ്ട് ഓഫീസ് സ്റ്റാഫും ഒരു പ്യൂണും ആവശ്യമുണ്ട്. ഇതാകും സര്‍ക്കാരിനോട് ആവശ്യപ്പെടുക. അതിനൊപ്പം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓഫീസുകളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയും തുടങ്ങും. അതേസമയം, വകുപ്പിന് കൂടുതല്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. പലയിടത്തും വാടകയ്ക്ക് വാഹനങ്ങള്‍ വിളിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പോകുന്നത്.

No comments:

Post a Comment