Ads 468x60px

Tuesday, February 19, 2013

പെരിന്തല്‍മണ്ണയില്‍ പിടികൂടിയത് ഗുണനിലവാരമില്ലാത്ത തൈര്

ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് അധികൃതര്‍ പിടികൂടിയ തമിഴ്‌നാട്ടില്‍നിന്നെത്തിയ തൈരിന് ഗുണനിലവാരമില്ലാത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 28ന് പെരിന്തല്‍മണ്ണ മാര്‍ക്കറ്റില്‍വച്ചാണ് കോയമ്പത്തൂരില്‍നിന്നെത്തിയ തൈരുലോറി തടഞ്ഞത്. ബാരലുകളില്‍ നിറച്ച ഒരുലോഡ് നിറയെ തൈര് മലപ്പുറം ഭാഗങ്ങളില്‍ വിറ്റഴിക്കാനുള്ളതായിരുന്നു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് റീജനല്‍ ചീഫ് ഫുഡ് ഇന്‍സ്‌പെക്ടര്‍ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തൈരിന്റെ സാംപിളുകള്‍ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. യഥാര്‍ഥ പാലുകൊണ്ടുള്ള തൈരില്‍ അഞ്ച് ശതമാനം കൊഴുപ്പു വേണ്ടിടത്ത് ഇതില്‍ 0.03 ശതമാനം കൊഴുപ്പാണ് കണ്ടെത്തിയത്. ഒന്‍പത് ശതമാനം കൊഴുപ്പിതര വസ്തുക്കള്‍ വേണ്ടിടത്ത് ഇതില്‍ ആറ് ശതമാനമേയുള്ളൂ. അതേസമയം എരുമപ്പാലില്‍നിന്നുണ്ടാക്കുന്ന തൈരെന്നാണ് രേഖയില്‍ വ്യക്തമാക്കിയിരുന്നത്.
തൈരിന്റെ ഉടമസ്ഥരായ കോയമ്പത്തൂര്‍ ശ്രീ മുരുക ഡെയറി ഉടമ പളനിസാമിക്ക് അടുത്ത ദിവസം നോട്ടീസ് അയക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭ്യമാക്കണമെന്നാണ് നിയമമെങ്കിലും ലാബില്‍നിന്നയച്ച പരിശോധനാഫലം മേല്‍വിലാസത്തിലെ പിഴവുമൂലം ജില്ലാ അധികൃതര്‍ക്ക് വൈകിയാണ് ലഭിച്ചത്.  

Source:http://www.manoramaonline.com

No comments:

Post a Comment