Ads 468x60px

Friday, February 15, 2013

ഭക്ഷ്യസുരക്ഷ: ആരോഗ്യമന്ത്രി വ്യാപാരികളുമായി ചര്‍ച്ച നടത്തി

വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ചര്‍ച്ച നടത്തി. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കി വരുന്ന സാഹചര്യത്തില്‍ മുഴുവന്‍ വ്യാപാരികളുടെയും സഹകരണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചു വ്യാപാരികള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കെറ്റും ലഭ്യമാക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ 2014 ഫെബ്രുവരി അഞ്ചുവരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. എങ്കിലും എത്രയും വേഗം ലൈസന്‍സും രജിസ്ട്രേഷനും എടുക്കാന്‍ വ്യാപാരികള്‍ മുന്നോട്ടു വരണമെന്നു മന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ടു വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം. ഭക്ഷ്യ സാംപിളുകള്‍ പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു കീഴില്‍ തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലുമുള്ള ഫുഡ് ടെസ്റ്റിങ് ലാബുകള്‍ക്കു പുറമെ അഞ്ചു ലാബുകളെക്കൂടി എംപാനല്‍ ചെയ്യും. കൊച്ചിയിലെ സ്പൈസസ് ബോര്‍ഡിന്‍റെ ക്വാളിറ്റി ഇവാല്വേഷന്‍ ലാബ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി ലാബ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് കണ്‍ട്രോള്‍ ലാബ്, കോന്നി ഡിഎഫ്ആര്‍ഡിയുടെ മൈക്രോ ബയോളജി ലാബ്, കൊല്ലത്തെ കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ ലാബ് എന്നിവ യാണ് എംപാനല്‍ ചെയ്യുക. നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേയും വ്യാപാരികള്‍ക്കു നേരേ വ്യാജ പരാതികള്‍ നല്‍കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും. നിയമം വിജയകരമായി നടപ്പാക്കുന്നതില്‍ എല്ലാ വ്യാപാരികളുടെയും സഹകരണം മന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ഡോ. എം. ജയപ്രകാശ്, വൈസ് പ്രസിഡന്‍റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, സെക്രട്ടറി കുഞ്ഞാവു ഹാജി, കെ.കെ. വാസുദേവന്‍, കെ. സേതുമാധവന്‍, വൈ. വിജയന്‍, സീജോ ചിറക്കേക്കാരന്‍, ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡി. ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Source:http://www.metrovaartha.com

No comments:

Post a Comment