Ads 468x60px

Saturday, January 19, 2013

ഷവര്‍മ കഴിച്ചു വീണ്ടും ഭക്ഷ്യവിഷബാധ; തലസ്ഥാന നഗരത്തിലെ ഹോട്ടല്‍ അടച്ചുപൂട്ടി

തിരുവനന്തപുരം* ഷവര്‍മ കഴിച്ചു തലസ്ഥാന നഗരത്തില്‍ വീണ്ടും ഭക്ഷ്യവിഷബാധ. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്കും അമ്മയ്ക്കും ബന്ധുവിനും ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്നു കവടിയാര്‍ സിന്ദൂര്‍ പാലസ് ഹോട്ടല്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന വേവിച്ച സേമിയയില്‍ ചത്ത ചിലന്തിയെ കണ്ടെത്തി. പഞ്ചസാര ടിന്‍ നിറയെ പാറ്റകളും. തുടര്‍ന്നു ഹോട്ടലിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. ഉടമയ്ക്ക് 50,000 രൂപ പിഴയും ചുമത്തി. വിശാല്‍, അമ്മ ആശ, ബന്ധു ശ്രീജിത് എന്നിവര്‍ വ്യാഴാഴ്ച രാത്രി ഇവിടെ നിന്നു ഷവര്‍മ വാങ്ങി കഴിക്കുന്നതിനിടെ, അതിനുള്ളില്‍ ചത്ത വണ്ടിനെ കണ്ടിരുന്നു. അപ്പോള്‍ തന്നെ ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും അതു മുകളില്‍ നിന്നു വീണതാകുമെന്നാണു പറഞ്ഞതെന്നു ശ്രീജിത് പറഞ്ഞു. അര്‍ധരാത്രിയോടെ തന്നെ വിശാലിനു ഛര്‍ദി തുടങ്ങി. മറ്റുള്ളവര്‍ക്ക് ഇന്നലെ രാവിലെയും. മൂവരും ചികില്‍സയിലാണ്.
ഭക്ഷ്യവിഷബാധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണു ഹോട്ടലില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയത്. ചത്ത ചിലന്തി കാണപ്പെട്ട സേമിയ പായസത്തിലും ഐസ്‌ക്രീമിലും ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ വേവിച്ചു വച്ചിരുന്നതു ജീവനക്കാരുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിട്ടിരുന്നതിനു സമീപമായിരുന്നെന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡി. ശിവകുമാര്‍ പറഞ്ഞു. മുന്‍പ്, വഴുതക്കാട്ടുള്ള ഇവരുടെ ഹോട്ടലില്‍ നിന്നു ഹെല്‍ത്ത് സ്‌ക്വാഡ് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. 
Source:http://www.manoramaonline.com

No comments:

Post a Comment