Ads 468x60px

Friday, January 25, 2013

ഭക്ഷ്യസുരക്ഷാ ലൈസന്‍സ്-രജിസ്‌ട്രേഷന്‍ മേള പ്രഹസനം: വ്യാപാരികള്‍

കൊച്ചി: ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും കടയടച്ചെത്തിയത് മൂവായിരത്തോളം ഭക്ഷ്യവസ്തുവ്യാപാരികള്‍. വിവിധ സര്‍ക്കിളുകളില്‍ നിന്നുമെത്തിയ ഇവര്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കാന്‍ തയ്യാറാക്കിയിരുന്നത് ഏഴു കൗണ്ടറുകള്‍. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ കുറവുള്ള ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസില്‍ നിന്നുമെത്തിയത് വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍. സംസ്ഥാനത്ത് ആദ്യമായി എറണാകുളത്ത് നടന്ന ഭക്ഷ്യസുരക്ഷാ ലൈസന്‍സ്-രജിസ്‌ട്രേഷന്‍ മേളയുടെ നടത്തിപ്പ് അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.
അങ്കമാലി, കൊച്ചി, ഇടപ്പള്ളി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ തുടങ്ങിയ സര്‍ക്കിളുകളില്‍ നിന്നുമുള്ള ഭക്ഷ്യവസ്തു വ്യാപാരികള്‍ മേളയ്‌ക്കെത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സിന്റെ കോപ്പിയും ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖയും 2000-5000 രൂപയുടെ ചെലാന്‍ എന്നിവയുമായി വ്യാപാരികള്‍ എത്തണമെന്ന് അറിയിച്ചിരുന്നു. രജിസ്‌ട്രേഷന്‍ വേണ്ടവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും രണ്ടു ഫോട്ടോയും നൂറു രൂപയുടെ ചെലാനും സഹിതം അപേക്ഷിക്കണമെന്നും പറഞ്ഞിരുന്നു. അഞ്ചു വര്‍ഷത്തെ ഫീസ് ഒരുമിച്ചടച്ച് രജിസ്‌ട്രേഷനും ലൈസന്‍സും നേടാനും സൗകര്യമൊരുക്കിയിരുന്നു. നേരത്തെ അപേക്ഷിച്ചിരുന്ന 2800 ഓളം കച്ചവടക്കാരും പുതുതായി അപേക്ഷിക്കാനുള്ളവരും മേളയ്‌ക്കെത്തിയിരുന്നു. എന്നാല്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ഇല്ലാത്തതും ഉദ്യോഗസ്ഥരുടെ അഭാവവും മൂലം ഏറെ പേര്‍ നിരാശയോടെ മടങ്ങേണ്ടതായി വന്നുവെന്ന് സംസ്ഥാന വ്യാപാരി-വ്യവസായി സമിതി ജോയിന്റ് സെക്രട്ടറി സി. എ. ജലീല്‍ ആരോപിച്ചു. പലവ്യാപാരികള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും കിട്ടാതെ മടങ്ങേണ്ടി വന്നുവെന്നും വ്യാപാരികള്‍ ആരോപിച്ചു. പ്രാദേശിക മേഖലതിരിച്ച് മേള നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Source:http://www.mathrubhumi.com

No comments:

Post a Comment