Ads 468x60px

Saturday, April 13, 2013

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ നിയമ നടപടിക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പന നടത്തുന്ന ഏഴ് കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാവിഭാഗം നിയമ നടപടികള്‍ക്കൊരുങ്ങുന്നു.

രണ്ടാഴ്ചയ്ക്കുമുമ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് സാംപിള്‍ ശേഖരിച്ച് പരിശോധനക്കയച്ച വെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഇ-കോളി, കോളിഫോം എന്നിവ കണ്ടെത്തിയതിനെത്തുടര്‍ന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലുമാണിത്.

കുടിവെള്ള പരിശോധന ശക്തമാക്കാനും മാനദണ്ഡം പാലിക്കാതെ വെള്ളം വില്‍പ്പന നടത്തുന്ന കുപ്പിവെള്ള കമ്പനികള്‍ക്കെതിരെയും ടാങ്കര്‍ ലോറികള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന ഭക്ഷ്യ സുരക്ഷാവിഭാഗം ജില്ലാ ഓഫീസര്‍മാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

കോന്നിയിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബില്‍ പരിശോധിച്ച കുടിവെള്ള സാമ്പിളുകളില്‍ ഭൂരിഭാഗത്തിലും അനുവദനീയമായതിലും കൂടിയ അളവിലാണ് കോളിഫോമും ഇ-കോളിയും കണ്ടെത്തിയിട്ടുള്ളത്. കിണറുകളിലെ വെള്ളം, ടാങ്കര്‍ ലോറികളിലെ വെള്ളം, കുപ്പിവെള്ളം എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. ഇതില്‍ ഭൂരിഭാഗത്തിലും കോളിഫോമിന്റെയും ഇ-കോളിയുടെയും അളവ് അനുവദനീയമായതിനെക്കാള്‍ വളരെയേറെ കൂടുതലാണ്. ഒട്ടുമിക്കവയിലും കോളിഫോമിന്റെ അളവ് 100 മില്ലി വെള്ളത്തില്‍ 1600 ഓര്‍ഗാനിസത്തിലും മുകളിലാണ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്ന് പരിശോധനയ്ക്കയച്ച കിണര്‍വെള്ളത്തിലെല്ലാം തന്നെ ഇ -കോളിയും കോളിഫോമും വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതും വില്‍പന നടത്തുന്നതും വ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എത്തിക്കുന്നതില്‍ ഭൂരിഭാഗവും ശുദ്ധജലമല്ലെന്ന് തെളിയിക്കുന്നതാണ് പരിശോധനാ ഫലങ്ങള്‍. ആദ്യഘട്ടത്തില്‍ കുടിവെള്ള ടാങ്കറുകള്‍ക്കും മറ്റും താക്കീതാണ് നല്‍കിയിരുന്നതെങ്കില്‍ ഇനിയുള്ള പരിശോധയില്‍ ഇത്തരം സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.  നിലവില്‍ കുടിവെള്ള പരിശോധനയുടെ ഫലങ്ങളൊന്നും തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വെബ്‌സൈറ്റിലോ മറ്റോ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇനി പരിശോധനാ ഫലങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുപ്പിവെള്ള കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധനാഫലങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ പറയുന്നു. 

No comments:

Post a Comment