Ads 468x60px

Saturday, October 6, 2012

ഭക്ഷ്യസുരക്ഷ: ആഴ്ചയില്‍ 2 ദിവസം പരിശോധന

ആലപ്പുഴ: ജില്ലയില്‍ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ആഴ്ചയില്‍ രണ്ടുദിവസം പ്രാദേശികതലത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നു കലക്ടര്‍ പി വേണുഗോപാല്‍ പറഞ്ഞു. ജില്ലയിലെ ഭക്ഷ്യസുരക്ഷാ പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കലക്ടര്‍ അധ്യക്ഷനായി. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ആരോഗ്യവകുപ്പും മറ്റു വകുപ്പുകളും സംയുക്തപരിശോധന നടത്തും. മത്സ്യ-മാംസ വിപണനകേന്ദ്രങ്ങളിലും അറവുശാലകളിലും പരിശോധന ശക്തമാക്കും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് സ്വകാര്യ അറവുശാലകള്‍ അനുവദിക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും.

 ജില്ലയില്‍ വിതരണം ചെയ്യുന്ന 16 കമ്പനികളുടെയും പാല്‍ പരിശോധിച്ചതായും ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം സംബന്ധിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുമായി പരിശീലനപരിപാടി സംഘടിപ്പിക്കും. എഡിഎം കെ പി തമ്പി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ജോസ് ലോറന്‍സ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ രാജന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ ശോഭന, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എ കെ ജാന്‍സി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

No comments:

Post a Comment