താനെ: പ്രമുഖ മിഠായി ബ്രാന്‍ഡായ 'മാംഗോ ബൈറ്റ്' വിപണിയില്‍ നിന്നു
പിന്‍വലിക്കാന്‍ നിര്‍മാതാക്കളായ പാര്‍ലേ പ്രൊഡക്‌ട്സിന് ഫുഡ് ആന്‍ഡ്
ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്.ഡി.ഐ.) നിര്‍ദേശം നല്‍കി. അനുമതിയില്ലാത്ത
വസ്‌തുക്കള്‍ മിഠായിയില്‍ ചേര്‍ത്തെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണു നടപടി.
റായ്‌ഗഡിലെയും ഭിവന്‍ഡിയിലെയും രണ്ടു ഗോഡൗണുകളില്‍ എഫ്.ഡി.ഐ. അടുത്തിടെ
പരിശോധന നടത്തിയിരുന്നു. രണ്ടു കോടി രൂപ വിലവരുന്ന ഉല്‍പന്നങ്ങള്‍ ഗോഡൗണുകളില്‍നിന്നു പിടിച്ചെടുത്തു.റായ്‌ഗഡില്‍
നടത്തിയ പരിശോധനയില്‍ ഒരു കോടി നാല്‍പതു ലക്ഷം രൂപ വിലവരുന്ന മിഠായികള്‍
(പാര്‍ലേ കച്ചാ മാംഗോ ബൈറ്റ്) പിടിച്ചെടുത്തതായി എഫ്.ഡി.ഐ. വൃത്തങ്ങള്‍
വ്യക്‌തമാക്കി. ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത തരം ലാക്‌റ്റിക് ആസിഡ്
മിഠായികളില്‍ ഉപയോഗിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി. പത്തര ലക്ഷം രൂപ
വിലമതിക്കുന്ന 8158 കിലോ ഗ്രാം മായം ചേര്‍ത്ത ലാക്‌റ്റിക് ആസിഡും
പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍
പരിശോധനയ്‌ക്കായി അയച്ചു. ഭിവന്‍ഡിയില്‍ നടത്തിയ പരിശോധനയിലും
മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാംഗോ ബൈറ്റ് മിഠായികള്‍
വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന് ഉല്‍പാദകര്‍ക്കു നിര്‍ദേശം
നല്‍കിയതായി എഫ്.ഡി.ഐ. വ്യക്‌തമാക്കി. നാസിക്കിലെ ഫാക്‌ടറിയില്‍
നടത്തിയ പരിശോധനയില്‍ നേരത്തേ 60 ലക്ഷം രൂപയുടെ മാംഗോ ബൈറ്റ് മിഠായികള്‍
പിടിച്ചെടുത്തിരുന്നു. പല്ലുകളെ ദോഷകരമായി ബാധിക്കുമെന്നു
തെളിഞ്ഞതെത്തുടര്‍ന്നാണു ഭക്ഷ്യവസ്‌തുക്കളില്‍ ലാക്‌റ്റിക് ആസിഡ്
ഉപയോഗിക്കരുതെന്നു നിര്‍ദേശിച്ചത്.
Source: http://mangalam.com
No comments:
Post a Comment