Ads 468x60px

Saturday, October 6, 2012

ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്/ചങ്ങനാശ്ശേരി: ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി അവശനിലയില്‍ ആശുപത്രിയില്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ലിങ്ക് റോഡിലുള്ള "ഹോട്ട്ബണ്‍" ഹോട്ടലിലെ ഷവര്‍മ കഴിച്ച കോഴിക്കോട് കോവൂര്‍ ഇളവനവീട്ടില്‍ കബീറിന്റെ മകനും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ആദില്‍ മുഹമ്മദി(16)നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഫുഡ് ആന്‍ഡ്് സേഫ്റ്റി ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ഹോട്ടല്‍ ഉടമകളും വ്യാപാരികളും കൈയേറ്റം ചെയ്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് ഹോട്ടല്‍ പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ബാസ്കറ്റ്ബോള്‍ താരമായ ആദില്‍ ചങ്ങനാശേരിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച വൈകീട്ട് പോകുമ്പോഴാണ് ഷവര്‍മ വാങ്ങിയത്. ട്രെയിനിലിരുന്ന് എട്ടോടെ കഴിച്ചു. ചങ്ങനാശേരിയില്‍ എത്തിയ ഉടന്‍ ഛര്‍ദി തുടങ്ങി. രാവിലെ ടൂര്‍ണമെന്റ് നടക്കുന്ന ഗ്രൗണ്ടില്‍ കഠിനമായ വയറുവേദനയും ഛര്‍ദിയുമായതോടെ ചങ്ങനാശേരി ഉദയഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ വിഷാംശത്തെക്കുറിച്ച് വിശദമായി അറിയാന്‍ കഴിയൂവെന്ന് മെഡിക്കല്‍ ഓഫീസര്‍ നന്ദകുമാര്‍ അറിയിച്ചു. കബീറിന്റെ പരാതിയെ തുടര്‍ന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ ഹോട്ടലിലെത്തി. ഹോട്ടലുടമയും ജീവനക്കാരും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടയുകയും ഏഷ്യാനെറ്റ് വാര്‍ത്താസംഘത്തെ കൈയേറ്റം ചെയ്യുകയും ചെയ്തു. പ്രതിഷേധവുമായി ഹോട്ടലിനു മുന്നില്‍ ജനം തടിച്ചുകൂടി. പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്. കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം കേസെടുത്തു. മാസങ്ങള്‍ക്കു മുമ്പ് നടത്തിയ റെയ്ഡില്‍ ഈ ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. ഹോട്ടലിനെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആഭിമുഖ്യത്തില്‍ ലിങ്ക് റോഡിലെ വ്യാപാരികള്‍ കടകളടച്ച് സമരം ചെയ്തു. ഹോട്ടല്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഹോട്ടലിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി. വരുണ്‍ ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. എം ബിജുലാല്‍, ബിജേഷ്, സിനി, പ്രമോദ്, ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. എഐവൈഎഫ്, യുവമോര്‍ച്ച എന്നീ സംഘടനകളും മാര്‍ച്ച് നടത്തി. 
Source:http://www.deshabhimani.com


കോഴിക്കോട്ട് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിക്ക് വിഷബാധ

Source: http://www.madhyamam.com/node/194380/ad_sp

 
കോഴിക്കോട്ട് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിക്ക് വിഷബാധ
ഷവര്‍മ കഴിച്ചതിനുശേഷം അവശനിലയിലയില്‍ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദില്‍
കോഴിക്കോട്: ഷവര്‍മ കഴിച്ച ബാസ്കറ്റ്ബാള്‍ താരം വിഷബാധയേറ്റ് അവശനായതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിന് മുന്നില്‍ മൂന്നര മണിക്കൂര്‍ സംഘര്‍ഷം. ലിങ്ക് റോഡിലെ ‘കാജാസ് ഹോട്ട്ബണ്‍സ്’ ദ അറേബ്യന്‍ റസ്റ്ററന്‍റില്‍നിന്ന് ഷവര്‍മ കഴിച്ച കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി കോവൂര്‍ സ്വദേശി ആദില്‍ മുഹമ്മദിനാണ് (16) ഭക്ഷ്യവിഷബാധയേറ്റത്.
വിവരമറിഞ്ഞ് യുവമോര്‍ച്ച, എ.ഐ. വൈ.എഫ് പ്രവര്‍ത്തകര്‍ റസ്റ്ററന്‍റിലേക്ക് മാര്‍ച്ച് നടത്തിയതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ അടച്ച കടകള്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ബലമായി തുറപ്പിച്ചു. സംഘര്‍ഷത്തിനൊടുവില്‍ കടകള്‍ അടപ്പിക്കാനെത്തിയ ഒരുസംഘം വ്യാപാരികളെ ലിങ്ക് റോഡിലെ വ്യാപാരികള്‍ തടയുകയും ചെയ്തു. ‘ഹോട്ട് ബണ്‍സി’ല്‍ നിന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സാമ്പ്ള്‍ ഇവിടത്തെ ജീവനക്കാര്‍ ബലമായി കൈക്കലാക്കി. തുടര്‍ന്ന് സ്ഥാപനത്തിന്‍െറ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരി സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ നടക്കുന്ന ഇന്‍റര്‍ സ്കൂള്‍ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാണ് കോച്ച് സി.എസ്. ഹരികൃഷ്ണന്‍െറ നേതൃത്വത്തില്‍ ആദില്‍ മുഹമ്മദടക്കം 12 അംഗ വിദ്യാര്‍ഥി സംഘം പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഹോട്ട്ബണ്‍സില്‍നിന്ന് ഷവര്‍മ പാഴ്സലായി വാങ്ങി 6.50ന്‍െറ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ കയറിയ ആദില്‍ ഏഴു മണിയോടെ അത് കഴിച്ച് ഉറങ്ങി. പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ എത്തി.
രാവിലെ ഒമ്പതോടെ മത്സരം ആരംഭിച്ചയുടന്‍ ഛര്‍ദിച്ച് അവശനായി കുഴഞ്ഞുവീഴുകയായിരുന്നു. മൂന്നുതവണ ഛര്‍ദിച്ചതായി കോച്ച് ഹരികൃഷ്ണന്‍ മാധ്യമത്തോട് പറഞ്ഞു. ഷവര്‍മക്കൊപ്പം മിനറല്‍ വാട്ടര്‍ കുടിച്ചതല്ലാതെ ആദില്‍ മറ്റൊന്നും കഴിച്ചിട്ടില്ലെന്നും കോച്ച് പറഞ്ഞു. കോര്‍ട്ടില്‍ തളര്‍ന്നുവീണ ആദിലിനെ കോച്ചിന്‍െറ നേതൃത്വത്തില്‍ ഉടന്‍തന്നെ ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ആദില്‍ അപകടനില തരണംചെയ്തിട്ടുണ്ട്.
ഉച്ചക്ക് 12ഓടെ പരാതി ലഭിച്ച ഫുഡ് ആന്‍ഡ് സേഫ്ടി വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ട്ബണ്‍സില്‍ പരിശോധനക്കെത്തി. സാമ്പ്ള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു. പിടിച്ചെടുത്ത സാമ്പ്ളത്രയും ജീവനക്കാര്‍ ബലമായി തട്ടിയെടുത്തു. രംഗം ചിത്രീകരിക്കുകയായിരുന്ന ഏഷ്യാനെറ്റ് ചാനല്‍ ടീമിനെയുംഹോട്ടല്‍ ജീവനക്കാര്‍ കൈയേറ്റത്തിന് ശ്രമിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ചറിയിച്ചതനുസരിച്ച് ടൗണ്‍ സി.ഐ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ പൊലീസ് കുതിച്ചെത്തി. വിവരമറിഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകരും തൊട്ടുപിന്നാലെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും ലിങ്ക് റോഡിലെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. ഇതില്‍ പ്രതിഷേധിച്ച് ഒരു സംഘം വ്യാപാരികള്‍ മുന്നിട്ടിറങ്ങി ലിങ്ക് റോഡിലെ കടകള്‍ ബലമായി അടപ്പിച്ചു. ഇതറിഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ പ്രകടനമായെത്തി, അടപ്പിച്ച കടകള്‍ ബലമായി തുറന്നു.
സംഘര്‍ഷം ഭയന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. പഴയ ഭക്ഷണം വിറ്റ വ്യാപാരിക്ക് പിന്തുണയുമായി ഒരു സംഘം വ്യാപാരികളെത്തിയത് തടിച്ചുകൂടിയ ജനം ചോദ്യംചെയ്തു. തുടര്‍ന്ന് ഹോട്ട്ബണ്‍സിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് വരുണ്‍ ഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. പ്രകടനക്കാര്‍ പിരിഞ്ഞുപോയശേഷം സ്ഥലത്തെത്തിയ ഒരു സംഘം വ്യാപാരി നേതാക്കള്‍, ഡി.വൈ.എഫ്.ഐക്കാര്‍ തുറന്ന കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിന് കാരണമായി. വ്യാപാരികള്‍ രണ്ട് ചേരിയായി ബഹളം നടക്കവെ ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി അനുനയിപ്പിച്ച് വ്യാപാരി നേതാക്കളെ പറഞ്ഞുവിട്ടതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ജോ. കമീഷണര്‍ അനില്‍ പറഞ്ഞു. ഉദ്യോഗസ്ഥരില്‍നിന്ന് സാമ്പ്ള്‍ ബലമായി പിടിച്ചെടുത്ത ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച ഡസന്‍ കണക്കിന് ഷവര്‍മ വിറ്റതാണെന്നും മറ്റാര്‍ക്കും കുഴപ്പമുണ്ടായിട്ടില്ലെന്നും ‘ഹോട്ട് ബണ്‍സ്’ മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദലി അറിയിച്ചു.

No comments:

Post a Comment