കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍
ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാംസാഹാര പരിശോധന നടത്തും.
സംസ്ഥാന ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ നിര്‍ദേശത്തെ
തുടര്‍ന്നാണ് 20 പേരടങ്ങുന്ന പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് ഈ ആഴ്ച
മുതല്‍ പരിശോധന നടത്തുന്നത്.
റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, ആശുപത്രി തുടങ്ങിയ വയ്ക്ക്
സമീപമുള്ള ഹോട്ടലുകളിലെ മാംസാഹാരങ്ങളാണ് പ്രധാനമായും പരിശോധനയ്ക്ക്
വിധേയമാക്കുക. ഭക്ഷ്യസുരക്ഷാ ഭീഷണിയുള്ള അത്തരം കേന്ദ്രങ്ങള്‍(ഹോട്ട്
സ്പോട്ടുകള്‍) നിരീക്ഷിക്കും. ഫുഡ് ആന്‍ഡ് സേഫ്റ്റി ജില്ലാ ഓഫീസര്‍
മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലാണ് പരിശോധന. ജില്ലയിലെ ഫുഡ് ആന്‍ഡ്
സേഫ്റ്റി വിഭാഗത്തെ കൂടാതെ അയല്‍ ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയും
സ്ക്വാഡില്‍ ഉള്‍പ്പെടുത്തും. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍
കര്‍ശന നടപടി സ്വീകരിക്കും. ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും പരിശോധന നടത്തും.
ഇതിനായി കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കും.
കഴിഞ്ഞ ദിവസം റെയില്‍വേസ്റ്റേഷന് സമീപത്തെ ലിങ്ക് റോഡിലുള്ള ഹോട്ട് ബണ്‍സ്
ഹോട്ടലില്‍നിന്ന് ഷവര്‍മ്മ കഴിച്ച കോവൂര്‍ ഇടവന കബീറിന്റെ മകന്‍ ആദില്‍
മുഹമ്മദിന്(16) ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍
അടച്ചുപൂട്ടി. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച്
ഫുഡ് ആന്‍ഡ് സേഫ്റ്റി ജില്ലാ ഓഫീസര്‍ കലക്ടര്‍ക്കും ഫുഡ് ആന്‍ഡ് സേഫ്റ്റി
കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്‍മേല്‍
വരുംദിവസങ്ങളില്‍ നടപടിയുണ്ടാകും.
Source:http://www.deshabhimani.com
No comments:
Post a Comment