തൊടുപുഴ: കുറ്റകൃത്യം നടന്നപ്പോള്‍ 18 വയസ് തികഞ്ഞില്ലെന്ന കാരണത്താല്‍
31കാരനെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. പീരുമേട് ജൂഡീഷ്യല്‍
ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നടത്തിയ ശിക്ഷാവിധി അസ്ഥിരപ്പെടുത്തിയാണ്
പ്രതി കുമളി റോസാപ്പൂക്കണ്ടം ഗീതാഭവനില്‍ കൃഷ്ണകുമാറിനെ ജൂവനൈല്‍ ജസ്റ്റീസ്
ബോര്‍ഡ് മുമ്പാകെ ഹാജരാകാന്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) ജഡ്ജി പി
കെ അരവിന്ദാക്ഷബാബു ഉത്തരവായത്.
1999 ഏപ്രില്‍ 29ന് പീരുമേട് ഫുഡ് ഇന്‍സ്പെക്ടര്‍ പ്രതി കൃഷ്ണകുമാറിന്റെ
കടയില്‍നിന്ന് മായം കലര്‍ന്ന കടല പിടികൂടി പരിശോധനക്കയക്കുകയും മായം
കലര്‍ന്നതായി കണ്ടെത്തുകയും ചെയ്തു. ഈ കേസ് വിചാരണ നടത്തിയ കോടതി
കൃഷ്ണകുമാറിനെ കുറ്റക്കാരനെന്നുകണ്ട് നാലുവര്‍ഷം കഠിനതടവിനും 5,000 രൂപ
പിഴക്കും ശിക്ഷിച്ചു. ഇതിനെതിരെ ഫയല്‍ചെയ്ത അപ്പീലില്‍ കൃഷ്കുമാറിന്റെ
ജനതീയതി 1981 മെയ് 21 ആണെന്നും കൃത്യംനടക്കുന്ന സമയം 18 വയസ്
തികഞ്ഞില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ശിക്ഷ
അസ്ഥിരപ്പെടുത്തി കൃഷ്ണകുമാറിനോട് ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ
ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്്
പ്രതിക്കുവേണ്ടി അഭിഭാഷകരായ കെ ടി തോമസ്, സാബു ജേക്കബ് മംഗലത്തില്‍
എന്നിവര്‍ ഹാജരായി.
Source:http://www.deshabhimani.com
Source:http://www.deshabhimani.com
No comments:
Post a Comment