പാവറട്ടി:ഗുരുവായൂര്‍ കിഴക്കേ നടയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന്
പൂരിമസാല കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. പാവറട്ടി
രായ്മരക്കാര്‍ വീട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ മുംതാസി (38)നെയാണ്
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി ഏഴിനുശേഷമാണ് ഭര്‍ത്താവും മകനുമൊന്നിച്ച് മുംതാസ് കോഫി
ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. രണ്ട് സെറ്റ് പൂരിമസാലയും രണ്ട്
കോഫിയും ആവശ്യപ്പെട്ടു. മുംതാസ് ഭക്ഷണം ആദ്യം കഴിച്ചപ്പോള്‍ പൂരിയില്‍
പുളിപ്പ് തോന്നി. ഇത് പറഞ്ഞപ്പോള്‍ സപ്ലയര്‍ അടുക്കളയില്‍ കൊണ്ടുപോയി
ചൂടാക്കിക്കൊണ്ടുവന്നു. വീണ്ടും പുളിപ്പ് തോന്നിയതിനാല്‍ മുംതാസ് പിന്നീട്
കഴിച്ചില്ല. ഭര്‍ത്താവ് ഷംസുദ്ദീനും മകന്‍ മുഹമ്മദ് ഷിനാദും ചായമാത്രം
കഴിച്ചു. പാവറട്ടിയിലേയ്ക്ക് പോകുവാന്‍ മഞ്ജുളാല്‍ പരിസരത്തെ ഓട്ടോസ്റ്റാന്‍ഡില്‍
എത്തിയപ്പോള്‍ മുംതാസിന് തളര്‍ച്ച, മനംപിരട്ടല്‍, കാഴ്ച മങ്ങല്‍, ശരീരവേദന
എന്നിവ അനുഭവപ്പെട്ടുതുടങ്ങി.
രാത്രിയില്‍ ആസ്പത്രിയില്‍ പോയാല്‍ വീട് അടച്ചിടേണ്ടിവരുമെന്ന് കരുതി വീട്ടില്‍ ചെന്നുകിടന്നു. വ്യാഴാഴ്ച രാവിലെയായപ്പോഴേക്കും വയറിളക്കവും ശരീരവേദനയും കൂടി. രാവിലെ ഏഴിന് പാവറട്ടി സാന്‍ജോസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലിന് ഷംസുദ്ദീന്‍, കോഫി ഹൗസില്‍ പോയി തൃശ്ശൂരിലെ സെക്രട്ടറിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹവുമായി സംസാരിച്ചു. പിന്നീട് മാനേജരുമായി ബന്ധപ്പെട്ടു. നടപടിയൊന്നും എടുക്കാനാവില്ലെന്ന് മറുപടി കിട്ടിയതിനാല്‍ ഷംസുദ്ദീന്‍, ഫുഡ് സേഫ്റ്റി കമ്മീഷണറോട് ഫോണില്‍ പരാതി പറഞ്ഞു.
ശനിയാഴ്ച രാവിലെ 10ന് ഇന്ത്യന്‍ കോഫി ഹൗസിലെ മാനേജര്‍ രാമനുണ്ണി ആസ്പത്രിയിലെത്തി. സ്ഥാപനത്തിന് പേരുദോഷമുണ്ടാകുന്ന വിഷയമാണെന്നും പരാതിയുമായി മുന്നോട്ട് പോകരുതെന്നും ആവശ്യപ്പെട്ടു. ആസ്പത്രിയിലെ ഡോ. ശശികുമാര്‍ പി. നായരുടെ ചികിത്സയിലാണ് മുംതാസ്. ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടര്‍ പറഞ്ഞു. എറണാകുളത്തുനിന്നെത്തിയ ഫുഡ് സേഫ്റ്റി ഓഫീസറും സംഘവും മുംതാസിന്റെ മൊഴി രേഖപ്പെടുത്തി.
Source:http://www.mathrubhumi.com
No comments:
Post a Comment