Ads 468x60px

Thursday, November 29, 2012

ഭക്ഷണശാലകളിലെ ശുചിത്വം കരുനാഗപ്പള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനത്തിന് ഒന്നാം സ്ഥാനം

കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും ജനങ്ങളെ ബോധവല്‍കരിക്കന്നതിനുമുള്ള തീവ്രപ്രയത്‌ന പരിപാടിയുടെ ഭാഗമായി നടത്തിയ പഠനത്തിനാണ് പുനലൂരില്‍ സമാപിച്ച കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. സ്‌കൂളിലെ ഹരിതജ്യോതി-പരിസ്ഥിതി ക്ലബിന്റെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പഠനം.
സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അജ്മല്‍ഷാ എന്നിവര്‍ പ്രോജക്ട് ഗൈഡും ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ സോപാനം ശ്രീകുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ 25 ഓളം ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമുള്ള 30 ഇന ശുചിത്വ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഹോട്ടലുകളുടെ അടുക്കളയും മറ്റും നിരീക്ഷിച്ച് വിലയിരുത്തുകയും ഗ്രേഡ് തിരിക്കുകയും ചെയ്തു. ഹോട്ടലുകളിലെ ശുചിത്വം, വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറായ ശ്രീമതി എ.കെ. മിനി ടീച്ചറുടെ ക്ലാസ് കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തി.
 
കരുനാഗപ്പള്ളിയില്‍ വിതരണം ചെയ്യുന്ന വിവിധ ഐസ്‌ക്രീമുകള്‍, സിപ് അപ്, കുടിവെള്ളം, സോഡാ വാട്ടര്‍, പാല്‍, നെയ്യ്, വറുത്ത നിലക്കടല, ധാന്യങ്ങള്‍, പരിപ്പു വര്‍ഗ്ഗങ്ങള്‍, മഞ്ഞള്‍പ്പൊടി, തേയില, കാപ്പിപ്പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ മായം ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി പരീക്ഷണ പ്രവര്‍ത്തനങ്ങളും കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു. കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ നല്ല സഹകരണമാണ് കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ വ്യാപാരികളുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
 
പ്രസ്തുത പഠനത്തില്‍ കരുനാഗപ്പള്ളിയില്‍ വിതരണം ചെയ്ത കടലയുടെ സാമ്പിളില്‍ യുറിക്കാസിഡിന്റെ അംശം വളരെ കൂടുതലാണെന്നും ഇത് ആമവാതം, കരള്‍, കിഡ്‌നി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വറുത്ത നിലക്കടലയില്‍ ഫംഗസ് ബാധ, ഭക്ഷ്യവസ്തുക്കളില്‍ അമിതമായ നിറം, നെയ്യില്‍ വനസ്പതിയുടെ സാന്നിധ്യം എന്നിവ കുട്ടികള്‍ കണ്ടെത്തുകയുണ്ടായി.
 
കരുനാഗപ്പള്ളിയലെ ഹോട്ടലുകളിലെ ശുചിത്വ നിലവാരം മെച്ചപ്പെട്ടതാണെന്നും എന്നാല്‍ ചില കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ടെന്നും അതിന് ഉടമസ്ഥര്‍ തയ്യാറാണെന്നും കുട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. ചില ഹോട്ടലുകളില്‍ കുടിവെള്ളത്തിന്റെ പരിശോധനയും തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും കൃത്യമായി നടത്താറില്ലെന്ന് കുട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്.
 
സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലാളികളുടെ അഭാവം, കച്ചവടം കുറയുന്നത്, ജല പരിശോധനക്ക് സ്ഥിരം സംവിധാനമില്ലാത്തത് എന്നിവ ഹോട്ടല്‍ വ്യവസായം നേരിടുന്ന വെല്ലുവിളികളാണ് എന്നും ഈ വ്യവസായം നഷ്ടത്തിലാകുന്നതിന് ഇത് കാരണമാകുന്നു എന്നും കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ ഉടമകള്‍ അഭിപ്രായപ്പെട്ടു.
 
പ്രസ്തുത പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനായി താഴെപ്പറയുന്ന പ്രധാന പരിഹാര മാര്‍ഗ്ഗങ്ങളാണ് കുട്ടികള്‍ നിര്‍ദ്ദേശിക്കുന്നത്.
 
1. ഹോട്ടലുകളിലെ കുടിവെള്ളത്തിന്റെ ശാസ്ത്രീയ പരിശോധന, തൊഴിലാളികളുടെ ആരോഗ്യ പരിശോധന എന്നിവ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ചെലവില്‍ നടത്തുക.
 
2. ഹോട്ടല്‍ വ്യവസായം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും കരകയറ്റി നല്ല ഭക്ഷണം നല്‍കുന്നതിന് അവരെ പ്രാപ്തമാക്കുന്നതിന് ഗുണനിലവാരം ഉള്ള ഭക്ഷ്യവസ്തുക്കള്‍ ഗവണ്‍മെന്റ് ഏജന്‍സി വഴി കുറഞ്ഞ വിലയ്ക്ക് ഹോട്ടലുകള്‍ക്ക് നല്‍കുക.
 
3. ഹോട്ടലുകളിലെ പരിശോധന കൃത്യമായി ഇടവേളകളില്‍ കര്‍ശനമാക്കി ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് സത്വര നടപടികള്‍ എടുക്കുക.
 
4. ഹോട്ടലുകള്‍ക്ക് ശുചിത്വ നിലവാരം പരിശോധിച്ച് ഗ്രേഡ് തിരിച്ച് അവാര്‍ഡുകള്‍ നല്‍കുക.
 
5. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഇറച്ചിവെട്ട്, സ്റ്റോറേജ് കേന്ദ്രങ്ങള്‍ ആരംഭിക്കുക. 
 
പ്രസ്തുത നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം കരുനാഗപ്പള്ളി മുനിസിപ്പല്‍ അധികൃതര്‍ക്ക് കുട്ടികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

No comments:

Post a Comment