Ads 468x60px

Wednesday, December 5, 2012

ദീപിക മുഖപ്രസംഗം: നല്ല ഭക്ഷണം നല്കാനാവില്ലേ?

 Source:http://malayalam.deepikaglobal.com
വളരെ പരിതാപകരമായൊരു സത്യവാങ്മൂലമാണു സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. അധികൃതരുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളില്ലാതെ സ്വന്തം ഇഷ്ടപ്രകാരം കച്ചവടം നടത്താനാണു സംസ്ഥാനത്തെ ഭക്ഷണശാലകളുടെ ഉടമകള്‍ ശ്രമിക്കുന്നതെന്നാണു ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഹോട്ടലുകളിലെയും ശുചിത്വനിലവാരം തികച്ചും മോശമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഭക്ഷണശാലകളില്‍ വിളമ്പുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും അതു ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും നിയമപരമായ അധികാരമുള്ള ഉദ്യോഗസ്ഥനാണ് ഇത്തരമൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്കിയിരിക്കുന്നത്. ഇതു സര്‍ക്കാരിന്റെതന്നെ പിടിപ്പുകേടായി കണക്കാക്കേണ്ടിവരും. ഭക്ഷണശാലകളിലെ റെയ്ഡ് കുറേക്കാലമായി സജീവമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണു പതിവുള്ള ചടങ്ങു പരിശോധനകള്‍ വിട്ട് ഗൌരവതരമായ റെയ്ഡുകള്‍ തുടങ്ങിയത്. തിരുവനന്തപുരത്തുനിന്നു ഷവര്‍മ വാങ്ങിക്കഴിച്ച ഒരു യുവാവ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു മരിക്കുകയും ഒരു ചലച്ചിത്ര പ്രവര്‍ത്തകനും കുടുംബവും ഇതേ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നു രോഗബാധിതരാവുകയും ചെയ്തതോടെയാണ് ഹോട്ടലുകളിലെ അവസ്ഥയെക്കുറിച്ചു കേരളം അല്പം ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത്.വന്‍കിട ഹോട്ടലുകളില്‍പ്പോലും ഭക്ഷ്യവസ്തുക്കള്‍ യാതൊരുവിധ ഗുണനിലവാര പരിശോധനയും നടത്താതെ യഥേഷ്ടം വില്ക്കപ്പെടുന്ന അവസ്ഥ എത്ര ആപത്കരമാണ്. കേരളത്തിലെ പല ഹോട്ടലുകളില്‍നിന്നും മനസുറപ്പിച്ചു ഭക്ഷണം കഴിക്കാനാവാത്ത സ്ഥിതിയാണിന്ന്. പാകംചെയ്ത ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇതാണു സ്ഥിതിയെങ്കില്‍ പാചകത്തിനുപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യം ഇതിലും കഷ്ടമാണ്. കേരളത്തില്‍ വ്യാപകമായി വില്ക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിലും മസാലപ്പൊടികളിലുമൊക്കെ വന്‍തോതില്‍ മായം കലര്‍ത്തുന്നതായി പരാതിയുണ്ട്. കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍പ്പോലും ഇത്തരത്തില്‍ മായം കലര്‍ത്താന്‍ ലാഭക്കൊതിയന്മാരായ ചില വ്യവസായികള്‍ക്കു മടിയില്ല. കേരളത്തിന്റെ പ്രമുഖ കയറ്റുമതി വിഭവമായിരുന്ന കറുത്ത പൊന്നെന്നറിയപ്പെടുന്ന കുരുമുളക് പണ്ട് വിദേശവിപണിയില്‍ ഗുണമേന്മക്കുറവിന്റെ പേരില്‍ തിരസ്കരിക്കപ്പട്ടിട്ടുണ്ട്. അടുത്തകാലത്തും ഇന്ത്യയില്‍നിന്നു കയറ്റി അയയ്ക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ മായം കലര്‍ന്നതിന്റെ പേരില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. കര്‍ശന ഗുണനിയന്ത്രണ സംവിധാനമുള്ള രാജ്യങ്ങളിലേക്കുപോലും ഇപ്രകാരം മായംചേര്‍ത്തു കയറ്റുമതിക്കു ശ്രമിക്കുന്നവര്‍ കേരളത്തില്‍ അതിന്റെ പതിന്മടങ്ങു മായംചേര്‍ത്തു വിറ്റഴിക്കുന്നുണ്ടാവും.

അടുത്തകാലത്തു നടന്ന വ്യാപകമായ റെയ്ഡില്‍ കേരളത്തിലെ പല ഹോട്ടലുകള്‍ക്കെതിരേയും നടപടിയെടുത്തിരുന്നു. ചില ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതിനു നോട്ടീസ് നല്കി. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കു ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ട് അനുസരിച്ച് വളരെ ലഘുവായ ശിക്ഷയേ ലഭിക്കുകയുള്ളൂ, ശിക്ഷിക്കപ്പെടുകയാണെങ്കില്‍ത്തന്നെ. കുറേക്കൂടി കടുത്ത നടപടികള്‍ക്കുതകുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റാന്‍ഡേര്‍ഡ്സ് ആക്ട് നിലവില്‍ വന്നതോടെ ഇതനുസരിച്ച് സ്വീകരിച്ച നടപടികളെ ഹോട്ടലുടമകളുടെ സംഘടന എതിര്‍ത്തു. അധികൃതര്‍ പീഡിപ്പിക്കുന്നുവെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നുമായിരുന്നു ഹോട്ടലുടമാ സംഘടനയുടെ പരാതി. ഇവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേലാണു ഹൈക്കോടതി നിര്‍ദേശപ്രകാരം ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കേരളത്തിലെ ഹോട്ടല്‍ വ്യവസായരംഗത്തു പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിലവിലുണ്ട്. ഭക്ഷ്യവസ്തുക്കളുടെ അഭൂതപൂര്‍വമായ വിലക്കയറ്റവും തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും സര്‍ക്കാര്‍ നിയന്ത്രണങ്ങളുമൊക്കെ ഹോട്ടല്‍ വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ചെറുകിട-ഇടത്തരം ഹോട്ടലുകളും റസ്ററന്റുകളുമാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. തുച്ഛമായ വരുമാനവും വര്‍ധിച്ചുവരുന്ന നടത്തിപ്പു ചെലവും അവരുടെ വലിയ പ്രശ്നങ്ങളാണ്. ഇതൊക്കെയാണെങ്കിലും തങ്ങള്‍ നല്കുന്ന ഭക്ഷണം വൃത്തിയുള്ളതും ആരോഗ്യത്തിനു ദോഷകരമല്ലാത്തുമായിരിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഹോട്ടലുടമകള്‍ക്കുണ്ട്.

ടൂറിസത്തിനു ധാരാളം സാധ്യതകളുള്ള സംസ്ഥാനമാണു കേരളം. അന്യസംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും ഇവിടെയെത്തുന്ന സഞ്ചാരികളെ അലട്ടുന്ന രണ്ടു പ്രധാന പ്രശ്നങ്ങള്‍ നമ്മുടെ തെരുവുകളിലെ മാലിന്യങ്ങളും നല്ല ഭക്ഷണം കിട്ടാനുള്ള ബുദ്ധിമുട്ടുമാണ്. സന്ദര്‍ശകരെ വീണ്ടുമൊരിക്കല്‍ക്കൂടി ഇവിടേക്കു വരുത്താതിരിക്കാന്‍ ഈ രണ്ടു ഘടകങ്ങള്‍ ധാരാളമാണ്. മാലിന്യപ്രശ്നം പരിഹരിക്കാനും നല്ല ഭക്ഷണം കിട്ടാനുള്ള സാഹചര്യം ഒരുക്കാനും നാം വൈകുന്ന ഓരോ നിമിഷവും കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ മങ്ങുകയാണ്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേരളത്തില്‍ ദേശീയ നിലവാരത്തിലുള്ള പരിശോധനാ കേന്ദ്രങ്ങളൊന്നുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ മൂന്നു പരിശോധനാകേന്ദ്രങ്ങളുണ്െടങ്കിലും അവയിലൊന്നിലും മതിയായ നിലവാരമുള്ള പരിശോധനാ സംവിധാനങ്ങളില്ല. എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള ഭക്ഷ്യപരിശോധനാ സ്ഥാപനം സംസ്ഥാനത്ത് ഉണ്ടാകണം. പരിശോധന കാര്യക്ഷമമായി നടത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ അഭാവവും അടിയന്തരമായി പരിഹരിക്കേണ്ടതാണ്. ഹോട്ടലുടമകളെ ബുദ്ധിമുട്ടിക്കുക എന്നതാവരുത് പരിശോധനയുടെ ലക്ഷ്യം. മോശമായ ഭക്ഷണം വില്‍ക്കപ്പെടാതിരിക്കാനുള്ള അവസ്ഥ ഉണ്ടാകുകയാണു വേണ്ടത്. ഹോട്ടലുടമാ സംഘവും ഇതിനുള്ള നടപടികളോടു സഹകരിക്കണം. കാരണം, ഹോട്ടല്‍ വ്യവസായത്തിന്റെ നിലനില്പിനുതന്നെ ഗുണമേന്മാനിഷ്കര്‍ഷ ആവശ്യമാണ്. വൃത്തിക്കും വെടിപ്പിനും പേരുകേട്ടിരുന്ന കേരളം മലിനമായ ഭക്ഷ്യവസ്തുക്കളുടെ പേരില്‍ കുപ്രസിദ്ധമാകാന്‍ ഇടവരരുത്.

No comments:

Post a Comment