Ads 468x60px

Thursday, November 3, 2011

ഫീസ് അഞ്ചിരട്ടിയായി; ഭക്ഷണ പരിശോധന ലബോറട്ടറി സാധാരണക്കാര്‍ക്ക് അന്യം

പത്തനംതിട്ട: പരിശോധനാനിരക്ക് കുത്തനെ ഉയര്‍ത്തിയതുകാരണം ജില്ലാ ഫുഡ് ടെസ്റ്റിങ്‌ലബോറട്ടറിയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് അന്യമാകുന്നു. അതേസമയം ലാബിനുള്ളിലെ അസൗകര്യങ്ങള്‍ ജീവനക്കാരെയും പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്.
കുടിവെള്ളം, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംസ്ഥാനത്തെ ഏക ജില്ലാ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി 1998 ലാണ് പത്തനംതിട്ട പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ ആരംഭിച്ചത്.
ശബരിമല ക്ഷേത്രത്തിലെ അപ്പം, അരവണ തുടങ്ങിയ വഴിപാട് സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ് ലബോറട്ടറി ആരംഭിച്ചത്.
സാധാരണക്കാരും ഈ ലബോറട്ടറിയുടെ സേവനം ഉപയോഗിച്ചുവന്നിരുന്നു. പ്രധാനമായും കിണറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് ഇത്തരത്തില്‍ പരിശോധിച്ചിരുന്നത്. എന്നാല്‍, ജൂലായ് മുതല്‍ ഇതിനുള്ള പരിശോധനാനിരക്ക് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ ലവണാംശം പരിശോധിക്കുന്നതിന് 60 രൂപ ഉണ്ടായിരുന്നത് 300 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. ഇതിനൊപ്പം ബാക്ടീരിയയുടെ സാന്നിധ്യം കൂടി പരിശോധിക്കാന്‍ 500 രൂപ നല്‍കണം. മുമ്പ് ഇത് 80 രൂപയായിരുന്നു. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് യഥാക്രമം 300 ഉം 1000 രൂപയുമാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന വെള്ള സാമ്പിള്‍ പരിശോധിക്കാന്‍ മുമ്പ് 200 രൂപ കൊടുത്തിരുന്നിടത്ത് ഇപ്പോള്‍ 800 രൂപ നല്‍കണം. ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ 1000 രൂപയാണ് ഫീസ്. മുമ്പ് 300 രൂപയായിരുന്നു. ഭക്ഷ്യവസ്തുക്കളില്‍ ഐസ്‌ക്രീം, മിനറല്‍ വാട്ടര്‍, ചായ, കാപ്പി എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ 1300 രൂപയാണ് നിരക്ക്. 500 രൂപയുടെ സ്ഥാനത്താണിത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുടിവെള്ളം, ആസ്​പത്രിയിലെ വിതരണം ചെയ്യുന്ന റൊട്ടി തുടങ്ങിയവ പരിശോധിക്കുന്നതും പത്തനംതിട്ടയിലാണ്. ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഫോട്ടലുകളിലെ ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതും ഇവിടെയാണ്. എന്നാല്‍, ഒരു റിസര്‍ച്ച് ഓഫീസറും, ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും, ഒരു പ്യൂണും മാത്രമാണുള്ളത്. ശബരിമല തീര്‍ത്ഥാടന കാലത്ത് നാലുപേരെ ഡെപ്യൂട്ടേഷനിലും നിയമിക്കും. വര്‍ക്ക് അറേഞ്ച്‌മെന്റില്‍ ഇവിടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാമെന്നും ഭാവിയില്‍ സ്ഥിരം നിയമനം ആകാ മെന്നുമുള്ള അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
ആരംഭിച്ച സ്ഥലത്ത് വാടകകെട്ടിടത്തിലെ അസൗകര്യത്തിലാണ് ലബോറട്ടറിയുടെ പ്രവര്‍ത്തനം ഇപ്പോഴും. കമ്പ്യൂട്ടര്‍ സംവിധാനങ്ങളോ ലാബ് ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള എയര്‍ കണ്ടീഷന്‍ സൗകര്യമോ ഇല്ല. സാമ്പിളുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും പരിമിതം. ലബോറട്ടറി ആരംഭിച്ച് 13 വര്‍ഷം കഴിഞ്ഞിട്ടും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ ജീവനക്കാരുടെ എണ്ണം കൂട്ടാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്വന്തം കെട്ടിടം നിര്‍മ്മിച്ച് ആധുനിക രീതിയില്‍ ലബോറട്ടറി സ്ഥാപിച്ചാല്‍ മാത്രമേ ശരിയായ രീതിയില്‍ ഈ സ്ഥാപനത്തെ പ്രയോജനപ്പെടുത്താന്‍ കഴിയൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.