Friday, August 10, 2012

മായം എന്ന മായ

 • അജിനോമോട്ടോ എന്ന പേര് പരിചയമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഹോട്ടല്‍ ഭക്ഷണത്തിലെ മായം സംബന്ധിച്ച വാര്‍ത്തകളിലും വിശേഷങ്ങളിലും ആദ്യം വരുന്ന പദം അതാണ്. കുഴപ്പക്കാരനാണെന്ന് ഈ പേര് കേട്ടാല്‍ തോന്നുകയേയില്ല. വറുത്തതും പൊരിച്ചതുമായ മാംസഭക്ഷണത്തിന് ആകര്‍ഷകമായ നിറവും മണവും പകരുകയാണതിന്റെ ഉപയോഗം. അജിനോമോട്ടോ എന്ന പദം ഒരു ജാപ്പനീസ് ബ്രാന്‍ഡ് പേരാണ്. ശരിക്കുള്ള പേര് മോണോ സോഡിയം ഗ്ലുട്ടമേറ്റ്. എംഎസ്ജി എന്ന ചുരുക്കപ്പേരിലും അറിയപ്പെടും. ലോകമെങ്ങും ഇതിന്റെ സാന്നിദ്ധ്യമുണ്ട്. അമേരിക്ക ഇതിനെ ""ഗ്രാസ്"" ലെവലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാസ് എന്നാല്‍ ജനറലി റെക്കഗ്നൈസ്ഡ് അസ് സേഫ് . ചൈനക്കാര്‍ വെ-ത്സിന്‍  എന്ന് വിളിക്കുന്നു. ഇത് അകത്തുചെന്നാല്‍ തലവേദന, നെഞ്ചുവേദന, എരിച്ചില്‍, വിയര്‍ക്കല്‍ ഒക്കെയുണ്ടാകാം. ഈ രോഗത്തിന് പക്ഷേ സായ്പ് നല്‍കിയിരിക്കുന്ന പേര് ചൈനീസ് റെസ്റ്റോറണ്ട് സിന്‍ഡ്രോം എന്നാണ്. ഏഷ്യയിലാണ് ഇത് പാചകത്തിനായി കൂടുതലും ഉപയോഗിക്കുന്നതെന്നാണ് ന്യായം.

  പാശ്ചാത്യന്റെ ഏഷ്യന്‍ വിരോധംതന്നെയാണ് ഇതില്‍ നിഴലിച്ചുനില്‍ക്കുന്നത്. നമ്മള്‍ വീട്ടല്‍ എത്ര കൃത്യമായും ശുചിയായും വറുത്താലും ഹോട്ടലില്‍ മേശപ്പുറത്ത് എത്തുന്ന ഇറച്ചിയുടെ നിറവും മണവും ഉണ്ടാവില്ലെന്നത് പൊതുവില്‍ അടുക്കള കൈകാര്യം ചെയ്യുന്ന സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന ഒരു സത്യമാണ്. വീട്ടില്‍ ഭക്ഷ്യയോഗ്യമായ പദാര്‍ത്ഥങ്ങള്‍ മാത്രം കൈകാര്യംചെയ്യുമ്പോള്‍ ഹോട്ടലില്‍ രാസവസ്തുക്കള്‍ കൂടി ഉപയോഗിക്കുന്നു എന്നതാണ് കാര്യം. ഏതൊരു ഭക്ഷ്യവസ്തുവിനും അതിന്റെ സ്വാഭാവികതയില്‍ കവിഞ്ഞ ആകര്‍ഷകത്വം കണ്ടാല്‍ ഉറപ്പിക്കുക, അതില്‍ രാസമാലിന്യമുണ്ട്. പടിക്കല്‍ എത്തുന്ന മീന്‍ വില്‍പനക്കാരന്റെ പെട്ടിയിലേക്ക് നോക്കുക. നിറയെ ഈച്ചകള്‍. അത് വാങ്ങണ്ട എന്ന് രണ്ടാമതൊന്നാലോചിക്കാതെ നമ്മള്‍ തീരുമാനിക്കും. എന്നാല്‍ പെട്ടിയില്‍ നല്ല വൃത്തിയുള്ള കേടുപാടുകളൊന്നുമില്ലാതെ അച്ചടക്കത്തോടെ മീനുകളെല്ലാം അടങ്ങിയിരിക്കുന്നു എന്നും ഒറ്റ ഈച്ചപോലും അതില്‍ കാണപ്പെടുന്നില്ല എന്നും വന്നാല്‍ അതില്‍ സന്തോഷിക്കാത്ത ഒരു ഉപഭോക്താവും ഉണ്ടാവില്ല. പക്ഷേ ഈ സുന്ദര ദൃശ്യം കണ്ടാല്‍ മനസ്സിലാക്കേണ്ടത് ഈ മത്സ്യം രാസികമായി കൈകാര്യം ചെയ്യപ്പെട്ടതാണ് എന്നതാണ്. മത്സ്യഗന്ധം ഈച്ചയെ ആകര്‍ഷിക്കും എന്നത് ലളിതമായ ശാസ്ത്രം. ഈച്ചയ്ക്ക് അതിനെ നശിപ്പിക്കാന്‍ കഴിയുന്ന രാസവസ്തുക്കളെ എളുപ്പം തിരിച്ചറിയാം. അതൊരു ജന്മവാസനയാണ്. അത് ഒരു സൂചകവുമാണ്. ഒരേ നിറവും വലിപ്പവും ആകൃതിയുമുള്ള മാമ്പഴങ്ങള്‍ കടയില്‍ നിരന്നിരിക്കുന്നത് കാണാറില്ലേ? ദിവസങ്ങളോളം അതങ്ങനെതന്നെ ഇരിക്കും. അങ്ങനെ ഇരിക്കാനാവില്ലതന്നെ. കാരണം പച്ചമാങ്ങ, മാമ്പഴമായിത്തീരുന്നത് ഒരു രാസപ്രവര്‍ത്തനത്തിലൂടെയാണ്. അവയിലെ ആസിഡുകള്‍ക്ക് ഘടനാമാറ്റം സംഭവിക്കുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നു. എല്ലാ ജൈവ വസ്തുക്കളിലും രാസവസ്തുക്കള്‍തന്നെയാണുള്ളത്. അവ പ്രകൃതിദത്ത രാസവസ്തുക്കളായിരിക്കും എന്നു മാത്രം. അതുകൊണ്ട് എല്ലാ ജൈവ ശരീരങ്ങളിലും അനുദിനം രാസപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കും. ജീവന്‍ എന്നതുതന്നെ ഒരു രാസപ്രവര്‍ത്തനത്തിന്റെ ഫലമാണല്ലോ? അപ്പോള്‍ മാമ്പഴത്തിലും രാസപ്രവര്‍ത്തനം നടക്കാതെ വയ്യ. പഴുത്ത മാമ്പഴം പിന്നെയും പിന്നെയും പഴുത്തുകൊണ്ടിരിക്കും. അത് കേടുവരും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിലോ? പുറമെനിന്ന് രാസവസ്തുക്കള്‍ നല്‍കി, ഉള്ളിലെ രാസപ്രവര്‍ത്തനത്തിന്റെ ഗതി തിരിച്ചുവിടണം. ഇവിടെ കാര്‍ബൈഡാണ് വില്ലന്‍. കാര്‍ബൈഡ് പഴത്തിന്റെ ഉള്ളിലേക്ക് അലിഞ്ഞിറങ്ങുകയാണ്. അതിനുള്ളിലെ ജീവല്‍ പ്രവര്‍ത്തനത്തെ നിശ്ചലമാക്കുന്നു. പക്ഷേ കാര്‍ബൈഡ് മനുഷ്യന്റെ ഉള്ളില്‍ ചെന്നാല്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ഉണ്ടാകുമെന്നത് അതിന്റെ മറുവശം. വാഴപ്പഴം പഴുപ്പിക്കാന്‍ പുകയിടുന്നത് ഒരു ഗ്രാമീണ സാങ്കേതിക വിദ്യയാണല്ലോ? സത്യത്തില്‍ കാര്‍ബൈഡ് കടത്തുകതന്നെയാണ് ഇവിടെയും ചെയ്യുന്നത്. പക്ഷേ ഈ പ്രവര്‍ത്തനം പൊതുവെ നിരുപദ്രവകരമാണ് എന്നാണ് ആളുകള്‍ കരുതുന്നത്. അത്ര നിരുപദ്രവകരമല്ല അത്. വിശദമായി പഠിക്കേണ്ട ഒന്നാണ്. ലോകത്ത് ഭക്ഷണമില്ലാതെ ധാരാളം ആളുകള്‍ മരിക്കുന്നുണ്ട്. ദാരിദ്ര്യവും ചൂഷണവുമാണതിന്റെ കാരണം. എന്നാല്‍ അത്രതന്നെ ആളുകള്‍ ഭക്ഷണത്തിലെ മായംമൂലം കഷ്ടപ്പെടുന്നുണ്ട്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന എല്ലാ നിറങ്ങളും വിഷമയ രാസപദാര്‍ത്ഥങ്ങളാണ്. വിശേഷിച്ചും മൃദുപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ലോഹ അധിഷ്ഠിത നിറങ്ങള്‍. ചെമ്പും സിങ്കും അവയില്‍ ഉണ്ടാകാം. ചില പച്ച ചായങ്ങള്‍ ഇന്‍ഡിഗോ അടിസ്ഥാനമാക്കിയവയാണ്. ഇവയെല്ലാം അപകടകരംതന്നെ. മായംചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ എന്താ വഴി എന്ന അന്വേഷണത്തിന് ഇന്റര്‍നെറ്റിലെ വിവിധ വെബ്സൈറ്റുകള്‍ നല്‍കുന്ന ഉത്തരം പ്രാദേശിക കോളകളെ ഒഴിവാക്കുക; പകരം പ്രശസ്തമായ ബ്രാന്‍ഡ് നാമങ്ങളുള്ള മൃദുപാനീയങ്ങള്‍ ഉപയോഗിക്കുക എന്നാണ്.

  ശുദ്ധമായ വഞ്ചനയാണത്. കൊക്കൊകോളയില്‍ രാസമാലിന്യങ്ങളുണ്ടെന്ന് കേരളത്തില്‍നിന്നുതന്നെ നമുക്ക് തെളിവ് ലഭിച്ചതാണല്ലോ? കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഹോട്ടല്‍ റെയ്ഡുകള്‍ ചിലപ്പോള്‍ നമ്മെ തെറ്റായ ഒരു നിഗമനത്തിലേക്ക് നയിക്കാനിടയുണ്ട്. ചെറുകിട ഹോട്ടലുകളും പ്രാദേശിക ഉല്‍പന്നങ്ങളുമാണ് കുഴപ്പക്കാര്‍; വന്‍കിട ബ്രാന്‍ഡുകള്‍ സുരക്ഷിതമാണ് എന്ന്.സൈബര്‍ ലോകത്ത് അങ്ങനെയൊരു പ്രചാരം നടക്കുന്നുണ്ട്; അങ്ങനെ വന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയിലാകും നമ്മള്‍. ഒരു വശത്ത് മായം ചേര്‍ത്ത ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍. മറുവശത്ത് ഇത്തരം ഹോട്ടലുകളെ മുന്‍നിര്‍ത്തി വിപണിപിടിക്കാന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്ര ഭക്ഷണക്കച്ചവടക്കാര്‍. സോസേജിന് കൊഴുപ്പുകൂട്ടാന്‍വേണ്ടി ചേര്‍ക്കുന്ന അമൈലം എന്നൊരു രാസവസ്തുവുണ്ട്. അതൊരു പോളിസാക്കറൈഡ് കാര്‍ബോ ഹൈഡ്രേറ്റാണ്. അകത്തുചെന്നാല്‍ കരളിനെയാണത് ആക്രമിക്കുന്നത്. സാധാരണയിലും കവിഞ്ഞ കടുപ്പമുള്ള ചുവന്ന നിറത്തില്‍ മുളകുപൊടി കണ്ടാല്‍ സൂക്ഷിക്കുക. സുഡാന്‍ റെഡ് എന്ന ചായം അതില്‍ കലര്‍ന്നിട്ടുണ്ടാകാം. ഭക്ഷണത്തിലെ മായം രണ്ടുതരത്തിലുണ്ട് എന്നാണ് പറയാറുള്ളത്. ഒന്ന് മനഃപൂര്‍വ്വം ചേര്‍ക്കുന്ന മായം. രണ്ടാമത്തേത് മനഃപൂര്‍വ്വമല്ലാതെ ചേര്‍ക്കുന്ന മായം. ആദ്യത്തേതിലെ മുഖ്യ ഇനം ചായങ്ങള്‍ തന്നെയാണ്. 1954 മുതല്‍ തന്നെ പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് ഇന്ത്യയില്‍ നിലവിലുണ്ട്. അതനുസരിച്ച് ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന എട്ട് ഇനം ചായങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

  ടിന്നിലടച്ചവ ഒഴികെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ഇത്തരം നിറങ്ങള്‍ 100 പിപിഎം മാത്രമേ ഉണ്ടാകാവൂ. ടിന്നിലടച്ചവയില്‍ അത് 200 വരെയാകാം. എന്തായാലും പായ്ക്കറ്റിന് പുറത്ത് ഭക്ഷണത്തില്‍ ഉപയോഗിച്ചിട്ടുള്ള നിറങ്ങള്‍ ഏതാണെന്നും അവയുടെ അളവ് എത്രയുണ്ടെന്നും രേഖപ്പെടുത്തണം. പക്ഷേ പല പായ്ക്കറ്റുകളിലും ""നിറങ്ങള്‍ അനുവദനീയമായ തോതില്‍"", എന്നൊരറിയിപ്പു മാത്രമാണ് കാണാറുള്ളത്. നിയമത്തിന്റെ പഴുതുകള്‍ പലപ്പോഴും കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരവും ഒരുക്കുന്നു. അര്‍ഗെമോനെ മെക്സിക്കാന എന്നത് ഒരു വനസസ്യത്തിന്റെ ശാസ്ത്രനാമമാണ്. അതിന്റെ വിത്തുകള്‍ കടുകിന്റെ ഘടനയുള്ളതാണ്. അതുകൊണ്ട് കടുകില്‍ ഈ മായം ചേര്‍ക്കാം. കേരളത്തില്‍ ഈ കേസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി കേട്ടിട്ടില്ല.

  ദല്‍ഹി, ഗ്വാളിയര്‍, ലഖ്നൗ എന്നിവിടങ്ങളില്‍ ഇത് പലവട്ടം വാര്‍ത്തയായിട്ടുണ്ട്. എണ്ണയാണ് മറ്റൊരു മായം ചേര്‍ക്കല്‍ മേഖല. വിലകുറഞ്ഞ മെഴുക് ചേര്‍ക്കുന്നത് മുതല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതുവരെ ഇതില്‍പെടുന്നു. വീട്ടില്‍ നമ്മള്‍ വാങ്ങുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ന്നിട്ടുണ്ടെങ്കില്‍ ചില ലഘുപരീക്ഷണങ്ങളിലൂടെ അവ കണ്ടെത്താന്‍ കഴിയും. പക്ഷേ ഹോട്ടലില്‍ മേശപ്പുറത്ത് എത്തുന്ന പാകംചെയ്ത ഭക്ഷണത്തില്‍ എന്തുണ്ടായാലും നാം അറിയാന്‍പോകുന്നില്ല. അവയുടെ പഴക്കവും ശുചിത്വവും ഒന്നും അളക്കുക ഉപഭോക്താവിന് സാധ്യമല്ലല്ലോ? അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റൊന്നും കരണീയമായിട്ടില്ല. ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം എന്നുപറയാം. പക്ഷേ അങ്ങനെ പറയാനല്ലാതെ അത് നടപ്പാക്കാനാവില്ലല്ലോ? കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിവന്ന ജാഗ്രത ആരും തല്ലിക്കെടുത്താതിരിക്കട്ടെ എന്നും ഒപ്പം ഈ ജാഗ്രതയുടെ മറവില്‍ ബഹുരാഷ്ട്ര ഭീമന്‍മാര്‍ തീന്‍മേശയില്‍ ആധിപത്യം നേടാതിരിക്കട്ടെ എന്നും ആഗ്രഹിക്കാം.
  Source:http://www.deshabhimani.com

No comments:

Post a Comment