Ads 468x60px

Thursday, May 16, 2013

മാമ്പഴങ്ങളില്‍ രാസവസ്തു; മൊത്ത വിതരണകേന്ദ്രങ്ങളില്‍ പരിശോധന

തിരുവനന്തപുരം: മാങ്ങ പഴുപ്പിക്കാനായി രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു.മാമ്പഴ മൊത്തവിതരണ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ രാസപദാര്‍ത്ഥങ്ങള്‍ തളിച്ചെന്നു സംശയിക്കുന്ന 37 സ്ഥലത്തെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തു. മാമ്പഴങ്ങളില്‍ കാത്സ്യം കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് 'മാതൃഭൂമിയും' വാര്‍ത്ത നല്‍കിയിരുന്നു. തിരുവനന്തപുരത്തെ എട്ട് സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് മാങ്ങകള്‍ പരിശോധനയ്‌ക്കെടുത്തു. ആലപ്പുഴ രണ്ടും പത്തനംതിട്ട നാലും കോട്ടയം മൂന്നും എറണാകുളം 13 ഉം തൃശ്ശൂര്‍ ഒന്നും മലപ്പുറം മൂന്നും വയനാട് മൂന്നും കേന്ദ്രങ്ങളില്‍ നിന്നാണ് മാമ്പഴങ്ങള്‍ പരിശോധയ്‌ക്കെടുത്തത്. കഴിഞ്ഞ മാസത്തെ പരിശോധനയില്‍ കാല്‍സ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്ന് മാമ്പഴങ്ങളുടെ വന്‍ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഇപ്പോള്‍ 'എത്തറാല്‍' അടക്കമുള്ള മാരക രാസവസ്തുക്കള്‍ പച്ച മാങ്ങയില്‍ സ്‌പ്രേചെയ്തും രാസലായനികളില്‍ മുക്കിയും പച്ച മാങ്ങ പഴുപ്പിക്കുന്നതായുള്ള പരാതികളുണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളുടെ പഴതോട്ടങ്ങളില്‍ പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ (പി.ജി.ആര്‍). ഇനങ്ങളില്‍പ്പെട്ട ഹോര്‍മോണ്‍ കൃഷിരീതിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് പച്ച മാങ്ങ പഴുപ്പിക്കുന്നതിനായി തളിക്കുന്നതെന്ന് മറ്റു സംസ്ഥാനങ്ങളിലെ ഫുഡ് സേഫ്റ്റി വിഭാഗം സംസ്ഥാന ഫുഡ് സേഫ്റ്റി വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഇവ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന അസുഖങ്ങളെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി കേന്ദ്ര ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയിലെ ശാസ്ത്രവിഭാഗം തലവന് കത്തയിച്ചിട്ടുണ്ട്. മാമ്പഴം, തക്കാളി, പൈനാപ്പിള്‍, ഏത്തപ്പഴം എന്നിവ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ കേരളത്തിലേക്ക് അയയ്ക്കാന്‍ പാടുള്ളൂ എന്ന് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധനകള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ അറിയിച്ചു.

No comments:

Post a Comment