Ads 468x60px

Saturday, May 31, 2014

പരിശോധനകള്‍ കര്‍ശനം; ഒരിക്കലും നന്നാകാതെ ഹോട്ടലുകള്‍ : ഇന്നലത്തെ മെനു: പുഴുവരിച്ച ചിക്കന്‍.... 'അട്ട' സാമ്പാര്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശനമായ പരിശോധനകള്‍ തുടരുന്നതിനിടയിലും നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നതു വൃത്തിയില്ലാത്ത ഭക്ഷണം. ഇന്നലെ സെക്രട്ടേറിയറ്റിനു സമീപമുള്ള ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയിലെ ചിക്കന്‍ മാസങ്ങള്‍ പഴക്കമുള്ളത്. മരുതന്‍കുഴിയിലെ വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും നല്‍കിയ സാമ്പാറില്‍ അട്ട. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി രണ്ടു ഹോട്ടലും പൂട്ടി. ചിക്കന്‍ സപ്ലൈ ചെയ്ത നേമത്തെ സ്ഥാപനവും ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടി സീല്‍ വച്ചു.
ഇന്നലെ ഗവണ്‍മെന്റ് പ്രസിലെ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ യോഗത്തോടനുബന്ധിച്ചു സമീപമുള്ള 'ടൗണ്‍ ടവര്‍' എന്ന ഹോട്ടലില്‍ നിന്നും 825 ഓളം ചിക്കന്‍ ബിരിയാണികള്‍ ഓര്‍ഡര്‍ നല്‍കി. അവിടെ നിന്നും ഉച്ചയ്ക്കു ബിരിയാണികള്‍ പ്രസിലെത്തിച്ചു. അതു കഴിച്ച ചിലര്‍ക്ക് ഛര്‍ദ്ദിലും മനംപിരട്ടലുമുണ്ടായി. തുടര്‍ന്ന് എല്ലാ ബിരിയാണികളും പരിശോധിച്ചപ്പോള്‍ ചിക്കന്‍ ദുര്‍ഗന്ധമുള്ളതും പഴകിയതുമാണെന്നു കണ്ടെത്തി. തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ ഭൂസുധയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഹോട്ടലില്‍ പരിശോധന നടത്തി. അവിടെ സൂക്ഷിച്ചിരുന്ന ചിക്കന്‍ പഴകിയതാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ഹോട്ടല്‍ പൂട്ടിച്ചു. ചിക്കന്‍ സപ്ലൈ ചെയ്ത നേമത്തെ നൂറാ ഏജന്‍സിയിലെത്തി അവിടവും പൂട്ടി സീല്‍ ചെയ്തു.
അതിനിടയിലാണു മരുതന്‍കുഴിയിലെ വെജിറ്റേറിയന്‍ ഹോട്ടലായ ആനന്ദഭവനെതിരെ പരാതിയെത്തിയത്. മസാലദോശയോടൊപ്പം വാങ്ങിയ സാമ്പാറിനെതിരെയായിരുന്നു പരാതി. അവിടെയെത്തി നടത്തിയ പരിശോധയില്‍ സാമ്പാറില്‍ നിന്നും അട്ട ലഭിച്ചു. വൃത്തിഹീനമായ അടുക്കളയായിരുന്നു ഹോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ആനന്ദഭവനും ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടി. നഗരത്തിലെ മറ്റു സ്ഥലങ്ങളിലും ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.

No comments:

Post a Comment