Ads 468x60px

Friday, June 6, 2014

സ്‌കൂളുകളിൽ സുരക്ഷിത ആഹാരം, ആരോഗ്യത്തിന് ആധാരം പദ്ധതി നടപ്പിലാക്കും

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ശരിയായ ആരോഗ്യശീലങ്ങൾ വളർത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ 'സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം' എന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. ജീവിതശൈലീരോഗങ്ങളിൽ നിന്ന്  വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണിത്. തിരുവനന്തപുരം എസ്.എം.വി സ്‌കൂളിൽ ആരോഗ്യ അസംബ്ളികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലേയും പത്തുസ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഒമ്പത്, പ്ളസ് വൺ ക്ളാസുകളിൽ നിന്നും 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് പരിശീലനം നൽകും. ആ കുട്ടികൾ  മറ്റുകുട്ടികൾക്ക് ആഹാരസുരക്ഷയിൽ ബോധവത്കരണം നൽകും. ഫാസ്റ്റ് ഫുഡ്. ജങ്ക് ഫുഡ്, ലഹരി മിഠായികൾ, ച്യൂയിംഗം, ട്രാൻസ് ഫാറ്റ്, ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്ന നിറങ്ങൾ, രുചിവർദ്ധക വസ്തുക്കൾ എന്നിവയ്ക്കെതിരെയുള്ള ബോധവത്കരണമാണ് പദ്ധതിയിലൂടെ നടപ്പാക്കുക. ഇതിനായി 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.എല്ലാ സ്കൂളുകളിലും ഫുഡ് സേഫ്റ്റി ക്ളബ്ബുകൾ ആരംഭിക്കും. അടുത്തഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർ ആർ. ഹരികുമാർ, ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്‌ടർമാരായ ഡോ.എ.എസ്. പ്രദീപ്കുമാർ, ഡോ. സി.കെ. ജഗദീശൻ, ഡോ. മീനാക്ഷി, ഡി.എം.ഒ ഡോ. കെ.എം. സിറാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Source:http://news.keralakaumudi.com

No comments:

Post a Comment