Ads 468x60px

Monday, January 19, 2015

ഭക്ഷ്യസുരക്ഷാ നിയമം ഭേദഗതി ചെയ്യുന്നു; ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടിയായേക്കും




തിരുവനന്തപുരം: മൂന്ന് വര്‍ഷം മുമ്പ് രാജ്യത്ത് നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. എങ്ങനെയുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് ആലോചിക്കാന്‍ 16 അംഗ കമ്മിറ്റിയെയും നിയമിച്ചു.
കമ്മിറ്റിയുടെ ആദ്യ യോഗത്തിനുശേഷം 45 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 9ന് കമ്മിറ്റി ആദ്യ യോഗം കൂടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമം ഭേദഗതി ചെയ്യുന്നതിനായി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പിന്നീടത് പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വീണ്ടും ഭേദഗതി ശ്രമങ്ങള്‍ക്ക് ജീവന്‍ െവയ്ക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് എളുപ്പമാക്കുന്ന തരത്തിലാകും പുതിയ ഭേദഗതി നിര്‍ദേശങ്ങളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി എന്നിവയ്ക്ക് ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന നിയമങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്-2006 നിര്‍മിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2008ല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഓഫ് ഇന്ത്യ നിലവില്‍ വരികയും 2011 ആഗസ്ത് 5 മുതല്‍ നിയമം നടപ്പാക്കുകയും ചെയ്തിരുന്നു.
പിന്നീട് നിയമം നടപ്പാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫിബ്രവരി 19ന് രാജ്യസഭയില്‍ നിയമം ഭേദഗതി ചെയ്യുന്നതിനായി ബില്‍ അവതരിപ്പിക്കുകയും ചെയ്തു. പിന്നീടത് പിന്‍വലിച്ചു. അതിനിടെയാണ് കൃത്രിമ പാലുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതിയിലെത്തുകയും നിയമം ശക്തമാക്കുന്നത് സംബന്ധിച്ച പരാമര്‍ശമുണ്ടാവുകയും ചെയ്തത്.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി സെക്രട്ടറി ആര്‍.കെ.ജെയിനാണ് കമ്മിറ്റിയുെട ചെയര്‍പെഴ്‌സണ്‍. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭേദഗതി സാധ്യമാക്കുന്ന തരത്തില്‍ ഒരു ചട്ടക്കൂടൊരുക്കുകയാണ് കമ്മിറ്റിയുടെ ദൗത്യം.
വിദേശത്ത് നിന്ന് ചോക്കളേറ്റ്‌സ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് എഫ്.എസ്.എസ്.എ.ഐയുടെ പ്രോഡക്ട് അപ്രൂവല്‍ ആവശ്യമുണ്ട്. ഇതില്‍ ചില ഇളവുകള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പുതിയ ഭേദഗതി നിര്‍ദേശങ്ങളില്‍ ഇത്തരം ഇളവുകള്‍ കൂടി തീര്‍ച്ചയായും ഉള്‍പ്പെടുമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതുപോലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെയും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെയും നിലവിലുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നതും ഭേദഗതിയിലുണ്ടാകുമെന്ന് പറയപ്പെടുന്നു. നിലവില്‍ ചെറുകിട ഭക്ഷ്യോത്പന്ന കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുന്നതായിരിക്കും ഭേദഗതികളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Source:http://www.mathrubhumi.com/online/malayalam/news/story/3374251/2015-01-19/kerala

No comments:

Post a Comment