Ads 468x60px

Tuesday, May 12, 2015

ജില്ലയിൽ ഭക്ഷ്യസുരക്ഷ പ്രഹസനം;പരിശോധനയ്ക്ക് ആകെയുള്ളത് ആറ് പേർ...

പാരിപ്പള്ളി: കുടിവെള്ളത്തിലുൾപ്പെടെ മായം കലർന്നിട്ടും ലൈസൻസില്ലാതെ ഭക്ഷണ വ്യാപാരം പൊടിപൊടിക്കുമ്പോഴും നടപടിയെടുക്കേണ്ട ജില്ലാമേധാവിയടക്കമുള്ള ഉദ്യോഗസ്ഥർ അസൗകര്യങ്ങളുടെ പടുകുഴിയിൽ വീർപ്പുമുട്ടുന്നത് കരിഞ്ചന്തക്കാർക്ക് സഹായകമാകുന്നു. ഭക്ഷണ സാധനങ്ങളും വെള്ളവും മാലിന്യമുക്തമെന്ന് ഉറപ്പുവരുത്തേണ്ട ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥരാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നട്ടം തിരിയുന്നത്. ജില്ലയിൽ പുതുതായി രൂപീകരിച്ച അഞ്ച് ഓഫീസുകളടക്കം ആകെയുള്ള പതിനൊന്ന് എണ്ണത്തിൽ ആറ് ഉദ്യോഗസ്ഥർ മാത്രമാണ് ഉള്ളത്. പുതുതായി രൂപീകരിച്ച കുണ്ടറ,ചടയമംഗലം, ചവറ, ചാത്തന്നൂർ, ഇരവിപുരം എന്നിവിടങ്ങളിൽ ഫുഡ് സേഫ്റ്റി ഓഫീസറെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ശിപായിയും ക്ലാർക്കുമില്ലാത്തതിനാൽ ഓഫീസ് അടിച്ചുവാരലും വൈകിട്ട് പൂട്ടേണ്ട ബാധ്യതയും ഇവരുടെ തലയിലാണ്. ജില്ല മുഴുവനും ഓടി നടന്ന് പരിശോധിക്കാൻ ആകെയുള്ളത് ഒറ്റ വാഹനം മാത്രം .അതും വാടക വണ്ടി . ഇതിന് ഒരു മാസം പരമാവധി ഓടാവുന്ന ദൂരം  2500 കി.മീ. ഒറ്റയ്ക്ക് പരിശോധനയ്ക്ക് പോകാൻ പാടില്ലെന്ന് സർക്കാർ ഉത്തരവുള്ളതിനാൽ ഒന്നിലധികം പേർ ചേർന്നാണ് പരിശോധന നടത്തുന്നതെന്ന് അസി.ഫുഡ് സേഫ്റ്റി കമ്മിഷണർ മിനി പറഞ്ഞു. ചാത്തന്നൂർ മണ്ഡലത്തിലെ നൂറിലധികം സ്ഥാപനങ്ങളിലെ പരിശോധനക്കായി ആറ് മാസം മുമ്പാണ് പുതിയ  ഓഫീസ് അനുവദിച്ചത്. ഇവിടെ വൈദ്യുതി പോലുമില്ല. ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ പേപ്പർ ജോലികൾ വീട്ടിലിരുന്ന് ശരിയാക്കേണ്ട ഗതികേടിലാണ് ഇവിടത്തെ വനിതാ ഉദ്യോഗസ്ഥ. പാരിപ്പള്ളി മാർക്കറ്റിലും പരിസരത്തും അനധികൃത മാംസ വ്യാപാരം പൊടിപൊടിക്കുന്നതായി നാട്ടുകാർ പരാതി പറഞ്ഞിട്ട് നാളേറെയായെങ്കിലും പരിശോധന നടത്തണമെങ്കിൽ ജില്ലയിലെ മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ കൂടി എത്തിച്ചേരണം.എല്ലാവരുടെയും സമയം നോക്കി പരിശോധന എന്ന് നടക്കുമെന്നോർത്ത് നെടുവീർപ്പിടുകയാണ് പ്രദേശവാസികൾ. കൂടാതെ വേനൽ കടുത്തതോടെ മലിനജലം ടാങ്കർ ലോറികളിൽ നിറച്ച് കുടിവെള്ളമെന്ന വ്യാജേന വിൽപ്പന നടത്തുന്നത് തടയാൻ കഴിയാതെ നിസ്സഹായരായി നോക്കിനിൽക്കാനേ ഇവർക്കാവുന്നുള്ളൂ.

No comments:

Post a Comment