Ads 468x60px

Thursday, October 20, 2011

മായം ചേര്‍ക്കല്‍ തടയാന്‍ അധികാരംതേടി നഗരസഭ

നവിമുംബൈ: ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ വ്യാപകമാവുന്ന മായം ചേര്‍ക്കല്‍ തടയാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുള്ള അധികാരങ്ങള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവിമുംബൈ നഗരസഭ ആരോഗ്യവകുപ്പി്ു കത്തുകളയച്ചിട്ടും പ്രതികരണമില്ലെന്ന് പരാതി. ഏകദേശം പതിനഞ്ചോളം കത്തുകള്‍ സര്‍ക്കാരിന് അയച്ചുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നു നഗരസഭാവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മുംബൈ നഗരസഭയുടെ ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു സാംപിള്‍ പരിശോധനയ്ക്കാനുള്ള വിപുലമായ അധികാരം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഹോട്ടലിലോ ഭക്ഷ്യവസ്തു നിര്‍മാണശാലയിലോ മായം ചേര്‍ക്കുന്നതായോ നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായോ വിവരം ലഭിച്ചാല്‍ ഉടന്‍തന്നെ റെയ്ഡ് നടത്താനുള്ള അധികാരം ഉണ്ട്. ഈ സ്റ്റാഫ് ഹോട്ടലിലും മറ്റു ഭക്ഷണശാലയിലും റെയ്ഡ് നടത്തിയശേഷം കുറ്റവാളികളായ ഹോട്ടല്‍ ഉടമകളെ ശിക്ഷിക്കാറുമുണ്ട്. എന്നാല്‍ 1995-ല്‍ സ്ഥാപിതമായ നവിമുംബൈ നഗരസഭയ്ക്ക് ഇത്തരം അധികാരം നല്‍കാത്തതു കാരണം ഭക്ഷണശാലകളില്‍ പരിശോധന നടത്താറില്ല. വല്ല പരാതിയും ഉണ്ടെങ്കില്‍ താനെയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി കൈമാറണം. എന്നാല്‍ വേണ്ടത്ര സ്റ്റാഫ് ഇല്ലാത്തതിനാല്‍ ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ എഫ്.ഡി.എ. അധികൃതര്‍ തയ്യാറാവുന്നില്ല. ഇത് നവിമുംബൈ ഭാഗങ്ങളില്‍ ഭക്ഷണങ്ങളില്‍ വ്യാപകമായ രീതിയില്‍ മായം കലരാന്‍ കാരണമാവുന്നുണ്ട്. നിരവധി പരാതികള്‍ ഹോട്ടലുകളെ സംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്ന് നവിമുംബൈ നഗരസഭാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാറിനോട് ഇക്കാര്യം പല തവണ അഭ്യര്‍ഥിച്ചിട്ടും തങ്ങള്‍ക്ക് അധികാരം നല്‍കാന്‍ യാതൊരുവിധ ചലനവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ പറയുന്നു.

source: mathrubhumi