Ads 468x60px

Friday, July 11, 2014

ഭക്ഷ്യസുരക്ഷ ഓഫിസര്‍ നിയമനം പി.എസ്.സി വഴി മാത്രം

തൊടുപുഴ: സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷണറേറ്റിനു കീഴിലെ സര്‍ക്കിളുകളില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്‍െറ മുന്‍ ഉത്തരവു പ്രകാരം നിശ്ചിത യോഗ്യതയുള്ളവരെ പി.എസ്.സി വഴി നേരിട്ട് നിയമിക്കുമെന്നും നടപടിക്രമങ്ങള്‍ ഒരാഴ്ചക്കകം ആരംഭിക്കുമെന്നും ഭക്ഷ്യ സുരക്ഷ കമീഷണര്‍ ടി.വി. അനുപമ ‘മാധ്യമ’ത്തോട് പറഞ്ഞു. ജീവനക്കാരുടെ കുറവു മൂലം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ സര്‍ക്കിളുകളില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി മറയാക്കി ചട്ടങ്ങള്‍ മറികടന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരെ നിയമിക്കാനുള്ള നീക്കം ജൂണ്‍ 27ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരോഗ്യ വകുപ്പില്‍ ജീവനക്കാരില്‍നിന്ന് എം.എസ്സി കെമിസ്ട്രി യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് ആറു മാസത്തെ പരിശീലനം നല്‍കി ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായി നിയമിക്കാനായിരുന്നു നീക്കം. ഈ മേഖലയില്‍ ജോലി ലക്ഷ്യമിട്ട് ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങളായി ജോലിക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ ഈ നടപടി ആശങ്കയിലാഴ്ത്തി. എം.എസ്സി യോഗ്യത മാത്രം മാനദണ്ഡമാക്കി നിലവില്‍ സര്‍വീസിലുള്ളവരെ ലക്ഷങ്ങള്‍ ചെലവഴിച്ച് ആറു മാസത്തെ പരിശീലനം നല്‍കി ഫുഡ് സേഫ്റ്റി ഓഫിസര്‍മാരാക്കുന്നത് പി.എസ്.സി നിയമനം കാത്തിരിക്കുന്നവരോടുള്ള വഞ്ചനയാണെന്ന് കമീഷണറേറ്റിനുള്ളില്‍നിന്നു തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്ന് കമീഷണറേറ്റിലെ ചില ഉന്നതോദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ ആരംഭിച്ചു.
ഇതിനിടെ ടി.വി. അനുപമ ഭക്ഷ്യ സുരക്ഷ കമീഷണറായി ചുമതലയേറ്റതോടെയാണ് നിയമനം പി.എസ്.സി വഴി മാത്രം മതിയെന്ന കര്‍ശന നിലപാടെടുത്തത്. പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമന നടപടികള്‍ ആരംഭിക്കുമെന്നും കമീഷണര്‍ അറിയിച്ചു. 140 ഭക്ഷ്യസുരക്ഷ സര്‍ക്കിളുകളില്‍ 50 എണ്ണത്തിലേ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുള്ളൂ. ജനുവരിയിലെ കണക്കനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ 74 ഒഴിവുണ്ട്. ഫുഡ് ടെക്നോളജി, ഫുഡ് സയന്‍സ്, ഭക്ഷണങ്ങളുടെ ഗുണ നിലവാരം എന്നിവയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാനുതകുന്നതാണ് പുതിയ തീരുമാനം.

No comments:

Post a Comment