Ads 468x60px

Wednesday, April 22, 2015

സര്‍ക്കാറിന്റെ വാക്ക് പാഴായി; ജനം ഇപ്പോഴും വിഷംതീനികള്‍


കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന പച്ചക്കറികളില്‍ മാരകമായ വിഷാംശമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ ശാസ്ത്രീയമായി തെളിയിച്ചിട്ട് കൊല്ലം മൂന്നു കഴിഞ്ഞു. അത് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ട് അഞ്ചു മാസവും കഴിഞ്ഞു. കാര്യമായ പുരോഗതിയുണ്ടായിട്ടില്ല, ഇന്നും. ജനം ഇപ്പോഴും കഴിക്കുന്നത് വിഷം തീണ്ടിയ പച്ചക്കറികള്‍ തന്നെ.
സുരക്ഷിതമായ പച്ചക്കറികള്‍ ലഭ്യമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അതോറിറ്റിക്ക് രൂപം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നതാണ്. ഈ തീരുമാനമറിഞ്ഞ് ജനം ആശ്വാസം കൊണ്ടിരുന്നതുമാണ്. ഇപ്പോഴും അതോറിറ്റി നിലവില്‍ വന്നിട്ടില്ല. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, വില്പന നികുതി, എന്നീ വകുപ്പുകളിലേയും കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികോര്‍പ്പ് എന്നിവയിലേയും ഉന്നതരുടെ നേതൃത്വത്തില്‍ അതോറിറ്റി രൂപവത്കരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇവരെ ചേര്‍ത്ത് ഒരു അതോറിറ്റിയുണ്ടാക്കുന്നതിന് വലിയ യത്‌നമൊന്നും അവശ്യമുണ്ടായിരുന്നില്ലെങ്കിലും ആ യോഗത്തിനപ്പുറം ആരും താല്പര്യം കാണിച്ചില്ല; ജനം വിഷം തീണ്ടിയ പച്ചക്കറികള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യമുണ്ടായിട്ടും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങി വിതരണം ചെയ്യുന്ന മൊത്ത വ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടാനും അന്നു തീരുമാനമെടുത്തിരുന്നു; അതും നടന്നില്ല. പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യം നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പച്ചക്കറിക്കടകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കടകളില്‍ അത്തരമൊരു പ്രദര്‍ശനം ഇതുവരെയുണ്ടായില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരുടേയും ആരോഗ്യവകുപ്പ് സെക്രട്ടറിമാരുടേയും യോഗം വിളിക്കാന്‍ കേന്ദ്ര ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുമെന്നതായിരുന്നു മറ്റൊരു തീരുമാനം. അതും ഒന്നുമായില്ല.
എന്നാല്‍, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് എടുത്ത ചില തീരുമാനങ്ങള്‍ കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നു. ഈ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റിയുണ്ടാക്കാനും അയല്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച ചെയ്യാനും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ പറഞ്ഞു. പച്ചക്കറികളിലെ വിഷസാന്നിധ്യം പരിശോധിക്കാനുള്ള രണ്ട് ആധുനിക യന്ത്രങ്ങള്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിച്ചു. തിരുവനന്തപുരത്തേയും എറണാകുളത്തേയും അനലറ്റിക്കല്‍ ലബോറട്ടറികളിലാണ് ഇവ സ്ഥാപിക്കുക. യന്ത്രം സ്ഥാപിക്കാന്‍ ഒരുമാസത്തെ സമയം വേണ്ടിവരും. യന്ത്രത്തിന്റെ സഹായത്തോടെ വിഷാംശത്തിന്റെ അളവ് നിശ്ചയിക്കാന്‍ വേണ്ട പരിശീലനം ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Source:http://www.mathrubhumi.com

No comments:

Post a Comment