Ads 468x60px

Wednesday, April 22, 2015

പഴകിയ ഭക്ഷണ സാധനങ്ങള്‍ക്ക് രൂപമാറ്റം വരുത്തി വില്‍പ്പന വ്യാപകം

കൊച്ചി: മിച്ചം വരുന്ന ആഹാരസാധനങ്ങള്‍ രൂപമാറ്റം വരുത്തി പിറ്റേദിവസം വില്‍ക്കുന്നത് മിക്ക കടകളിലും പതിവാണെന്ന് ജില്ലയില്‍ റെയ്ഡ് നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. എത്ര പഴകിയ സാധനവും രൂപമാറ്റം വരുത്തി ചൂടാക്കി വിളമ്പിക്കൊടുക്കാം എന്ന നിലപാടിലാണ് ഹോട്ടലുടമകളെന്നും ഇവര്‍ പറയുന്നു.
പഴകിയ ചോറ് ഇഡ്ഡലിയാകും, ബീഫ് കറി രണ്ടു ദിവസംകൊണ്ട് ബീഫ്‌ഫ്രൈയുംമാകും ചിക്കന്‍കറിയും മീന്‍കറിയുമൊക്കെ ഇങ്ങനെ വേഷം മാറി പുതിയ രൂപത്തിലെത്തുന്നത് പുതിയ സംഭവമൊന്നുമല്ല. പക്ഷേ, ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് വളരെ അപൂര്‍വമാണെന്നുമാത്രം. മിക്ക കടകളിലും പഴംപൊരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ് എത്ര പഴകിയാലും അത് മാറ്റാതെയാണ് ഉപയോഗിക്കുന്നത്. തീരുന്ന മുറയ്ക്ക് മാവിലേക്ക് വീണ്ടും മൈദ ചേര്‍ക്കുമെന്നല്ലാതെ അത് മാറ്റി പുതിയത് ഉണ്ടാക്കുന്ന പതിവില്ല.
ദിവസങ്ങള്‍ പഴകുമ്പോള്‍ മാവില്‍ കുറച്ച് സോഡാപ്പൊടി കൂടി ചേര്‍ക്കും. അതോടെ മാവ് വികസിച്ച് പഴംപൊരിക്ക് നല്ല വലിപ്പം തോന്നിപ്പിക്കുകയും ചെയ്യും. മാത്രമല്ല പുളിച്ചുതികട്ടിയ മാവിന്റെ ദുര്‍ഗന്ധം സോഡാപ്പൊടി ചേര്‍ക്കുമ്പോള്‍ പുറത്തറിയുകയുമില്ല.
ആഴ്ചകളോളം മാംസവും മീനുമൊക്കെ പല കടക്കാരും ഫ്രീസറില്‍ സൂക്ഷിക്കുന്നതായാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത്. മാംസം മൂന്നു മണിക്കൂറിലധികം തുറന്നുവെച്ചാല്‍ അത് പഴകുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വിലയിരുത്തല്‍. ഫ്രീസറിലാണ് സൂക്ഷിക്കുന്നതെങ്കിലും മീനിനും മാംസത്തിനും ഓരോ നിമിഷവും മാറ്റം വന്നുകൊണ്ടിരിക്കും.ഇത്തരത്തില്‍ പഴകിയ മാംസവും മീനുമൊക്കെ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളാണ് പല ഭക്ഷണശാലകളിലും തീന്‍മേശയില്‍ നിരത്തുന്നത്.
മാര്‍ദ്ദവം കിട്ടാന്‍ ഇഡ്ഡലിയില്‍ ചോറ് ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ പല ഹോട്ടലുകളിലും ഇതിന്റെ പേരില്‍ പഴകിയ ചോറാണ് ഇഡ്ഡലി മാവില്‍ ചേര്‍ക്കുന്നത്. ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് മിക്ക ഹോട്ടലുകളിലെയും ബേക്കറികളിലെയും രീതി.
പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമായ അജിനോമോട്ടോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്നത് നിരോധിച്ചിട്ടില്ലെങ്കിലും ഇത് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. രുചി കൂട്ടാമെന്ന ഒരേയൊരു ഗുണം മാറ്റി നിര്‍ത്തിയാല്‍ ദോഷങ്ങളുടെ വലിയൊരു പട്ടിക തന്നെ ഇതിനുണ്ട്. അജിനോമോട്ടോയുടെ ഉപയോഗം മൂലം ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തുമ്മല്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും മിക്ക ഹോട്ടലുകാരും അജിനോമോട്ടോ ഉപയോഗിച്ച് തന്നെയാണ് പാചകം ചെയ്യുന്നത്. ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ അനുവദനീയമായതിന്റെ പല മടങ്ങ് അജിനോമോട്ടോ ഉപയോഗിക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.
ഭക്ഷണത്തിലെ മായത്തേക്കാള്‍ പ്രശ്‌നമാണ് അത് പാചകം ചെയ്യുന്ന ഹോട്ടല്‍ തൊഴിലാളികളുടെ ജീവിതാന്തരീക്ഷം. കുറച്ചു നാളുകള്‍ക്ക് മുമ്പ് എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അവിടത്തെ ജോലിക്കാര്‍ ടൈഫോയ്ഡ് ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന ഹോട്ടലുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറേയുള്ളത്. ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി ജോലിക്കാരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന നിബന്ധന ഉണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ ആരും നോക്കാറില്ല. മിക്ക ഹോട്ടലുകളിലും പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ അഡ്രസ്സ് ഉള്‍പ്പെടെ വ്യക്തമായ ഒരു വിവരങ്ങളും ഉടമസ്ഥന്‍ സൂക്ഷിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തൊഴിലാളികളുടെ പേര് പോലും അറിയാത്തവരും ഇക്കൂട്ടത്തിലുണ്ടെന്ന് ചില ഉടമകള്‍ തുറന്നു സമ്മതിക്കുന്നുണ്ട്.
അന്യസംസ്ഥാനത്തുനിന്നും എത്തുന്ന സുനാമി ഇറച്ചിയാണ് ഹോട്ടലുകളില്‍ വിളമ്പുന്നവയിലേറെയും. മാട്ടിറച്ചിയുടെ പ്രധാന ഭാഗങ്ങള്‍ കയറ്റുമതിക്കായി ശേഖരിച്ചശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങളാണ് പ്രധാനമായും സുനാമി ഇറച്ചിയെന്ന നിലയില്‍ പേരില്‍ അറിയപ്പെടുന്നത്. ശരീരത്തിലെ പ്രധാന ഭാഗങ്ങളും ഇറച്ചിയും എടുത്ത ശേഷം മാടുകളുടെ ബാക്കി വരുന്ന തല, കരള്‍ ഭാഗങ്ങള്‍, കുടലുകള്‍ എന്നിവയാണ് കേരളത്തിലേക്ക് സുനാമി ഇറച്ചി എന്ന പേരില്‍ കയറ്റിവിടുന്നത്. കര്‍ണാടകത്തിനു പുറമെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് സുനാമി ഇറച്ചി കേരളത്തിലേക്ക് എത്തിക്കുന്നത്. മാംസ കയറ്റുമതി സ്ഥാപനങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞാണ് ഈ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്. ശരിയായ ശീതീകരണ സംവിധാനമില്ലാതെ കൊണ്ടുവരുന്ന ഈ മാംസം ആരോഗ്യത്തിനു ദോഷകരമാണ്. കിലോയ്ക്ക് 50 രൂപയ്ക്കാണ് കര്‍ണാടകയില്‍നിന്ന് സുനാമി ഇറച്ചി കേരളത്തിലെ ബേക്കറികളും ചില ബാറുകളും വാങ്ങുന്നത്. സുനാമി ഇറച്ചി അരച്ചെടുത്ത് പപ്‌സിലും കട്‌ലറ്റിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഹോട്ടലുകള്‍ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മാംസം വില്‍ക്കുകയാണ് ചെയ്യുന്നത്. സാധാരണ ഇറച്ചിക്കൊപ്പം ചേര്‍ത്തും വില്‍പന നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മിക്കയിടങ്ങളിലും തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് മലിനജലമൊഴുകുന്നതും ദുര്‍ഗന്ധപൂരിതവുമായ ഓടകളുടെ മുകളിലാണ്. രോഗാണുവാഹിനികളായ ഇത്തരം ഇടങ്ങളില്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതു കര്‍ശനമായും തടയുകതന്നെവേണം. . പാത്രങ്ങള്‍ ഒരുതവണ കഴുകിയ വെള്ളത്തില്‍തന്നെ വീണ്ടും വീണ്ടും കഴുകുന്നത് മിക്ക തട്ടുകടകളിലും കാണാവുന്ന ദൃശ്യമാണ്. കുടിവെള്ളമായി തട്ടുകടകളില്‍ നല്‍കുന്ന വെള്ളത്തിന്റെ ശുദ്ധി എത്രയെന്നോ ഈ വെള്ളം എവിടെനിന്നു ശേഖരിക്കുന്നുവെന്നോ ആര്‍ക്കുമറിയില്ല. ഇത്തരം വെള്ളം മതിയായ രീതിയില്‍ തിളപ്പിച്ചാറ്റിയല്ല നല്‍കുന്നത്. ജലജന്യരോഗങ്ങള്‍ പടര്‍ത്താന്‍ ഈ സാഹചര്യങ്ങള്‍ കാരണമാകുന്നതുകൊണ്ട് ഇക്കാര്യത്തില്‍ മതിയായ പരിശോധനയും കടുത്ത നിയന്ത്രണവും ആവശ്യമുണ്ട്. രാത്രി മുഴുവന്‍ തട്ടുകടയില്‍ ഉപയോഗിക്കുന്ന മേശയും മറ്റുപകരണങ്ങളും ഉപയോഗശേഷം യാതൊരു വൃത്തിയുമില്ലാത്ത സ്ഥലങ്ങളിലാണ് നിക്ഷേപിക്കുന്നത്. പിറ്റേദിവസം വീണ്ടുമെടുത്ത് ഇത് ഉപയോഗിക്കുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കടുത്ത നിയന്ത്രണമുണ്ടാവണം.
തട്ടുകടകളില്‍ ജോലി ചെയ്യുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നും തലയില്‍ നെറ്റ് തൊപ്പികള്‍ ധരിക്കണമെന്നതും നിര്‍ബന്ധമാക്കണം.

No comments:

Post a Comment