Ads 468x60px

Thursday, October 15, 2015

നിലവാരമില്ല, പക്ഷേ ഹാനീകരമല്ല; നിറപറ നിരോധനം നീക്കിയതില്‍ വ്യാപക പ്രതിഷേധം

Source:http://www.azhimukham.com/news

പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ നിറപറയുടെ കറിപ്പൊടി നിരോധിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ വാര്‍ത്ത വ്യാപകമായ പ്രതിഷേധമേറ്റുവാങ്ങുകയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി വി അനുപമയ്‌ക്കെതിരെ നിറപറ അമ്പതുകോടിയുടെ മാനനഷ്ടക്കേസ് സമര്‍പ്പിക്കാന്‍ നീങ്ങുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്
നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം എന്നിവയാണ് സെപ്തംബര്‍ മാസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ഷോപ്പുകളില്‍ നിന്നും സംഭരണശാലകളില്‍ നിന്നും പ്രസ്തുത ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുകയും നശിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്  നടപടി എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ നടപടിയാണ്  ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഫ് റദ്ദാക്കിയത്. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് നിറപറ ഉത്പാദിപ്പിക്കുന്നതെന്നു വ്യക്തമായെങ്കിലും  അത് മനുഷ്യജീവന് ഹാനീകരമാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന ന്യായമാണ് പ്രധാനമായി കോടതി ഉയര്‍ത്തുന്നത്. കൂടാതെ നിറപറ കമ്പനിക്ക് പിഴവുകള്‍ തിരുത്താനുള്ള സമയം അനുവദിച്ചില്ലെന്നും അവരുടെ ഭാഗം കേട്ടില്ലെന്നുമുള്ള വാദവും കോടതി അംഗീകരിക്കുകയുണ്ടായി. ആരോഗ്യത്തിനു ദോഷകരമെന്നു കണ്ടാൽ മാത്രമേ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ 34–ാം വകുപ്പു പ്രകാരമുള്ള അധികാരമുപയോഗിച്ചു ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.  എന്നാല്‍ നിറപറയുടെ ഉൽപന്നങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്താത്ത നിലയ്ക്ക് കമ്മിഷണറുടെ നിരോധനം അധികാരപരിധിക്കു പുറത്താണെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.

രണ്ടു കാര്യങ്ങളാണ് കോടതി നടത്തിയ ഇടപെടലിനെതിരെ വിദഗ്ധര്‍ ഉന്നയിക്കുന്നത്.

ഒന്ന്, എഫ്എസ്എസ് ആക്റ്റ്‌ 2006 പ്രകാരമാണ് നിറപറയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളത്‌. എന്നാല്‍3/9/2015 ല്‍ കമ്മിഷണര്‍ പുറത്തിറക്കിയ രേഖയില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. അതിനു സ്വീകരിച്ച നടപടിക്രമങ്ങളും രേഖയിലുണ്ട്. ആക്റ്റിലെ 18(1)(എ), 26(2)(2), 27(1),  29(3), 30(2)(ഡി), 36(3)(ബി), 46(4), 47(1), 49 എന്നീ വകുപ്പുകളാണ് നടപടിക്ക് ആധാരമാക്കിയിരിക്കുന്നത്.

രണ്ട്, നിറപറയിലെ മായത്തെ സംബന്ധിച്ചുള്ള പിഴവുകള്‍ പരിഹരിക്കാനുള്ള സമയം വളരെ നാളുകള്‍ക്കു മുന്‍പു തന്നെ നല്കിയിട്ടുണ്ട് എന്നുള്ളതാണ്.

നിറപറയുടെ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സ്റ്റാര്‍ച്ചിന്റെ (അന്നജം) അംശം ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയത്. നിറപറയുടെ പൊടികളില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് ചേര്‍ത്തിട്ടുള്ളതായി കമ്മീഷണര്‍ അനുപമ ഐഎഎസിന്‍റെ നേത്രുത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ നിന്നും നിറപറ ഉല്‍പ്പന്നങ്ങളിലെ മായം സംബന്ധിച്ചുള്ള 34 പരാതികള്‍ കമ്മീഷണര്‍ക്കു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായ പരിശോധനകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആരംഭിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ റീജണല്‍ ലാബുകളിലും സ്പൈസസ് ബോര്‍ഡിന്‍റെ ലാബുകളിലും നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കമ്മീഷണര്‍ ഈ വിവരം സ്ഥിരീകരിച്ചതും നടപടി സ്വീകരിച്ചതും. ആദ്യ പടിയായി ഇമെയില്‍ വഴി ഓര്‍ഡര്‍ അയക്കുകയായിരുന്നു. എന്നാല്‍ നിറപറ കമ്പനി അതു ലഭിച്ചിട്ടില്ല എന്നുള്ള നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് പിന്നീട് കത്തു നല്‍കുകയായിരുന്നു.

നിറപറയുടെ മേല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നടപ്പിലാക്കിയ നിരോധനം ചെയ്യേണ്ട നടപടികള്‍ എല്ലാം പാലിച്ചാണ് ചെയ്തിരിക്കുന്നത് എന്നുറപ്പാക്കുകയാണ് കോടതിയുടെ കര്‍ത്തവ്യം എന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ പറയുന്നു. "നടപടിക്രമങ്ങളില്‍ പാളിച്ച വന്നിട്ടുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടുവാനും കോടതിക്ക് അധികാരമുണ്ട്. നിറപറയുടെ ഭാഗം കേള്‍ക്കാതെയാണ് കമ്മീഷണര്‍ നടപടി എടുത്തിരിക്കുന്നതെങ്കില്‍ അതു കൂടി പരിഗണിച്ചു കൊണ്ട് പുനര്‍നടപടികള്കള്‍ എടുക്കണമെന്ന് ഡിമാന്‍ഡ് ചെയ്യാനേ സാധാരണ ഗതിയില്‍ കോടതിക്കു കഴിയൂ. ഈ കേസിന്‍റെ മെറിറ്റില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. ആ നടപടി ജുഡീഷ്യല്‍ ഓവര്‍ റീച്ച് ആയി കണക്കാക്കാം. ഹൈക്കോടതിയോടുള്ള ബഹുമാനം പോകുന്ന വിധിയാണിത്. ആ തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍ സാധിക്കും." അദ്ദേഹം പറഞ്ഞു.


എന്നാല്‍ നിറപറ കമ്പനിക്കു തങ്ങളുടെ ഭാഗത്തെ തെറ്റു തിരുത്താനുള്ള സമയം നല്‍കി എന്നുള്ളതിനും തെളിവുകള്‍ കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ തന്നെയുണ്ട്.

നിറപറ കറിപ്പൊടികളില്‍ മായമുണ്ടെന്ന പരാതി ആദ്യമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2013 സെപ്തംബര്‍ ഒന്‍പതിനാണ്, ആ കേസിന് പിഴയായി അടച്ചിരിക്കുന്നത് 25000രൂപയാണ്. 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ അവസാനത്തേത് 7/8/2015 നും. ഇന്നുവരെ ഈ കേസുകളില്‍ ആകെ പിഴയായി നിറപറ അടച്ചിരിക്കുന്നത് 20,25,000 രൂപയാണ്. കണ്ണൂരില്‍ നാലു കേസുകളാണ് ഒരേ കുറ്റത്തിന് നിറപറയ്ക്കെതിരെയുള്ളത്. പതിനഞ്ചു ലക്ഷം രൂപയാണ് കണ്ണൂരില്‍ മാത്രം അവര്‍ പിഴയായി അടച്ചിരിക്കുന്നത്.  അതില്‍ മൂന്നെണ്ണത്തിന് അവര്‍ പിഴയൊടുക്കുകയും ചെയ്തു. പല ജില്ലകളിലും തുടരെ കേസുകള്‍ വന്നിട്ടും മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ മാറ്റുവാനോ  പിഴവുകള്‍ തിരുത്തുവാനോ അവര്‍ ശ്രമിച്ചിട്ടില്ല എന്നുള്ളത്തി അതില്‍ നിന്നു തന്നെ വ്യക്തമാണ്‌. തിരുത്താന്‍ ആവശ്യമായ സമയം ലഭിച്ചില്ല വാദം അതോടെ  പൊളിയുകയാണ്.


ഭക്ഷ്യ സുരക്ഷാ ബില്ലിലെ ചില പഴുതുകളാണ് ഇങ്ങനെ ഒരു പ്രശ്നത്തിനു കാരണം എന്ന് കരുതേണ്ടിയിരിക്കുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ പറയുന്നു.

“ആബ്സോല്യൂട്ലി ഹസാര്‍ഡസ് എന്ന നിര്‍വ്വചനം നല്‍കിയിരിക്കുന്നത് കൊണ്ട് മായം ഉള്ളത് ഇല്ലാതാവുന്നില്ല. വേണ്ടിയിരുന്നത് ഇപ്പോള്‍ ഉള്ള നിരോധനം പിന്‍വലിക്കാതെ പിഴവുകള്‍ പരിഹരിച്ച് ഉല്‍പ്പന്നം പുറത്തിറക്കാന്‍ അനുമതി നല്‍കുക എന്നുള്ള നടപടിയായിരുന്നു. അതിനുപകരം ഇതില്‍ മായമുണ്ട് പക്ഷേ  ഹാനികരമല്ല എന്നുള്ള വിശദീകരണം തികച്ചും അര്‍ത്ഥശൂന്യമാണ്. ആരോഗ്യത്തിനു ഹാനികരമാണോ അല്ലയോ എന്നുള്ളതല്ല കാര്യം. ചേര്‍ക്കാന്‍ പാടില്ലാത്തത് ചേര്‍ത്തോ എന്നുള്ളതാണ്.
ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരം ലഭ്യമാകുന്നത് വകുപ്പ് പുറത്തിറക്കിയ നിയമങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം എന്നുള്ള ഉറപ്പിന്മേലാണ്. അംഗീകാരം ലഭിച്ചതിനു ശേഷം ഇത്തരം നടപടികള്‍ അവര്‍ നടത്തുകയാണെങ്കില്‍ അതിനര്‍ത്ഥം അവര്‍  നിയമങ്ങള്‍ പാലിക്കുന്നില്ല എന്നു തന്നെയാണ്. അപ്പോള്‍ തന്നെ അവരുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം കമ്മീഷണര്‍ക്ക്‌ ഉള്ളതായി ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്റ്റ്‌ 2006 പറയുന്നുണ്ട്.
സമാനമായ നടപടി തന്നെയാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളോട് സ്വീകരിക്കുന്നത്. പിഴവുകള്‍ കണ്ടെത്തുമ്പോള്‍  പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും അതു തിരുത്തുമ്പോള്‍ പരിശോധന നടത്തി പ്രവര്‍ത്തനം ആരംഭിക്കാനുള്ള അനുമതി നല്‍കുകയാണ് ചെയ്യുക. ഇവിടെയും അതേ നിയമം തന്നെയാണ് കമ്മീഷണര്‍ നടപ്പിലാക്കിയിരിക്കുന്നത്.” ശ്രീധര്‍ രാധാകൃഷ്ണന്‍ പറയുന്നു.

കോടതിവിധിയെ വകുപ്പുതല നിയമവിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍ ടിവി അനുപമ ഐഎഎസ് അഴിമുഖത്തോട് പറഞ്ഞു. ഇപ്പോള്‍ ദല്‍ഹിയിലുള്ള അവര്‍ ഇന്ന് കേരളത്തിലെത്തും. നിയമവിദഗ്ധരുമായുള്ള ചര്‍ച്ചയ്ക്കു ശേഷമേ തീരുമാനമുണ്ടാവൂ എന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

No comments:

Post a Comment