Ads 468x60px

Monday, April 9, 2012

മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ല

        ഇറച്ചിയിലെ മായത്തിന്റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും. കശാപ്പുചെയ്യുമ്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30% അധികം തൂക്കമുണ്ടാകും.ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു.ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിച്ചെടുത്തിരുന്നു. വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു.
പോത്ത് വരുന്ന വഴി
ആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം. ഭക്ഷ്യവസ്തുക്കളില്‍  ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍  ഒന്നും നടക്കുന്നില്ലെന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്.
ആന്ധ്രയില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് ഉരുവിനെ കടത്തുമ്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുമ്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്റെ കാതില്‍ 'കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല.പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഓരോ അറവുമാടിന്റെയും ശരീരം. ക്ഷയവും ബ്രൂസല്ലോസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു.


മീന്‍: കീടനാശിനി മുതല്‍ ഫോര്‍മാലിന്‍ വരെ
വില്‍പനയ്ക്കു വച്ച മീന്‍ അഴുകാതിരിക്കാനും ഈച്ച വരാതിരിക്കാനും കീടനാശിനി സ്‌പ്രേ ചെയ്യുന്നതു വ്യാപകമാണ്. ഈച്ച, പാറ്റ തുടങ്ങിയവയെ കൊല്ലാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്‌പ്രേയാണു പലയിടത്തും ഉപയോഗിക്കുന്നത്. ഈയിടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും വൈക്കത്തും കീടനാശിനി തളിച്ചു മീന്‍ വില്‍ക്കുന്നതു നാട്ടുകാര്‍ പിടികൂടിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്നതിനിടെ ദേഹത്തുവീണാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ചു പലവട്ടം കഴുകണമെന്നു മുന്നറിയിപ്പുള്ള കീടനാശിനിയാണ് ഇടയ്ക്കിടെ മീനില്‍ തളിച്ചുകൊണ്ടിരുന്നത്.

തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍ക്കുന്ന മീനില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു മത്തി, കൊഴിയാള, അയല, പനഞ്ചാള തുടങ്ങിയ മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ ഫോര്‍മാലിന്റെ മണം സഹിക്കാന്‍ വയ്യാതെ പലവട്ടം തിരിച്ചുകൊടുത്തിട്ടുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് പറയുന്നു.

ഉണക്കമീനിലും വിഷം
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പരീക്ഷണത്തിനായി ഈച്ചകളെ പിടിക്കാന്‍ മല്‍സ്യം ഉണക്കുന്ന മേഖലയില്‍ പോയ കഥയും ജാഫര്‍ പാലോട്ട് പങ്കുവയ്ക്കുന്നു. ആ പ്രദേശത്തെ ഈച്ചകളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോഴാണു മല്‍സ്യത്തൊഴിലാളികള്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ഈച്ച വരാതിരിക്കാന്‍ മല്‍സ്യം ഉണക്കുന്ന സ്ഥലത്ത് ആദ്യം കീടനാശിനി തളിക്കും. ആ കീടനാശിനിയില്‍ ഉണങ്ങിയ മീനാണു നമ്മള്‍ വറുത്തുകഴിക്കുന്നത്.

മുട്ടക്കോഴിക്കു ഹോര്‍മോണ്‍
മുട്ടക്കോഴിയില്‍ ഹോര്‍മോണ്‍ കുത്തിവച്ചു വന്‍തോതില്‍ മുട്ട ഉല്‍പാദനം നടത്തുന്നതു തമിഴ്‌നാട്ടിലെയും മറ്റും ഫാമുകളില്‍ പതിവാണ്. 365 ദിവസം കൊണ്ടു 303നും 310നും ഇടയില്‍ മുട്ട എന്നാണ് ഇവരുടെ കണക്ക്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇതിനെ ബ്രോയിലര്‍ ഫാമിലേക്കു മാറ്റി ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്നു. ഇത്തരം കോഴികള്‍ ഓവറി ട്യൂമര്‍ വന്നു ചാകുന്നതു പതിവാണ് ഇവിടങ്ങളില്‍. ഇറച്ചിക്കോഴി വേണോ മുട്ടക്കോഴി വേണോ എന്നു ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുതന്നെ ഉപഭോക്താക്കളോടു ചോദിക്കാറുണ്ട്. 

അപകടകാരിയായി ബ്രോസ്റ്റ്
കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടവിഭവമായി ബ്രോസ്റ്റ് ചിക്കന്‍ മാറിയിരിക്കുന്നു. ബ്രോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ പൗഡര്‍ ഇപ്പോള്‍ വിപണിയില്‍ പരക്കെയുണ്ട്. ഈ പൗഡറിന്റെ സാംപിള്‍ കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എംഎസ്ജി (മോണോ സോഡിയം ഗ്ലൂക്കോമേറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എംഎസ്ജി അടങ്ങിയ ഭക്ഷണം ഗര്‍ഭിണികളും കുട്ടികളും കഴിക്കാന്‍ പാടില്ല. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് എംഎസ്ജി.

നിയമം കര്‍ശനം; പക്ഷേ...
ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യജീവനു ഹാനികരമാകുന്ന മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ള ഭക്ഷ്യസുരക്ഷാ നിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടും അനുബന്ധ ചട്ടങ്ങളും) സംസ്ഥാനത്തു നിലവില്‍ വന്നിട്ടു വര്‍ഷം ഒന്നാകാറായി. കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചു 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തു ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഫുഡ് സേഫ്റ്റി അപ്‌ലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുമെന്നും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ബന്ധിത റജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ അധികാരം ആര്‍ഡിഒയ്ക്ക് നല്‍കണോ എഡിഎമ്മിനു നല്‍കണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രൈബ്യൂണലാണെങ്കില്‍ ഒന്നുമായിട്ടില്ല.

വ്യാപാരികള്‍ക്കു ലൈസന്‍സ് നല്‍കണമെങ്കിലും അവരെ സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ ഒന്നുമില്ല. ലൈസന്‍സ് എടുക്കാന്‍ 2000 രൂപ ഫീസ് നിശ്ചയിച്ചതിനെ വ്യാപാരികള്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും തല്‍ക്കാലം നൂറുരൂപ അടച്ചു റജിസ്‌ട്രേഷന്‍ എടുക്കാനും കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ വിളിച്ച യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിയമത്തിന്റെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പഴവര്‍ഗങ്ങളിലെ മായം പരിശോധിക്കുമെന്നും പാലിലെ മായം പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലാബ് ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.

മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ല
രണ്ടുവര്‍ഷ കാലയളവില്‍ എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കു ലഭിച്ച ഭക്ഷ്യസാംപിളുകള്‍ 9037 ആണ്. ഇതില്‍ 303 സാംപിളുകളില്‍ മാരകമായ തോതില്‍ മായം കണ്ടെത്തിയതായി റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായം കണ്ടെത്തിയ സാംപിളുകളില്‍ 131 എണ്ണം പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് പ്രകാരം പരിശോധനയ്ക്കു നല്‍കിയവയാണ്. 172 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണു പുതിയ നിയമത്തിന്റെ 'ഗുണം.

മലപ്പുറത്തു നിന്നു ഫെബ്രുവരി 23നു വാങ്ങിയ പാക്കറ്റ് തൈരില്‍ യഥാര്‍ഥ തൈരിനു വേണ്ട ഘടകങ്ങളില്ലെന്നു സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പേരോ ലേബലോ ഒന്നുമില്ലാതെ വെറും കവറില്‍ കെട്ടിയാണു തൈരു ലഭിച്ചത്. ഈ സാംപിളില്‍ പാല്‍ കൊഴുപ്പ് 0.5% മാത്രമായിരുന്നു. വഴുതനങ്ങയിലും കാബേജിലും ഓര്‍ഗാനോക്ലോറോ എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങളും ലാബ് പരിശോധനയില്‍ കണ്ടെത്തി.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളില്‍ 270 എണ്ണത്തില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്നു വിവരാവകാശനിയമ പ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ഓര്‍ക്കുക - പരിശോധനയ്ക്കു ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും എന്തു നടപടിയെടുത്തു എന്നുമാത്രം ചോദിക്കരുത്; ഒന്നും ചെയ്തിട്ടില്ല. 

ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍
കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന പരിശോധനകളുടെ ഫലം വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതിലെ വിശദാംശങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഉഴുന്നിനു തിളക്കം കിട്ടാന്‍ മുഖത്തിടുന്ന ടാല്‍ക്കം പൗഡര്‍, ബിരിയാണി ആകര്‍ഷകമാക്കാന്‍ കൃത്രിമനിറം, പത്രത്തിന്റെ പേജുകള്‍ ചേര്‍ത്തു ബേക്ക് ചെയ്ത കേക്ക്, പുതിനച്ചമ്മന്തിക്കു പച്ചകൂട്ടാന്‍ കൃത്രിമ നിറം, കൃത്രിമമധുരം ചേര്‍ത്തതും ഫാറ്റ് കുറഞ്ഞതുമായ ഐസ്‌ക്രീമുകള്‍, ചെറുതേനില്‍ കൃത്രിമനിറവും കൃത്രിമമധുരമായ സുക്രോസും അരിയിലും ബംഗാള്‍ പരിപ്പിലും യൂറിക് ആസിഡ്, എള്ളെണ്ണയില്‍ തവിടെണ്ണ, ഗുണനിലവാരമില്ലാത്ത കൃത്രിമ നെയ്യ്, മായം ചേര്‍ത്ത വെളിച്ചെണ്ണ തുടങ്ങിയവയാണു പട്ടികയിലുള്ളത്. പലയിടങ്ങളില്‍ നിന്നു പല സമയത്തായി ശേഖരിച്ച സാംപിളുകളില്‍ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയത് ഇതിനു പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ്. 

ചിക്കന്‍ - വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ കബാബ്, ചായപ്പൊടി, നേന്ത്രക്കായ - ചക്ക - കപ്പ - ഉരുളക്കിഴങ്ങ് ചിപ്‌സുകള്‍, വീല്‍ മിഠായി, ചെറുപയര്‍ പരിപ്പ്, തന്തൂരി ചിക്കന്‍, റാഗി, ഹെല്‍ത്ത്മിക്‌സ് ധാന്യപ്പൊടി, തുവരപ്പരിപ്പ്, പച്ചമുളക് - തക്കാളി സോസുകള്‍, അച്ചാറുകള്‍, റാഗി, കപ്പ ചിപ്‌സ്, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ചിക്കന്‍ മസാല, ബ്രോസ്റ്റ് പൗഡര്‍, കടലപ്പൊടി, മുത്താറി തുടങ്ങിയവയുടെ സാംപിളുകളില്‍ കൃത്രിമനിറങ്ങള്‍ കണ്ടെത്തി. തൂക്കം കൂട്ടാനും മായം ചേര്‍ക്കുന്നുണ്ടെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. മഞ്ഞപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതമ്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയില്‍ മണലും കുരുമുളകു പൊടിയില്‍ അരിപ്പൊടിയും കപ്പപ്പൊടിയും കണ്ടെത്തി.

പഴുതുകള്‍ ഒട്ടേറെ
പല ബ്രാന്‍ഡുകളുടെയും തൈരിന്റെ പാക്കറ്റില്‍ തൈര് എന്നു കാണാറില്ല. അങ്ങനെ എഴുതിയാല്‍ നിയമപ്രകാരം ഒട്ടേറെ ഗുണമേന്മാ നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതൊഴിവാക്കാന്‍ കട്ടിമോര് എന്നാണു ചിലരൊക്കെ കവറിനു പുറത്തെഴുതുന്നത്. കട്ടിമോര് എന്ന വാക്കു നിയമത്തില്‍ എവിടെയുമില്ലാത്തതിനാല്‍ മായം ചേര്‍ത്താലും നടപടിയില്‍ നിന്നു രക്ഷപ്പെടാം. നിയമത്തിലെ ഒരു തമാശ - ഒരു ചാക്ക് അരിയില്‍ 10 എലി വിസര്‍ജ്യം വരെ അനുവദനീയമാണ്. 11-ാമത്തെ വിസര്‍ജ്യം കണ്ടെത്തിയാല്‍ മാത്രമേ നടപടിയെടുക്കാനാകൂ.

No comments:

Post a Comment